- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഞ്ജലി' റിലീസ് ചെയ്തപ്പോൾ മണിരത്നം എന്നെ വിളിച്ചിട്ട് പറഞ്ഞു...പടം ഒന്നു കാണണം; നിന്നോട് ഞാൻ ഒരു റിവഞ്ച് ചെയ്തുവച്ചിട്ടുണ്ട്; എനിക്ക് അപ്പോൾ ക്യൂരിയോസിറ്റിയായി; സിനിമ കണ്ടപ്പോൾ മണിയുടെ ഒരുകുസൃതി; മണിരത്നം ഡെന്നീസ് ജോസഫിനോട് മധുരപ്രതികാരം ചെയ്ത കഥ
തിരുവനന്തപുരം: ഡെന്നീസ് ജോസ്ഫ് തന്റെ സിനിമാ കരിയറിൽ പ്രൊഫഷണൽ മണ്ടത്തരം എന്ന് കരുതിയ ഒന്നായിരുന്നു മണിരത്നത്തിന്റെ തമിഴ് ചിത്രം അഞ്ജലിക്ക് തിരക്കഥ എഴുതാൻ കിട്ടിയ അവസരം നിരസിച്ച സംഭവം.
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പരിപാടിയിൽ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ ആ സംഭവം:
'ന്യൂഡൽഹി'യുടെ ഹിന്ദി റൈറ്റസ് രജനികാന്ത് ചോദിച്ചത് പോലെ തന്നെ ഒരുദിവസം സുഹാസിനി വിളിച്ചു. ആ സമയത്ത് തമിഴിൽ ഒരുബൂമായി വന്നുകൊണ്ടിരിക്കുകയാണ് മണിരത്നം. അദ്ദേഹത്തിന്റെ നായകൻ, അഗ്നിനക്ഷത്രം ഒക്കെ ഭയങ്കര ഹിറ്റുകൾ. അദ്ദേഹത്തിന്റെ നായകൻ ഒക്കെ കണ്ടിട്ട് ഇൻസ്പയേഡ് ആയിക്കുന്ന കാലത്ത് ഒരുദിവസം, സുഹാസിനി എന്നെ വിളിച്ചിട്ട് പറഞ്ഞു, മണിരത്നം എന്നെ ഒന്നുപരിചയപ്പടണമെന്ന് പറഞ്ഞു. അന്ന് സുഹാസിനി മണിരത്നത്തിനെ കല്യാണം കഴിച്ചിട്ടില്ല..അവർ സുഹൃത്തുക്കൾ മാത്രം. എന്റെയും സുഹൃത്താണ് സുഹാസിനി. മണിരത്നം ഒന്ന് ഹോട്ടലിൽ വന്നുകണ്ടോട്ടേ..എപ്പോഴാ സമയം എന്നുചോദിച്ചു. ഞാൻ ഒകെ പറഞ്ഞു.
അങ്ങനെ മണിരത്നം ഒരുദിവസം വുഡ്ലാൻഡിൽ എന്റെ മുറിയിൽ എന്നെ കാണാൻ വന്നു. ഞാൻ വന്നത് ...അഞ്ജലി എന്ന് സിനിമ എടുക്കുന്നു. കഥാസാരം പറഞ്ഞു. നിങ്ങൾ ഇതിന്റെ തിരക്കഥ എഴുതണമെന്ന് എന്നെ അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു..നായകനും അഗ്നിനക്ഷത്രവും മൗനഗീതവും ഒക്കെ കണ്ട് ഞെട്ടിയിരിക്കുകയാണ്. നിങ്ങൾ എന്തിനാണ് എന്നോട് തിരക്കഥ ചോദിക്കുന്നത്? ഭാഷ പോലും അറിയാത്ത എന്നോട്.
അപ്പോൾ അദ്ദേഹം എനിക്ക് അഭിമാനം തോന്നുന്ന കാര്യം പറഞ്ഞു...ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കൊമേഴ്ഷ്യൽ സ്ക്രീൻ പ്ലേ ഷോലെയാണ്. ഞാനും പറഞ്ഞു..എനിക്കും...അതേ.. അപ്പോൾ മണിരത്നം എന്നോട് പറഞ്ഞു...ഷോലേ കഴിഞ്ഞാൽ എനിക്ക് ഇഷ്ടപ്പെട്ട സ്ക്രീൻ പ്ലേ ന്യൂഡൽഹിയാണ്. ന്യൂഡൽഹിയുടെ റൈറ്ററെ എനിക്ക് വേണം. അപ്പോൾ ഞാനൊന്നു മടിച്ചു. ഞാൻ ..ഇപ്പറഞ്ഞതിന്റെ ആദ്യ ഭാഗം എനിക്കിഷ്ടപ്പെട്ടു. പക്ഷേ ഷോലേ കഴിഞ്ഞാൽ എനിക്കിഷ്ടപ്പെട്ടതായി ഞാൻ കരുതുന്നത് നായകനാണ്. നായകന്റെ റൈറ്റർ എന്നോട് എഴുതാൻ പറഞ്ഞപ്പോൾ പേടിയുണ്ട്. ഒടുവിൽ ഞാൻ സമ്മതിച്ചു.
