ടെക്‌സസ്: വസ്ത്രത്തിന്റെ പേരിൽ ടർക്കിഷ് ബോഡി ബിൽഡറും ഫിറ്റ്‌നസ് മോഡലുമായ ഡെനീസ് സായ്‌പെനറുടെ യാത്ര വിലക്കി വിമാന കമ്പനി. മോഡൽ ധരിച്ചിരുന്ന വസ്ത്രം വളരെ ചെറുതാണെന്നും ഇത് കുടുംബവുമായി യാത്രചെയ്യുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനത്തിൽ പ്രവേശനം നിഷേധിച്ചത്. ഞായറാഴ്ച ടെക്‌സസിലാണ് സംഭവം.

ടർക്കിഷ് ബോഡി ബിൽഡറും ഫിറ്റ്‌നസ് മോഡലുമായ ഡെനീസ് സായ്‌പെനറെ അമേരിക്കൻ എയർലൈൻസ് ജീവനക്കാർ തടയുകയായിരുന്നു. ഷോർട്ട്‌സും ചെറിയ ടോപ്പുമായിരുന്നു ഡെനീസ് ധരിച്ചിരുന്നത്.

'ഉചിതമായ രീതിയിൽ വസ്ത്രം ധരിക്കുക, നഗ്‌നമായ കാലുകളോ കുറ്റകരമായ വസ്ത്രങ്ങളോ അനുവദനീയമല്ല' എന്ന് അമേരിക്കൻ എയർലൈൻസിന്റെ നിയമത്തിൽ പറയുന്നതായി കമ്പനി വിശദീകരിച്ചു.

താൻ നഗന്‌യാണെന്നും അതിനാൽ കുടുംബവുമായി യാത്ര ചെയ്യുന്നവരിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും എയർലൈൻസ് കമ്പനി പറഞ്ഞതായി 26കാരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഞാൻ നഗ്‌നയല്ല എന്ന് ആരാധകരോട് പറയുകയും ചെയ്തു. എയർലൈൻ ജീവനക്കാർ ഡെനീസിനെ തടഞ്ഞതോടെ അവർ ജീവനക്കാർക്ക് നേരെ കയർക്കുകയും ചെയ്തിരുന്നു.

തുർക്കിയിലെ യാഥാസ്ഥിതിക സംസ്‌കാരം ഒഴിവാക്കാൻ 26 കാരിയായ സായ്‌പെനർ തുർക്കിയിൽ നിന്ന് യുഎസിലെത്തിയത്. തുർക്കിയിൽ ഐ.എഫ്.ബി.ബി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്‌നസ്) പദവി ലഭിച്ച ആദ്യ വനിതയാണ് ഡെനീസ് സായ്‌പെനർ.

വിമാനത്തിൽ കയറുന്നതിൽ നിന്ന് വിലക്കപ്പെട്ടതിനെത്തുടർന്നുള്ള പ്രതിഷേധം ഇൻസ്റ്റാഗ്രാമിലൂടെ ഡെനീസ് സായ്‌പെനർ പങ്കുവച്ചിരുന്നു.

''ടെക്‌സസ് വിമാനത്താവളത്തിൽ എനിക്ക് എന്ത് സംഭവിച്ചുവെന്ന് നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല,'' സ്റ്റാഫ് തന്നെ ''നഗ്‌ന'' എന്ന് വിളിച്ചു. 'ഞാൻ നഗ്‌നനല്ല', ഡെനീസ് സായ്‌പെനർ തന്റെ വസ്ത്രവും പ്രദർശിപ്പിച്ചു.

സയ്പിനാർ പിന്നീട് ഇൻസ്റ്റാഗ്രാമിൽ മറ്റൊരു സന്ദേശം പോസ്റ്റ് ചെയ്യുകയും അമേരിക്കൻ എയർലൈൻസിനെ ടാഗ് ചെയ്യുകയും ചെയ്തു: ''ഞാൻ ഒരു കായികതാരമാണ്, ഇപ്പോൾ ഞാൻ രാവിലെ വരെ ഇവിടെ കാത്തിരിക്കണം. എന്റെ സ്ത്രീത്വം വെളിപ്പെടുത്തുന്ന സ്ത്രീലിംഗ വസ്ത്രം ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ആരെയും വ്രണപ്പെടുത്തുന്ന രീതിയിൽ ഞാൻ ഒരിക്കലും വസ്ത്രം ധരിക്കില്ല'.

'പക്വതയും പരിഷ്‌കൃതവുമാണ് ഞാൻ. ധരിക്കാൻ കഴിയുന്നതും ധരിക്കാൻ കഴിയാത്തതും തിരിച്ചറിയാനാകും. ഡെനിം ഷോർട്ട്‌സ് ധരിച്ചതിന് ലോകത്തിലെ ഏറ്റവും മോശം വ്യക്തിയെപ്പോലെ പരിഗണിക്കാൻ ഞാൻ അർഹനല്ല. മനുഷ്യർക്ക് അവരുടെ പ്രാകൃത പ്രേരണകളെ പോലും നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മൃഗങ്ങളിൽ നിന്ന് നമ്മെ വേർതിരിക്കുന്നത് എന്താണ്. എനിക്ക് അപമാനം തോന്നുന്നു. ഞാൻ ഈ ഷോർട്ട്‌സ് അമേരിക്കയിൽ ധരിച്ചതിനാൽ അവർ എന്നെ വിമാനത്തിൽ വിടില്ല'. ഡെനീസ് സായ്‌പെനർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.