കൊച്ചി: നരേന്ദ്ര മോദിയുടെ വിദേശയാത്രകൾ മാദ്ധ്യമങ്ങൾക്ക് എന്നും ആഘോഷമാണ്. വാർത്തകളുടെയും തൽസമയ സംപ്രേഷണത്തിന്റെയും രൂപത്തിൽ ദേശീയ ചാനലുകൾ മോദിയുടെ സഞ്ചാരം വാർത്തയാക്കുമ്പോൾ മലയാളം ചാനലുകൾ ചർച്ചകൾ കൊണ്ടും സജീവമാക്കാറുണ്ട്. ഇത്തവണത്തെ അമേരിക്കൻ സന്ദർശനത്തിലവസാനിച്ച വിദേശയാത്രയും വ്യത്യസ്തമല്ല. എന്നാൽ സാധാരണ വാർത്തയ്ക്കപ്പുറത്ത് ആക്ഷേപഹാസ്യപരിപാടികളാണ് ഫേസ്‌ബുക്ക് ഓഫീസിൽ തുടങ്ങി ഒബാമയുമായുള്ള കൂടിക്കാഴ്ചയിലവസാനിച്ച മോദീയാത്ര ആഘോഷമാക്കിയത്.

പ്രതിദിന സറ്റയർ പരിപാടികൾ മലയാളത്തിലെ എല്ലാ ടെലിവിഷൻ ചാനലുകളിലും സംപ്രേഷണം ചെയ്യാൻ തുടങ്ങിയതോടെ മോദിയുടെ യാത്രയെ കളിയാക്കുന്നതിൽ വൻ മൽസരമാണ് കാണാൻ കഴിഞ്ഞത്. ഏഷ്യാനെറ്റിൽ ചിത്രം വിചിത്രം, മാതൃഭൂമിയിൽ വക്രദൃഷ്ടി, പീപ്പിളിൽ കോക് ടെയിൽ, റിപ്പോർട്ടറിൽ ഡെമോക്രെയ്‌സി മുതലായ സറ്റയർ പരിപാടികളിലെല്ലാം മോദി നിറഞ്ഞുനിന്നു.

സറ്റയർ പരിപാടികളെല്ലാം പതിവ് പോലെ വിമർശനാത്മകമായാണ് മോദിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ അസാധാരണമായ ഊരുചുറ്റൽ എന്ന കാഴ്ചപ്പാടോടെയാണ് സറ്റയർ പരിപടിക്കാരെല്ലാം മോദിയെ കളിയാക്കിയത്. അക്കരെയക്കരെയക്കരെയെന്ന സിനിമയിലെ ദാസനും വിജയനുമായി നരേന്ദ്ര മോദിയെയും രാഹുൽഗാന്ധിയെയും അവതരിപ്പിച്ചാണ് ചിത്രം വിചിത്രം വിമർശനം നടത്തിയത്.

അമേരിക്കയിലേക്ക് പോകുമ്പോൾ തന്നെയും കൂടെക്കൂട്ടണമെന്ന് രാഹുൽഗാന്ധി മോദിയോട് പറയുകയും അതിന് ചില നിബന്ധനകൾ വയ്ക്കുകയും ചെയ്യുന്ന രംഗങ്ങളാണ് അവർ അവതരിപ്പിച്ചത്. അമേരിക്കയിലെത്തിയതിന് ശേഷമുള്ള സഞ്ചാരത്തെ പാട്ടിന്റെ അകമ്പടിയോടെ ദൃശ്യവൽക്കരിക്കുകയും ചെയ്തു.