പലയിടത്തുമായി ഇരുന്ന് സിനിമ ഡിസ്കസ് ചെയ്തു. അങ്ങനെയിരിക്കെ ജോഷി പറഞ്ഞ ഒരു പടം എനിക്ക് അടിയന്തരമായി ഏറ്റെടുക്കേണ്ടി വന്നു. നമ്പർ ട്വന്റി മദ്രാസ് മെയിൽ. അഞ്ജലിയിൽ നിന്ന് ഞാൻ പിന്മാറി. ഞാൻ കാണിച്ച ഒരുപ്രൊഫഷണൽ മണ്ടത്തരം. മര്യാദയുമായില്ല. മണിക്ക് വലിയ വിഷമമായി. അങ്ങനെയാണ് അഞ്ജലി അദ്ദേഹം തന്നെ എഴുതിയത്.അഞ്ജലി റിലീസ് ചെയ്തപ്പോൾ മണിരത്നം എന്നെ വിളിച്ചിട്ട് പറഞ്ഞു...പടം ഒന്നു കാണണം.നിന്നോട് ഞാൻ ഒരു റിവഞ്ച് ചെയ്തുവച്ചിട്ടുണ്ട്.
എനിക്ക് അപ്പോൾ ക്യൂരിയോസിറ്റിയായി. രഘുവരനും കുറെ കുട്ടികളുമാണ് മുഖ്യകഥാപാത്രങ്ങൾ. ഒരുവലിയ ഫ്ളാറ്റ് കേന്ദ്രീകരിച്ച് കഥാഗതി. അവിടെ അടച്ചിട്ട ഒരുഫ്ളാറ്റ് വളരെ ദുരൂഹത ഉണർത്തുന്നു. പുത്തുള്ള ഫ്ളാറ്റ് ഉടമ അവിടേക്ക് വരുമ്പോൾ കുട്ടികൾ വളരെ ആകാംക്ഷയോട് ഇയാളുടെ പേര് എന്തായിരിക്കും എന്ന് ഊഹിക്കുന്നു. അപ്പോൾ ആ കഥാപാത്രത്തിന്റെ പേര് ഡെന്നിസ് ജോസഫ്...പെരിയ കില്ലർ. ഇത് പിന്നീട് പൃഥ്വിരാജ് ഒരിക്കൽ മണിയുടെ കൂടെ വർക്ക് ചെയ്ത ശേഷം വന്നിട്ട് ഇക്കഥ എന്നോടു ചോദിച്ചു.
ഇപ്പോഴും മണിരത്നത്തിനോട് വഴക്കൊന്നുമില്ല..കേട്ടോ...ഇപ്പോഴും വല്ലപ്പോഴും ഫോൺ വിളിക്കുന്ന ബന്ധം.
രജനികാന്തിനെ കണ്ട കഥ
ന്യൂഡൽഹി മദിരാശിയിൽ തകർത്തോടുന്ന സമയം. സഫയർ തിയേറ്ററിൽ നൂറുദിവസം ചിത്രം റഗുലർ ഷോ കളിക്കുന്നു. മറ്റൊരു തിരക്കഥയുമായി മദിരാശിയിൽ താമസിക്കുമ്പോൾ റിസപ്ഷനിൽനിന്നൊരു കോൾ, താഴെ ഒരു വി.ഐ.പി. കാണാൻ വന്നിട്ടുണ്ടെന്ന്. ആരോ തമാശ കാണിക്കുകയാണെന്നേ കരുതിയുള്ളൂ. വി.ഐ.പി. മുകളിലേക്ക് വന്നോട്ടെയെന്നായിരുന്നു എന്റെ മറുപടി. വാതിൽ തുറന്നപ്പോൾ ഞെട്ടിപ്പോയി. എനിക്കുമുന്നിൽ രജനീകാന്ത്. അദ്ദേഹം എന്നെ കാണാൻ വന്നിരിക്കുകയാണ്. അദ്ദേഹംതന്നെ എന്റെ പേരുവിളിച്ച് ഹസ്തദാനം ചെയ്തു. രജനീകാന്ത് വന്നത് ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിനുള്ള അവകാശത്തിനാണ്. ഹിന്ദിയിൽ അദ്ദേഹത്തിന് ഹീറോ ആയിട്ട് അഭിനയിക്കണം. പക്ഷേ, അപ്പോഴേക്കും ന്യൂഡൽഹിയുടെ കന്നഡ, തെലുഗ്, ഹിന്ദി പതിപ്പുകളുടെ അവകാശം ഞങ്ങൾ കൊടുത്തുകഴിഞ്ഞിരുന്നു. രജനീകാന്തിനോട് നല്ലവാക്ക് പറഞ്ഞ് പിരിയേണ്ടിവന്നു.
മറുനാടന് ഡെസ്ക്