കോഴിക്കോട്: നോട്ടു നിരോധനം ഒരു വർഷം പിന്നിടുന്ന നവംബർ എട്ടിന് നോട്ട് നിരോധനം വിചാരണ ദിനമായി ആചരിക്കാനുള്ള ദേശീയ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ല തലങ്ങളിൽ കേന്ദ്ര ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്താൻ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

പിന്നിട്ട ഒരു വർഷത്തിന് പ്രധാമന്ത്രി നരേന്ദ്ര മോദി മറുപടി പറയുക എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ധർണ്ണ നടക്കുക. നോട്ട് നിരോധനത്തിന് കാരണമായി പ്രധാന മന്ത്രി പറഞ്ഞ കാര്യങ്ങളിൽ ഒന്നു പോലും ശരിയായിരുന്നില്ല എന്നാണ് കഴിഞ്ഞ ഒരു വർഷത്തെ സംഭവ വികാസങ്ങൾ ബോധ്യപ്പെടുത്തുന്നത്. കള്ളപ്പണം തിരിച്ചെത്തും., കള്ളനോട്ട് ഇല്ലാതാക്കുമെന്നും ഭീകരതയെ ഇല്ലായ്മ ചെയ്യാൻ സാധിക്കുമെന്നുള്ള അവകാശ വാദങ്ങളിൽ ഒന്നു പോലും യാഥാർത്ഥ്യവൽകരിക്കാൻ സാധിച്ചിട്ടില്ല. നോട്ടു നിരോധനത്തിന്റെ കെടുതിയിൽ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല.

മാത്രമല്ല പുതിയ നോട്ടുകളുടെ കള്ള നോട്ടുകൾ വ്യാപമാവുകയും സാമ്പത്തിക കുറ്റ കൃത്യങ്ങൾ പെരുകുകയുമാണ് ഉണ്ടായത്. രാജ്യത്തെ ജനങ്ങളോടു കാണിച്ച വഞ്ചനയെ തുറന്ന് കാണിച്ച് കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ് കോഴിക്കോട് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, എറണാകുളത്തും, വൈസ് പ്രസിഡന്റുമാരായ തുളസീധരൻ പള്ളിക്കൽ ആലപ്പുഴയിലും, മൂവാറ്റുപുഴ അഷ്റഫ് മൗലവി കൊല്ലത്തും, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ പാലക്കാടും, അജ്മൽ ഇസ്മായിൽ കോട്ടയത്തും, സെക്രട്ടറിമാരായ റോയി അറക്കൽ പത്തനംതിട്ടയിലും, പി.കെ ഉസ്മാൻ കണ്ണൂരും, കെ.കെ റൈഹാനത്ത് ടീച്ചർ തിരുവനന്തപുരത്തും ധർണ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ യഹ്യ തങ്ങൾ മലപ്പുറത്തും, കെ.കെ അബ്ദുൽ ജബ്ബാർ കാസർഗോഡും, സംസ്ഥാന സമിതി അംഗങ്ങളായ ഖാജാ ഹുസൈൻ വയനാടും, എം.ഫാറൂഖ് തൃശൂരും പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ വാർത്താകുറിപ്പിലൂടെ അറിയിച്ചു.