മാതൃഭൂമിയിലെ വക്രദൃഷ്ടി രാഹുൽഗാന്ധിയെയും ചേർത്ത് വച്ചുകൊണ്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പരിഹസിച്ചത്. നിത്യം വിദേശ സഞ്ചാരത്തിലേർപ്പെട്ട പ്രധാനമന്ത്രിയും നാടുവിട്ടുപോകുന്ന രാഹുൽഗാന്ധിയും മനസ്സും ശരീരവും രണ്ടിടത്തായി കഴിയുന്നവരാണെന്ന് ഈ പരിപാടി വിശദീകരിച്ചു. ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം എന്ന പഴയ സിനിമാ ഗാനത്തിന്റെ അകമ്പടിയോടെ വക്രദൃഷ്ടി ഇവരുടെ അമേരിക്കൻ സഞ്ചാരത്തെ ചിത്രീകരിച്ചു. അതേ സമയം ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തെയും വിവിധ രാഷ്ട്രത്തലവ•ാരുമായുള്ള കൂടിക്കാഴ്ചകളെയും സറ്റയർ പരിപാടികളിൽ നിറച്ചു.

ഇന്നത്തെ ചിത്രം വിചിത്രം...അമേരിക്ക...അമേരിക്ക

Posted by Lallu Sasidharan Pillai on Sunday, September 27, 2015

എന്നാൽ ഫേസ്‌ബുക്ക് ആസ്ഥാനത്ത് സുക്കർബർഗുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അമ്മയെ ഓർത്ത് വിലപിച്ച മോദിയുടെ നാടകത്തെയാണ് റിപ്പോർട്ടറിലെ ഡെമോക്രെയ്‌സി ആവിഷ്‌കരിച്ചത്. എന്റെ അമ്മ ഗ്രാമത്തിൽ ജീവിക്കുന്നയാളാണ്, വിദ്യാഭ്യാസമില്ലാത്തയാളാണ് എന്നെല്ലാം പറഞ്ഞ് മോദി കരയുന്നത് ജഗദീഷിന്റെ ഇൻഹരിഹർ നഗറിലെ കരച്ചിലിന്റെ അകമ്പടിയോടെയാണ് ആവിഷ്‌കരിച്ചത്. അതേ സമയം പാവം അമ്മയല്ലേ എങ്ങനെ കരയാതിരിക്കും തുടങ്ങിയ മീനയുടെയും ശോഭനയുടെയും സിനിമാരംഗങ്ങൾ കൂടി ചേർത്ത് വച്ച് മോദിയെ ആശ്വസിപ്പിക്കുന്ന ചിത്രീകരണമാണ് ഡെമോക്രെയ്‌സി നടത്തിയത്.

മാത്രമല്ല, ഡെമോക്രെയ്‌സി മോദിയുടെ ഒബാമയുമായുള്ള കൂടിക്കാഴ്ചയെ ദേവാസുരത്തിലെ മോഹൻലാൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ കൂടിക്കാഴ്ചയിലേക്ക് പരിവർത്തിപ്പിച്ചു. ഊരുതെണ്ടി തിരിച്ചെത്തിയ പെരിങ്ങോടനായി നരേന്ദ്ര മോദിയെയും നീലകണ്ഠനായി ഒബാമയെയും ചിത്രീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിത്യവും ഊരുചുറ്റുന്ന പ്രധാനമന്ത്രിയായ കൂട്ടുകാരൻ എന്ന നിലയിൽ ഊരുതെണ്ടി വന്നൂ, അല്ലേ എന്ന സംഭാഷണത്തോടെയാണ് ഒബാമ മോദിയെ സ്വീകരിച്ചത്.

മലയാളം ചാനലുകൾ മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ദേശീയ ചാനലുകളും മോദിയുടെ വിദേശയാത്രയെ സറ്റയർ ആഘോഷമാക്കി മാറ്റിയിരുന്നു. ഇന്ത്യാടുഡേയിലെ സോസോറി എന്ന ആനിമേഷൻ സറ്റയർ പരിപാടിയിലും മോദിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ചു. വിമാനം കയറിയതുമുതൽ ഒബാമയുമൊത്ത് ചുറ്റിത്തിരിയുന്നതുവരെയുള്ള ചിത്രീകരണത്തിലൂടെ സോ സോറിയും ചിരിയുണർത്തിവിട്ടു.