ലക്‌നൗ: ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള സഹോദരിക്ക് ചികിത്സ നൽകണമെന്ന് മുതിർന്ന ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ കേണപേക്ഷിച്ച് സഹോദരി. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള സഹോദരിക്ക് ചികിത്സ നൽകണമെന്നാവശ്യപ്പെടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

പടിഞ്ഞാറൻ ഉത്തർപ്രദേശിൽ പതിനൊന്നുകാരിയായ വൈഷ്ണവി കുഷ്വാലയുടെ ചികിത്സയ്ക്കായി സഹോദരി നികിത ഉദ്യോഗസ്ഥരുടെ വാഹനത്തിനു മുന്നിൽ എടുത്തുചാടി അഭ്യർത്ഥന നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സഹോദരിക്ക് ആവശ്യമായ ചികിത്സ നൽകാൻ അഭ്യർത്ഥിച്ച് ആശുപത്രിയിൽ പരിശോധന നടത്താനെത്തിയ ആഗ്ര ഡിവിഷനൽ കമ്മിഷണർ അമിത് ഗുപ്തയുടെ വാഹനത്തിന് മുന്നിലേക്കാണ് നികിത കുഷ്വാല എടുത്തുചാടിയത്. ''പ്ലീസ് സർ, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കിൽ അവൾ മരിക്കും.'' എന്ന് അലറികരഞ്ഞുകൊണ്ടാണ് നികിത വാഹനത്തിനു തടസ്സം സൃഷ്ടിച്ചെത്തിയത്.

സഹോദരിക്ക് ശരിയായ ചികിത്സ നൽകുമെന്ന് ഉറപ്പ് നൽകാതെ നിങ്ങൾ പോകില്ലെന്ന് ആക്രോശിച്ച് കാറിന് മുന്നിൽ റോഡിൽ കിടന്ന് അലമുറയിടുന്നത് വീഡിയോയിൽ കാണാം. പൊലീസ് അവരെ തടയാനും വഴിയിൽ നിന്ന് മാറ്റാനും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ഫിറോസാബാദിലെ സർക്കാർ ആശുപത്രിയിലെ അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുടെ അഭാവവും അവർ ചൂണ്ടിക്കാട്ടി. ഒടുവിൽ പൊലീസുകാരികൾ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് നികിതയെ വാഹനത്തിന് മുന്നിൽ നിന്ന് മാറ്റിയത്. എന്നാൽ നികിതയുടെ ഈ പ്രതിഷേധത്തിന് ഫലമുണ്ടായില്ല. മണിക്കൂറുകൾക്കകം വൈഷ്ണവി മരണത്തിന് കീഴടങ്ങി. ആവശ്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് തന്റെ സഹോദരി മരിച്ചതെന്ന് നികിത ആരോപിച്ചു. ചികിത്സിച്ച ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്യണമെന്നും അവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും നികിത ആവശ്യപ്പെട്ടു.

അതേസമയം, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ വൈഷ്ണവിയുടെ നില അതീവ ഗുരുതമായിരുന്നുവെന്ന് ഫിറോസാബാദ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സംഗീത അനിജ പറഞ്ഞു.''കരൾ വീർത്ത അവസ്ഥയിലായിരുന്നു വൈഷ്ണവിയെ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ വൈഷ്ണവിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ആകുന്ന ചികിത്സകൾ എല്ലാം നൽകി. പക്ഷേ ഫലമുണ്ടായില്ല.'' ഫിറോസാബാദ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.സംഗീത അനീജ പറഞ്ഞു.

ഡെങ്കിയുടെ ഗുരുതര വകഭേദമാണ് ഫിറോസാബാദിലേതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഫിറോസാബാദിലെ കൊഹ് ഗ്രാമത്തിൽ മാത്രം 15 ദിവസത്തിനുള്ളിൽ 11 കുട്ടികളാണ് മരിച്ചത്. അതിനിടെ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് ആരോപണവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.