കോപ്പൻഹാഗൻ: ട്രെയിൻ യാത്രക്കിടയിലെ വിരസത മാറ്റാൻ ഇനി ഇന്റർനെറ്റ് സൗകര്യം. ട്രെയിൻ യാത്രകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിക്കൊണ്ട് റെയിൽ ഓപ്പറേറ്റർ ഡിഎസ്ബി പ്രസ്താവനയിറക്കി. ദീർഘദൂര ട്രെയിനുകളിലാണ് തുടക്കത്തിൽ സൗജന്യവും മെച്ചപ്പെട്ടതുമായ ഇന്റർനെറ്റ് ലഭ്യമാകുന്നത്.

രാജ്യത്തെമ്പാടുമുള്ള ഡിഎസ്ബിയുടെ  IC3, IC4, IR4 ട്രെയിനുകളിൽ സൗജന്യ വൈഫൈ ലഭ്യമായിട്ടുണ്ട്. മുമ്പ് കോപ്പൻഹാഗനും ആൽബോർഗിനും മധ്യേ മാത്രം സൗജന്യ വൈ ഫൈ ലഭ്യമായിരുന്നിടത്താണ് ഇപ്പോൾ രാജ്യമെമ്പാടും ഈ സേവനം നൽകിയിരിക്കുന്നത്. ദീർഘകാലമായിട്ടുള്ള യാത്രക്കാരുടെ ആവശ്യത്തെ തുടർന്നാണ് മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം നൽകിയിട്ടുള്ളതെന്ന് ഡിഎസ്ബി വക്താവ് സൂസെയ്ൻ മോർച്ച് കോഷ് വ്യക്തമാക്കി.

സൗജന്യ വൈഫൈയ്ക്കു പുറമേ 3ജിയിൽ നിന്ന് 4 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനവും ഡിഎസ്ബി ഒരുക്കിയിട്ടുണ്ട്. അതേസമയം അപ്‌ഗ്രേഡ് ചെയ്യുന്നതിന് പരിധിയുണ്ടെന്നും സിനിമകളും മറ്റും യാത്രക്കിടെ ഡൗൺ ചെയ്യുന്നത് ഒഴിവാക്കണമെന്നും യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഇന്റർനെറ്റ് കവറേജിന് സ്പീഡ് കുറയാൻ സാധ്യതയുണ്ടെന്നും ഡിഎസ്ബി അറിയിച്ചിട്ടുണ്ട്.