തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ തിരുനെൽവേലി സ്വദേശിക്ക് തിരുവനന്തപുരത്തെയും, കൊല്ലത്തെയും ആശുപത്രികൾ ചികിൽസ നിഷേധിച്ച സംഭവത്തിന് തൊട്ടുതലേന്നാണ് തൃശൂരിൽ സമാന സംഭവം നടന്നത്. ആശുപത്രികൾ ചികിത്സ നിഷേധിച്ചത് മൂലം 65 കാരൻ രക്തം വാർന്ന് മരിച്ചതായാണ് പരാതി.

തൃശൂർ എരുമപ്പെട്ടി തയ്യൂർ ചിങ്ങപുരത്ത് താഴത്തേതിൽ വേലുക്കുട്ടി നായർ മകൻ യശോധരനാണ് വാഹനാപകടത്തിൽ പെട്ട തന്റെ സഹോദരൻ മുകുന്ദന് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 6 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

രാത്രി 9-30 ന് എരുമപ്പെട്ടി കടങ്ങോട് റോഡിന് എസ്.ബി.ഐ എ. ടി. എമ്മിന് സമീപം വാഹനാപകടത്തിൽ പെട്ട മുകുന്ദനെ നാട്ടുകാരും ആക്ട്‌സ് പ്രവർത്തകരും ആക്ട്‌സ് എരുമപ്പെട്ടി യൂണിറ്റിന്റെ ആംബുലൻസിൽ ആദ്യമെത്തിച്ചത് കുന്നംകുളത്തെ റോയൽ എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു. ഈ സമയം ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ലഭ്യമല്ലാത്തതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം പിന്നീടെത്തിച്ചത് തൃശൂരിനടുത്തുള്ള അമല മെഡിക്കൽ കോളേജിലായിരുന്നു. എന്നാൽ അമല മെഡിക്കൽ കോളേജ് അധികൃതർ ആംബുലൻസിൽ നിന്നും രോഗിയെ പുറത്തെടുക്കാനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ല. ന്യൂറോ സർജൻ മറ്റൊരു കേസിൽ ഓപ്പറേഷൻ തീയറ്ററിലാണെന്നും ഐ.സി.യു വിൽ സ്ഥലമില്ലെന്നു മായിരുന്നു വിശദീകരണം.

തുടർന്ന് തൃശൂരിലെ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ആവശ്യത്തിന് നഴ്‌സുമാരില്ലെന്ന് പറഞ്ഞ് ഇവിടെ നിന്നും മടക്കിയ മുകുന്ദന് ചികിത്സ ലഭ്യമായത് തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമാണ്. മൂന്ന് ആശുപത്രികൾ പ്രാഥമിക ചികിത്സ പോലും നിഷേധിച്ച മുകുന്ദൻ ജൂബിലിയിലെത്തിയപ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലെത്തുകയും പുലർച്ചെ 1.30ന് മരണപ്പെടുകയും ചെയ്തു.20 മിനിറ്റെങ്കിലും നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ജൂബിലിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുമ്പോൾ ചികിത്സ നിഷേധിച്ച ആശുപത്രികൾ ചേർന്ന് കവർന്നെടുത്തത് 40 മിനിറ്റായിരുന്നു. തന്റെ സഹോദരന് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യശോധരൻ നൽകിയ പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് റൂറൽ എസ്‌പി യതീഷ് ചന്ദ്ര നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 7 നാണ് റോഡപകടത്തിൽ പരിക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകൻ മരിച്ചത്. കൊല്ലത്തേയും തിരുവനന്തപുരത്തേയും ആശുപത്രികൾ കൈയൊഴിഞ്ഞതിനെ തുടർന്നാണ് മുരുകൻ മരിച്ചത്.സന്നദ്ധസംഘടനയുടെ ആംബുലൻസിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ യുവാവിനെ എത്തിച്ചെങ്കിലും കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞു പ്രവേശിപ്പിച്ചില്ല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഇതേ പ്രതികരണമാണ് എല്ലായിടത്തും ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ വെന്റിലേറ്റർ ലഭ്യമായിരുന്നില്ല. ഏഴുമണിക്കൂർ നീണ്ട ദുരിതത്തിനൊടുവിൽ രാവിലെ ആറുമണിയോടെ മുരുകൻ മരിക്കുകയായിരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ചികിത്സ നിഷേധിച്ച ആശുപത്രികൾ ചെയ്തത് ഗുരുതര നിയമ ലംഘനമാണ്. പണമില്ലാത്തതിന്റെയോ നിയമ പ്രശ്‌നങ്ങളുടെയോ പേരിൽ ചികിത്സ നിഷേധിക്കരുതെന്ന് സുപ്രീംകോടതി, സർക്കാർ ഉത്തരവുകളാണ് ആശുപത്രികൾ ലംഘിച്ചത്. അപകടത്തിൽപ്പെട്ടവരുടെ കൂടെ മറ്റാരുമില്ലെങ്കിലും ചികിത്സ ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിൽപ്പെട്ട് എത്തുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിക്കരുതെന്നും അടിയന്തര ചികിത്സ നൽകണമെന്നും 2015 ലെ സംസ്ഥാന സർക്കാർ ഉത്തരവുണ്ട്.