കോപ്പൻഹാഗൻ: ലോകത്തെ അഴിമതി രഹിത രാജ്യമെന്ന ഖ്യാതി വീണ്ടും ഡെന്മാർക്കിനെ തേടിയെത്തി. ലോകത്തേറ്റം മെച്ചപ്പെട്ട നിയമസംവിധാനമുള്ള ഡെന്മാർക്കിൽ അഴിമതിയെന്നത് കാണാൻ പോലും ഇല്ലെന്ന് പുതുതായി നടത്തിയ ഒരു പഠനം തെളിയിക്കുന്നു. ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി ഡെന്മാർക്കിനൊപ്പം മത്സരിച്ചത് നോർവേയായിരുന്നു. എന്നാൽ ഏതാനും പോയിന്റുകൾക്ക് നോർവേ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡെന്മാർക്ക് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

വേൾഡ് ജസ്റ്റീസ് പ്രൊജക്ടാണ് 102 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇതിൽ 0.87 പോയിന്റ് നേടിയാണ് ഡെന്മാർക്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയെടുത്തത്. ഒന്നാണ് ഏറ്റവും മെച്ചപ്പെട്ട സ്‌കോർ. ഡെന്മാർക്കിൽ സർക്കാർ തലത്തിൽ യാതൊരുവിധത്തിലുമുള്ള അഴിമതികൾ അരങ്ങേറുന്നില്ലെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഡെന്മാർക്കിനും നോർവേയ്ക്കും പിന്നിൽ സ്വീഡനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം പട്ടികയിൽ ഏറ്റവും അവസാനത്തെ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയത് സിംബാബ്വേയും അഫ്ഗാനിസ്ഥാനും വെനസ്വേലയുമാണ്. ട്രാൻസ്‌പേരൻസി ഇന്റർനാഷണൽ നടത്തിയ കറപ്ഷൻ പെർസെപ്ഷൻ ഇൻഡെക്‌സിലും (സിപിഐ) തുടർച്ചയായി മൂന്നാം വർഷവും ഡെന്മാർക്ക് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫിൻലാൻഡ്, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, ഓസ്ട്രിയ, ജർമനി, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവയാണ് പട്ടികയിലെ ആദ്യ പത്തു സ്ഥാനക്കാർ.