തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് ദേശീയ ആരോഗ്യ ദൗത്യം അധികൃതർ. കഴിഞ്ഞ ദിവസം ജില്ലയിൽ മൊത്തം 26,420 ഒ.പി യിൽ 1750 പേരെയാണ് പനി ബാധിതരായി കണ്ടെത്തിയത്. നഗരസഭയിൽ 107 പനി ബാധിതരിൽ 27 പേർക്ക് മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ നേരിയ വ്യത്യാസമുണ്ടെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജെ. സ്വപ്നകുമാരി പറഞ്ഞു.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നഗരസഭയുടെയും ജില്ലാ മെഡിക്കൽ ഓഫീസിലെയും ആരോഗ്യ പ്രവത്തകരുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിന്റെ ഫലമാണിത്. ഡെങ്കിപ്പനി കൂടുതലായി കണ്ടിരുന്ന 'നഗരസഭയിലെ തന്നെ വിവിധ പ്രദേശങ്ങളിൽ പനി ബാധിതരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി നഗരസഭയുടെ 42 വാർഡുകളിൽ ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി മിഷൻ അനന്തപുരി നടപ്പാക്കി വരുന്നുണ്ട്. ഉറവിട നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടതെന്നും ജില്ലാ പ്രോഗ്രാം മാനേജർ കൂട്ടിച്ചേർത്തു.