ന്യൂഡൽഹി: നോട്ട് പിൻവലിക്കലിന്റെ പേരിൽ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി. അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയാണെങ്കിലും 1000, 500 നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സർജിക്കൽ സ്‌ട്രൈക്ക് എന്നോ കാർപെറ്റ് ബോംബിങ് എന്നോ നിങ്ങൾ വിളിച്ചുകൊള്ളൂ, യാദൃശ്ചികമായി ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സാധാരണക്കാർക്കു ബുദ്ധിമുട്ടുണ്ടാകരുത്. പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തുന്ന കാര്യം പരിഗണിക്കണം. സാധാരണക്കാർക്കു ബുദ്ധിമുട്ടുണ്ടായെന്നതു പൊതുവായ ആശങ്കയാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അറിയിച്ചു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട നാലു പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. തീരുമാനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നതാണു ഹർജിക്കാരുടെ ആവശ്യം. ഹർജിയിൽ ഈ മാസം 25ന് വീണ്ടും വാദം കേൾക്കും.

അതേസമയം, കള്ളപ്പണം രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ നിർദ്ദേശം വന്നതോടെ രാജ്യത്തെ വിവിധ ബാങ്കുകളിലായി മൂന്നു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. ഡിസംബർ അവസാനത്തോടെ 11 ലക്ഷം കോടി രൂപ ബാങ്കുകളിൽ എത്തുമെന്നാണ് കരുതുന്നതെന്നും എജി സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ഇക്കാര്യവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജികൾ പരിശോധിക്കവെയാണ് കോടതി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.