കൊച്ചി: കുടുംബ സിനിമകളുടെ നായകനായിരുന്നു ഒരുകാലത്ത് മമ്മൂട്ടി. ശൗരമുള്ള സിനിമയിലേക്ക് ആ മുഖത്തെ പറിച്ചു നട്ടത് ന്യൂഡൽഹിയായിരുന്നു. പിന്നെ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രങ്ങൾ ഏറെ മലയാളി കണ്ടു. അതിനെല്ലാം കാരം രൗദ്രഭാവത്തിലേക്ക് മമ്മൂട്ടിയെ എത്തിച്ച ജികെ എന്ന പത്രപ്രവർത്തകനായിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ക്രച്ചസുമായി നടന്ന നായകന് സൂപ്പർ പരിവേഷത്തോടെ ജനമനസ്സുകളിലെത്തി.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഡെന്നീസ് ജോസഫിന്റെ അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. സൂപ്പർ താരങ്ങളുടെ ഉദയംതന്നെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ സൂപ്പർ താരപദവിയിലേക്ക് ഉയർന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകൻ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു. മമ്മൂട്ടിയേയും മോഹൻലാലിനേയും പ്രിയങ്കരരാക്കിയ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ ഈ വേർപാട് മമ്മൂട്ടിക്കും താങ്ങനാവാത്തതാണ്.

മമ്മൂട്ടിയുടെ അനുശോചനം ഇങ്ങനെ

'ഈറൻസന്ധ്യ'യുടെ ചിത്രീകരണത്തിനായി ഞാൻ കുട്ടിക്കാനത്തേക്കു പോകുമ്പോൾ കാറിൽ ഡെന്നിസും ഉണ്ടായിരുന്നു; 'നിറക്കൂട്ടി'ന്റെ കഥ പറയാൻ. പുറകിൽ ബെഡ് ഒക്കെയുള്ള കാറിലായിരുന്നു യാത്ര. 'ഈറൻസന്ധ്യ'യിൽ ഡെന്നിസിന്റെ കഥയ്ക്കു ജോൺ പോളാണ് തിരക്കഥ എഴുതിയത്. കുട്ടിക്കാനത്തേക്കുള്ള ഹെയർപിൻ വളവുകൾ കയറിയിറങ്ങിയ യാത്രയ്ക്കിടെ 'നിറക്കൂട്ടി'ലെ രവി വർമയെ ഡെന്നിസ് എനിക്കു മുന്നിൽ വിടർത്തിയിട്ടു. കഥാപാത്രങ്ങളുടെ കരുത്ത് നമ്മെ വിസ്മയിപ്പിക്കും. കഥയുടെ പരിണാമങ്ങളിലാണ് ഡെന്നിസിന്റെ വിരുത്.

'ന്യൂഡൽഹി'യിലെ ജികെ എന്ന നായകൻ ക്രച്ചസിലാണു നടക്കുന്നത്. 'ദിനരാത്രങ്ങളി'ൽ നായകൻ ആദ്യം ജയിൽ ചാടുന്നു. ഫോർമുലകളെ ബ്രേക്ക് ചെയ്യുന്ന ഒരു രീതിയുണ്ട് ഡെന്നിസിന്. ഞങ്ങൾ തമ്മിൽ ആദ്യം കാണുന്നത് ഡിസൈനർ ഗായത്രി അശോകിനൊപ്പമാണ്. 'കൂടെവിടെ'യുടെ ഡിസൈനും മറ്റും അശോകായിരുന്നു. സിനിമയും കഥകളും സ്വപ്നങ്ങളും പങ്കുവച്ച ഒരു ബന്ധമായിരുന്നു അത്. ഡെന്നിസിന്റെ സംഭാഷണങ്ങൾ കൃത്യമായ മീറ്ററിലാകും എപ്പോഴും. എംടി, പത്മരാജൻ തുടങ്ങി തിരക്കഥയിലും സിനിമയിലും മാന്ത്രികത സൃഷ്ടിച്ച വലിയ എഴുത്തുകാർക്കു ശേഷം ഡെന്നിസിന്റെ കടന്നുവരവ് മലയാള സിനിമയ്ക്കു വലിയ വിജയങ്ങൾ സമ്മാനിച്ചു.

'ന്യൂഡൽഹി', 'നിറക്കൂട്ട്' തുടങ്ങിയ സിനിമകൾ ഞാനും ജോഷിയും ഡെന്നിസും നിർമ്മാതാവ് ജോയ് തോമസും ചേർന്ന കൂട്ടുകെട്ടിലായിരുന്നു. 'ന്യൂഡൽഹി' റിലീസായ ദിവസം ഞങ്ങൾ കശ്മീരിൽ 'നായർ സാബി'ന്റെ ഷൂട്ടിലാണ്. നാട്ടിലേക്കു വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല. ഒടുവിൽ ട്രങ്ക് കോൾ ബുക്ക് ചെയ്തു കിട്ടിയപ്പോൾ നാട്ടിലെ തിയറ്ററുകളിൽ പൂരപ്പറമ്പിലെ തിരക്കാണെന്നറിഞ്ഞു. അന്ന് ആ തണുപ്പിൽ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. ഇടയ്‌ക്കെപ്പോഴോ എഴുത്തിലെ സജീവതയിൽനിന്നു ഡെന്നിസ് മാറി നടന്നു. സജീവമാകാൻ ശ്രമിച്ചപ്പോൾ വീണ്ടും ഒന്നു രണ്ടു കഥകൾ പറഞ്ഞിരുന്നു. അടുത്തൊന്നും ഇതുപോലൊരു വേർപാട് എന്നെ ഉലച്ചിട്ടില്ല. ഇരുണ്ട കാലത്തെ വീണ്ടും വിഷാദമാക്കുന്ന വേർപാട്.