സിംഗപ്പൂർ: രാജ്യമെമ്പാടും ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞാഴ്ച ഏറെ വർധിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം മുൻ ആഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 193 കേസുകളാണ് അധികമായി കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയതെന്ന് നാഷണൽ എൻവയൺമെന്റ് ഏജൻസി വെളിപ്പെടുത്തി.

വർധിച്ചുവരുന്ന ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഞായറാഴ്ച മുതൽ തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്ക്. ഇത്രയും സമയത്തിനുള്ളിൽ 36 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം മൊത്തം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 8732 ആണെന്നും എൻഇഎ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കൊതുകു പരത്തുന്ന ഡെങ്കിപ്പനിക്കെതിരേ കനത്ത ജാഗ്രത പുലർത്താൻ എൻഇഎ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സിങ്കപ്പൂരിൽ ഇത് ഡെങ്കിപ്പനി സീസൺ ആണെന്നും കൂടുതൽ പേർ ഇതിന്റെ പിടിയിൽ അകപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എൻഇഎ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഡെങ്കിപ്പനിക്കെതിരേയുള്ള വാക്‌സിനുമായി ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി Takeda പല ആശുപത്രികളിലും എത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്ന ഈ വാക്‌സിനുകൾ സിങ്കപ്പൂർ ജനറൽ ആശുപത്രിയിലും ഷാങ്കി ജനറൽ ആശുപത്രിയിലും എത്തുന്ന രോഗികൾക്ക് കുത്തിവയ്ക്കും.