തിരുവനനന്തപുരം: കിസ് ഓഫ് ലവ് എന്ന പേരിൽ നടത്തിയ പരിപാടിക്ക് മാദ്ധ്യമങ്ങൾ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. സോളാർ കേസിലൂടെ താരമായ സരിതയാകട്ടെ ഒരു വർഷത്തിലധികമായി മാദ്ധ്യമങ്ങളുടെ പ്രിയങ്കരിയാണ്. ഇങ്ങനെ സോളാർ സരിതയെയും ചുംബന സമരക്കാരെയും മതിയോ മാദ്ധ്യമങ്ങൾക്ക്? ഈ പാവം നഴ്‌സിങ് വിദ്യാർത്ഥിയുടെ ജീവന് യാതൊരു വിലയുമില്ലേ..? ചോദിക്കുന്നത് സോഷ്യൽ മീഡിയ തന്നെയാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് നഴ്‌സിങ് വിദ്യാർത്ഥി റോജി റോയി വീണുമരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ അനുദിനം പ്രതിഷേധം ഉയരുന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ അതിശക്തമായ രീതിയിയാണ് ഫേസ്ബൂക്ക് അടക്കമുള്ള നവമധ്യമങ്ങളിലൂടെ റോജിക്കായി മുറവിളികൾ ഉയരുന്നത്.

കൊല്ലം സ്വദേശിനി റോജി റോയ് മരിച്ച സംഭവത്തിൽ റോജി റോയിയുടെ പേരിൽ ഫേസ്‌ബുക്ക് കമ്മ്യൂണിറ്റി പേജ് ആരംഭിച്ചിരുന്നു. ഈ ഫേസ്‌ബുക്ക് പേജിലൂടെ തുടങ്ങിയ പ്രതിഷേധം ഓൺലൈൻ ലോകത്ത് മുഴുവൻ വ്യാപിക്കുകയാണ്. റോജി റോയിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ചുംബന സമരത്തിനും സോളാർ വിവാദത്തിനും മാദ്ധ്യമങ്ങൾ നൽകിയ പ്രാധാന്യം റോജിയുടെ മരണവാർത്തയിൽ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് മാദ്ധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ ശക്മായ വിമർശനം ഉയരുന്നുണ്ട്. ഫേസ്‌ബുക്കിൽ ഇതുവരെ ഉയരാത്ത വിധം രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. മലയാള മാദ്ധ്യമങ്ങളുടെ വാർത്താ ലിങ്കുകളുടെ കമന്റ് ബോക്‌സിൽ റോജിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്.

അനീതിക്ക് എതിരെ പടവാളോങ്ങാൻ , അണിചേരുക ,സ്വാശ്രയ കോർപ്പറേറ്റ് ഭീഷണിക്ക് മുന്നിൽ നിസഹായരായിപ്പോയ മാദ്ധ്യമങ്ങൾ പിന്തള്ളിയ റോജി റോയ് എന്ന പത്തൊമ്പതുകാരിയെ സോഷ്യൽ മീഡിയക്ക് മുന്നിൽ വയ്ക്കുകയാണ്. മിണ്ടാനും കേൾക്കാനും കഴിയാത്ത അച്ഛന്റെയും അമ്മയുടെയും നാവായി മാറാൻ നിങ്ങളെ ക്ഷണിക്കുന്നു എന്ന വിവരണത്തോടെയാണ് പേജ് സൃഷ്ടിച്ചിരിക്കുന്നത്. നവംബർ 11ന് സൃഷ്ടിച്ച പേജ് ഇതിനകം പതിനെണ്ണായിരത്തിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേജിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേജിലും അന്വേഷണം ആവശ്യപ്പട്ടുള്ള കമന്റുകളുണ്ട്. ഫേസ്‌ബുക്കിലെ ആയിരക്കണക്കിന് പ്രഫെലുകൾ റോജിയുടെ ചിത്രം പ്രെഫൈൽ ചിത്രമാക്കിയും പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം നല്ലില പുതിയിൽ റോബിൻ ഭവനിൽ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളാണ് റോജി റോയി. ഈ മാസം ആറാം തീയതിയാണ് റോജിയെ കിംസ് ആശുപത്രിയിലെ പത്താം നിലയിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. റോജി ചാടി മരിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജുണിയർ വിദ്യാർത്ഥിനിയെ റാഗ് ചെയ്‌തെന്ന പരാതിയിൽ വിശദീകരണം തേടിയതിനെ തുടർന്ന് റോജി ആത്മഹത്യ ചെയ്‌തെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ ആശുപത്രി അധികൃതരുടെ വാദം വിശ്വാസ യോഗ്യമല്ലെന്നും റോജി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു.

കിംസ് ആശുപത്രിയിൽ നിന്നും റോജി വീണു മരിച്ച സംഭനത്തിൽ ആശുപത്രിയുടെ പേരു പറയാതെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടയാണ് ഓൺലൈൻ ലോകത്തേക്ക് പ്രതിഷേധം പടർന്നത്. ഇതോടെ മാദ്ധ്യമങ്ങൾ മോശക്കാരാണെന്ന വിധത്തിലാണ് ഓൺലൈൻ ലോകത്ത് പ്രചരണം നടന്നത്. റോജി റോയിയെ ആരെങ്കിലും ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് പിടിച്ചു തള്ളിയതാകാമെന്നാണ് ബന്ധുക്കളുടെ വാദം. കേൾവിയും സംസാര ശേഷിയുമില്ലാത്ത അച്ഛന്റേയും അമ്മയുടേയും മകളായ റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവർ തറപ്പിച്ച് പറയുന്നു.

റോജിയുടെ സംസ്‌കാരത്തിന് കോളേജിൽ നിന്ന് ആരുമെത്താത്തത് എന്തുകൊണ്ടാണെന്നും ബന്ധുക്കൾ ചോദിച്ചിരുന്നു. റോജിയുടെ ദുരന്ത ശേഷം പ്രിൻസിപ്പൾ ലീവെടുത്തു പോയി. റോജിയുടെ ബന്ധുക്കളോട് സംസാരിക്കുന്നതിൽ നിന്ന് സഹപാഠികളേയും വിലക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. വീഴ്ചയിൽ തന്നെ റോജിക്ക് മരണം സംഭവിച്ചിരുന്നുവെങ്കിലും ആറു മണിക്കൂർ കഴിഞ്ഞാണ് കിംസ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. എന്തിന് ഇത്ര കാലതാമസം കാണിച്ചുവെന്നാണ് മറ്റൊരു സംശയം. മരണ ശേഷം കൃത്രിമ രേഖയുണ്ടാക്കാനാകാം ഈ കാലതാമസമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റൊരു ആരോപണം.

പ്രതിഷേധം ശക്തമായ തോടെ ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളിൽ നിന്നും ആശുപത്രി അധികൃതരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും സോഷ്യൽ മീഡിയയിലെ പ്രതിഷേധം അടങ്ങിയിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. ഇപ്പോഴും ഫേസ്‌ബുക്കിലൂടെ വ്യാപകമായ പ്രതിഷേധമാണ് റോജിക്ക് വേണ്ടി ഉയർത്തുന്നത്.