ദോഹ: റംസാൻ തിരക്ക് ഏറിയതോടെ പാർട്ട് ടൈം ഗാർഹിക തൊഴിലാളികൾക്കുള്ള ആവശ്യകതയും വർധിച്ചതായി റിപ്പോർട്ട്. നോമ്പു തുറയും മറ്റുമായി വീട്ടു ജോലികൾ പതിവിലേറെ വരുന്നതിനാലാണ് വീട്ടുവേലക്കാരികൾക്കുള്ള ഡിമാൻഡ് ഇക്കാലയളവിൽ വർധിക്കുന്നത്.

റംസാൻ മാസത്തിൽ സാധാരണയായി മണിക്കൂർ വേതനം കണക്കാക്കിയാണ് കുടുംബങ്ങൾ ഗാർഹിക തൊഴിലാളികളെ നിയമിക്കുക. അതേസമയം ഗാർഹിക തൊഴിലാളികൾക്കുള്ള ഡിമാൻഡ് വർധിച്ചതോടെ ഇക്കൂട്ടരെ വിതരണം ചെയ്യുന്ന ഏജൻസികൾ കുത്തനെ നിരക്ക് വർധിച്ചതായും പറയപ്പെടുന്നു. റംസാൻ മാസത്തിൽ മണിക്കൂറിന് ഒരു വീട്ടുവേലക്കാരിക്ക് കൊടുക്കേണ്ടി വരിക 40 റിയാൽ മുതൽ 70 റിയാൽ വരെയാണ്. എന്നാൽ സാധാരണ ദിവസങ്ങളിൽ ഏകദേശം 25 റിയാൽ എന്ന നിരക്കാണ് റംസാനിൽ കുത്തനെ ഉയരുന്നത്.

ഫുൾ ടൈം ഗാർഹിക തൊഴിലാളിയെ നിയമിക്കുന്നതിനു പകരം റംസാൻ മാസത്തിൽ പാർട്ട് ടൈം ആളെ നിയമിക്കുകയാണതാണ് ലാഭമെന്നതിനാലാണ് കുടുംബങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ഫുൾ ടൈം ഗാർഹിക തൊഴിലാളിയെ നിയമിക്കുന്നതിന് ഒട്ടേറെ നൂലാമാലകൾ ഉള്ളതും ഇത്തരത്തിൽ പാർട്ട് ടൈം വേലക്കാരെ ആശ്രയിക്കാൻ കുടുംബങ്ങളെ നിർബന്ധിതരാക്കുകയാണ്.