സിംഗപ്പൂർ: രാജ്യമെമ്പാടും ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞാഴ്ച തന്നെ പുതുതായി 222 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ എൻവയോൺമെന്റ് ഏജൻസി (എൻഇഎ) വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20ന് 198 ഡെങ്കിക്കേസുകളായിരുന്നു എൻഇഎ റിപ്പോർട്ട് ചെയ്തത്.

ഏതാനും ആഴ്ചകളായി ഡെങ്കിപ്പനി പിടികൂടുന്നവരുടെ എണ്ണത്തിൽ വ്യതിയാനം വന്നുകൊണ്ടിരിക്കുകയാണെന്നും അടുത്തകാലത്തായി പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് വന്നുകൊണ്ടിരിക്കുന്നതെന്നും എൻഇഎ വ്യക്തമാക്കുന്നുണ്ട്. ഈ വർഷം ആരംഭിച്ചതു മുതൽ മൊത്തം 10,730 പേർക്ക് ഡെങ്കി ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏഴു പേർ രോഗബാധ മൂലം മരിക്കുകയും ചെയ്തു. 2015-ൽ രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ നാലു പേരായിരുന്നു.

വിവിധ സ്ഥലങ്ങളിൽ ഡെങ്കിപ്പനിക്കെതിരേ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുവരുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പനിയുടെ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ ചികിത്സ തേടണമെന്നും അല്ലാത്ത പക്ഷേ രോഗം ഗുരുതരമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.