തിരക്കിട്ട് നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന് അടുത്തെങ്ങും തലവേദന ഒഴിയില്ലെന്ന് ഉറപ്പായി. അടുത്തിടെ വിപണിയിലെത്തിച്ച പുതിയ 500 രൂപ നോട്ടുകളിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, കള്ളനോട്ടുകൾ വളരെപ്പെട്ടെന്ന് പ്രചാരത്തിലാകാനുള്ള സാധ്യതയും ഇതുണ്ടാക്കുന്നുണ്ട്. പുതിയ നോട്ടുകളിൽ മൂന്നുതരത്തിലുള്ള പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇതിനോടകം വെളിപ്പെട്ടിട്ടുണ്ട്.

ചില നോട്ടുകളിൽ ഗാന്ധിജിയുടെയും ദേശീയ ചിഹ്നത്തിന്റെയും ചിത്രങ്ങൾ ശരിയായ രീതിയിൽ പതിഞ്ഞിട്ടില്ല. ഗാന്ധിജിയുടെ മുഖത്തിന് നിഴലുകൾ പോലെ കാണപ്പെടുന്നുണ്ട്. മറ്റു ചില നോട്ടുകളിൽ സീരിയൻ നമ്പറുകളിലും പശകുണ്ട്. ചില നോട്ടുകളുടെ അതിരുകൾ തുല്യമല്ല. രണ്ട് നിറത്തിലുള്ള നോട്ടുകൾ പ്രചാരത്തിലുള്ളതും ജനങ്ങളെ കൂടുതൽ കഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. തിരക്കിട്ട് പുറത്തിറക്കിയതുകൊണ്ടാണ് ഇത്തരത്തിലുള്ള പിഴവുകൾ സംഭവിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ അൽപന കിലാവാല പറഞ്ഞു. ഇത്തരം നോട്ടുകൾ ലഭിക്കുന്നവർക്ക് അത് ബാങ്ക് കൗണ്ടറുകളിൽ മാറ്റിയെടുക്കുന്നതിന് തടസ്സമില്ലെന്നും വക്താവ് പറയുന്നു.

ഒരുതരത്തിലുള്ള 500 രൂപ നോട്ടുകളേ അച്ചടിക്കുന്നുള്ളൂ എന്ന് ആർ.ബി.ഐ. പറയുമ്പോൾ, ഒരുതരത്തിലുള്ള നോട്ടുകൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള പറഞ്ഞു. ഇന്ത്യയിലേതിന് സമാനമായ മാർഗത്തിലാണ് പാക്കിസ്ഥാൻ കള്ളനോട്ടുകൾ അച്ചടിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് പിഴവുകളില്ലാതെ വേണം നോട്ടുകളിറക്കാനെന്ന് അദ്ദേഹം പറയുന്നു. 2000 നോട്ടുകൾ അത്തരത്തിലുള്ളതാണെന്നും ജി.കെ.പിള്ള പറഞ്ഞു.

പലതരത്തിലുള്ള നോട്ടുകൾ അവതരിപ്പിക്കുന്നത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും കള്ളനോട്ടുകളുടെ പ്രചാരണത്തിന് വഴിയൊരുക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. പുതിയ നോട്ടിന്റെ പ്രത്യേകതകൾ ജനങ്ങൾ മനസ്സിലാക്കുന്ന ഘട്ടത്തിൽ പലതരത്തിലുള്ള നോട്ടുകൾ പ്രചരിക്കുന്നത് അവരെ തീർത്തും ആശയക്കുഴപ്പത്തിലാക്കും. കള്ളനോട്ടുകളെ തിരിച്ചറിയാനുള്ള ശേഷി ജനങ്ങൾക്ക് ഇല്ലാതാക്കുമെന്നും ഇത് ഇപ്പോഴുള്ളതിനെക്കാൾ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.