ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം സൂപ്പർതാരം രജനീകാന്തിനെയും ബാധിച്ചിരിക്കുന്നു. രജനിയുടെ ഭാര്യ ലത നടത്തുന്ന സ്‌കൂളിലെ ഡ്രൈവർമാർക്ക് ശമ്പളം കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇതോടെ ഡ്രൈവർമാർ കൂട്ടത്തോടെ സമരവും തുടങ്ങിയിരിക്കുന്നു.

വളാച്ചേരിയിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ 28 ഡ്രൈവർമാരാണ് സ്‌കൂൾ വളപ്പിൽ സമരം ആരംഭിച്ചിരിക്കുന്നത്. വൈകിയെങ്കിലും കിട്ടിക്കൊണ്ടിരുന്ന ശബമ്പളം നോട്ടുനിരോധനത്തോടെ കിട്ടാതായ അവസ്ഥയാണെന്ന് ഡ്രൈവർമാർ പറഞ്ഞു.

കഴിഞ്ഞ ആറുമാസമായി സ്‌കൂളിലെ ഡ്രൈവർക്ക് ശമ്പളം വൈകിയാണു നല്കുന്നത്. മിക്കവാറും മാസത്തിന്റെ അവസാന ആഴ്ചയിലായിരിക്കും വിതരണം ചെയ്യുക. നോട്ടു നിരോധനം പ്രാബല്യത്തിലായതോടെ അതും ഇല്ലാതായി. നിത്യവൃത്തിക്കുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് തങ്ങളെന്ന് കെ. മുരളീ കൃഷ്ണ എന്ന ഡ്രൈവർ പറഞ്ഞു.

ബാങ്ക് അവധി, ജയലളിതയുടെ മരണം, വർധ ചുഴലിക്കാറ്റ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശമ്പളം നിഷേധിക്കുകയാണ് മാനേജ്‌മെന്റ് എന്നും ഡ്രൈവർമാർ ആരോപിച്ചു.

സമരവുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നോട്ടു നിരോധനം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം അഭിനന്ദിച്ചവരിൽ ഒരാൾ രജനീകാന്തായിരുന്നു.