കോപ്പൻഹേഗൻ: രാജ്യത്ത് ഡ്രൈവിങ് ലൈൻസിനുള്ള പ്രായം പതിനെട്ടിൽ നിന്ന് പതിനേഴായി കുറയ്ക്കുന്ന കാര്യം സജീവ പരിഗണനയിൽ. ലീഗൽ ഡ്രൈവിങ് ലൈസൻസ് പതിനേഴാം വയസിൽ നൽകുന്ന കാര്യം പരിഗണിക്കുന്ന സർക്കാർ ഇതു സംബന്ധിച്ച് ട്രയൽ പ്രോഗ്രാമിന് ഒരുങ്ങുകയാണ്. പരിചയ സമ്പന്നരായ ഡ്രൈവർ ഒപ്പമുണ്ടെങ്കിൽ പതിനേഴുകാർക്കും വാഹനം ഓടിക്കാൻ സാധിക്കുന്ന തരത്തിലാണ് നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്.
ഡ്രൈവിങ് അറിയാവുന്ന അച്ഛനോ അമ്മയോ കൂടെയുണ്ടെങ്കിൽ കൗമാരക്കാർക്ക് വാഹനം ഓടിക്കാൻ കൂടുതൽ ആത്മവിശ്വാസം തോന്നുമെന്നും റൂറൽ മേഖലയ്ക്കായിരിക്കും ഈ നിയമഭേദഗതി കൊണ്ട് കൂടുതൽ ഗുണകരമാകുന്നതെന്നും മന്ത്രി ട്രോയൽ പോൾസൺ വ്യക്തമാക്കി.

ഇതുകൂടാതെ മോപ്പഡ് ഓടിക്കാനുള്ള പ്രായപരിധി 16-ൽ നിന്ന് 15 ആയി കുറയ്ക്കാനും ആലോചനയുണ്ട്. ഡ്രൈവിങ് ലൈസൻസ് പ്രായപരിധി കുറയ്ക്കാനുള്ള തീരുമാനം മുമ്പ് പല തവണ പരിഗണയ്ക്ക് വന്നിരുന്നുവെങ്കിലും പാർലമെന്റിൽ അംഗീകാരം നേടാനായിട്ടില്ല. എന്നാൽ, ഇത്തവണ സർക്കാരിന്റെ സമഗ്ര വളർച്ചാ പദ്ധതിയുടെ വിശാലമായ നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പാസാകാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.