കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വീട്ടിൽ വച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലേക്ക് പോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

നിറക്കൂട്ട്, രാജാവിന്റെ മകൻ, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകൾ ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറന്നതായിരുന്നു. തിയേറ്ററിൽ ആവേശത്തോടെ വരവേറ്റ ഹിറ്റ് സിനിമകൾ പിന്നീട് പലതവണ മിനിസ്‌ക്രീനിലൂടെ വന്നപ്പോഴും പുതുതലമുറയിലേതടക്കമുള്ള പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമകളാണ് ഏറെയും.

എൺപതുകളിലെ ഹിറ്റ് മേക്കർകൂടിയാണ് അദ്ദേഹം. 45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. 1985-ൽ 'ഈറൻ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ച ഡെന്നീസ് ജോസഫ്, മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകനായി.

മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. സൂപ്പർ താരങ്ങളുടെ ഉദയംതന്നെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ സൂപ്പർ താരപദവിയിലേക്ക് ഉയർന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകൻ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു.

തമ്പി കണ്ണന്താനത്തനൊപ്പവും ഒട്ടേറെ ഹിറ്റുകൾ ഒരുക്കി അദ്ദേഹം. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി.

ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം.എൻ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനനം. ഏറ്റുമാനൂർ സർക്കാർ ഹൈസ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നും ബിരുദവും നേടി. ഫാർമസിയിൽ ഡിപ്ലോമയും നേടിയിരുന്നു.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അദ്ദേഹത്തിന്റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. അദ്ദേഹത്തിന്റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദർശന്റെ ഗീതാഞ്ജലിയാണ്.