മസ്‌ക്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം ഇവിടെയുള്ള കറൻസി എക്‌സ്‌ചേഞ്ചുകൾക്കും ഇരുട്ടടിയായിത്തീർന്നിരിക്കുകയാണ്. ഒറ്റയടിക്ക് 500, 1000 രൂപ നോട്ടുകൾക്ക് മൂല്യം ഇല്ലാതായതോടെ ഇവിടെയുള്ള എക്‌സ്‌ചേഞ്ചുകളിൽ 15 മില്യൺ രൂപ വിലമതിക്കുന്ന നോട്ടുകളാണ് കെട്ടിക്കിടക്കുന്നത്. വൻ തോതിൽ ഇന്ത്യൻ കറൻസി കെട്ടിക്കിടക്കുന്നതോടെ നാട്ടിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ പക്കൽ പണം കൊടുത്തുവിടാനും ചിലർ ശ്രമിക്കുന്നുണ്ട്.

ഒമാനിലുള്ള പ്രധാന അഞ്ച് കറൻസി എക്‌സ്‌ചേഞ്ചുകളിൽ വൻ തോതിലാണ് 500-ന്റേയും ആയിരത്തിന്റേയും നോട്ടുകൾ കെട്ടിക്കിടക്കുന്നത്. കള്ളപ്പണത്തിനെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നോട്ട് പിൻവലിക്കുന്നതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒമാനി റിയാൽ 175 രൂപ എന്ന തോതിലാണ് വില്പന നടത്തിയിരുന്ത്. എന്നാൽ ഇന്ത്യൻ കറൻസിയുടെ മൂല്യം ഇല്ലാതായതോടെ പലരും റിയാൽ 225 രൂപയ്ക്ക് വില്ക്കാനും ശ്രമിക്കുന്നത്. കൈയിലുള്ള ഇന്ത്യൻ കറൻസി വിറ്റുതീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉയർന്ന വിലയ്ക്ക് ഇന്ത്യൻ രൂപ വിൽക്കുന്നത്.

എന്നാൽ ഈയവസരം മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നതായും ആരോപണമുണ്ട്. നോട്ടുകൾ മാറിയെടുക്കാൻ ഡിസംബർ 31 വരെ സാവകാശമുള്ളതുകൊണ്ടാണ് പലരും ഈ സാഹചര്യം മുതലെടുക്കുന്നത്. എക്‌സ്‌ചേഞ്ചുകളിലുള്ള ഇന്ത്യൻ കറൻസികൾ ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കറൻസി എക്‌സ്‌ചേഞ്ച് ഉടമസ്ഥർ. ഇന്ത്യൻ കറൻസികൾ മാറ്റിയെടുക്കാൻ എന്തെങ്കിലും സംവിധാനം അധികൃതർ തന്നെ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് ഇവർ ഇപ്പോഴും.