മാനിൽ ഒരാൾക്ക് ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെ കൊതുകുകളെ തുരത്താൻ നടപടികളുമായി മസ്‌കത്ത് നഗരസഭ രംഗത്തെത്തി. ഡെങ്കിപ്പനി പകർത്തുന്ന കൊതുകായ ഈഡിസ് ഈജിപ്തിയെ സീബിൽ കണ്ടെത്തിയതായും അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഈഡിസ് ഈജിപ്തി കൊതുകിനെ കണ്ടെത്തിയ പ്രദേശങ്ങളിൽ വെള്ളിയാഴ്ച പരിശോധനയും സർവേയും സംഘടിപ്പിച്ചു.വിലായത്തിലെ അൽ ഹിൽ, മുവാഹിൽ പ്രദേശങ്ങളിൽ ഫോഗിങ് നടത്തി.കൊതുകുകളെ തുരത്തുന്നതിനും കൊതുകുകടി ഏൽക്കാതിരിക്കുന്നതിനും നിരവധി നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.

കൊതുകുകടിയിൽനിന്ന് രക്ഷനേടാൻ ശരീരം മുഴുവൻ മൂടുന്ന നീളൻ കുപ്പായങ്ങൾ ധരിക്കാനും കൊതുകുകളെ അകറ്റുന്ന ഓയിന്റ്മന്റെുകൾ ശരീരത്തിൽ പുരട്ടാനും അധികൃതർ നിർദേശിച്ചു. ജനാലകളിൽ നെറ്റിട്ട് പ്രാണികൾ അകത്തുകടക്കുന്നത് തടയണം. വീടിന് അകത്ത് പ്രാണിനാശിനി തളിക്കണമെന്നും അധികൃതർ പറഞ്ഞു.

കൊതുകുകളുടെ പടരുന്നത് തടയുന്നതിന് ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. നീന്തൽകുളങ്ങൾ, ഫൗണ്ടനുകൾ, കാർഷികാവശ്യത്തിനുള്ള കുടങ്ങൾ എന്നിവയിലെ വെള്ളം അഞ്ച് ദിവസം കൂടുമ്പോൾ മാറ്റണം. ജലസംഭരണികൾ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികൾ, മൃഗങ്ങൾ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളിൽ വീണ്ടും വെള്ളം നിറക്കുന്നതിനുമുമ്പ് പാത്രത്തിൽ ബാക്കിയുള്ള വെള്ളം ഒഴുക്കി കളയണം. ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകൾ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണമെന്നും അറിയിപ്പിൽ പറയുന്നു.