- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റോ സഹോദരങ്ങളുമായി ദീപക് ധർമ്മടം ഫെബ്രുവരി ഒന്നു മുതൽ മെയ് 31 വരെ സംസാരിച്ചത് 119 തവണ; ആന്റോയും സാജനും 86 തവണ തമ്മിൽ കുശലാന്വേഷണം ; മണിക്കുന്ന് മലയിലെ തിരക്കഥയ്ക്ക് പിന്നിൽ 'ധർമ്മടം' ഫ്രണ്ട്സ്; സാജനെ രക്ഷപ്പെടുത്തുന്ന മുട്ടിൽ അട്ടിമറി സമാനതകളില്ലാത്തത്
കോഴിക്കോട്: വിവാദ മരംമുറി കേസിലെ അട്ടമറിക്ക് പിന്നിൽ 'ധർമ്മടം' ബന്ധം തന്നെ. ഈ കേസിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ.ടി.സാജൻ, ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും അനുകൂലമായി വനം ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. സാജൻ ധർമ്മടം കാരനാണ്. ഈ കേസ് അട്ടിമറിക്കാൻ ഇടപെട്ട 24 ന്യൂസിലെ മാധ്യമ പ്രവർത്തകൻ ദീപക്ക് ധർമ്മടവും ധർമ്മടത്തുകാരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തൻ എന്ന വ്യാജേനയാണ് ദീപക് ഇടപെടലുകൾ നടത്തിയത്.
മുട്ടിൽ മരമുറിയിൽ എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഫോൺ രേഖകൾ അടക്കമുള്ള തെളിവുകളുണ്ട്. ഇത്രയും ഗുരുതരമായ റിപ്പോർട്ട് മറച്ചുവച്ചുകൊണ്ടാണ് സാജൻ ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകിയത്. ഇതിനു പിന്നിലും 'ധർമ്മടം' അട്ടിമറിയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം സാജനെതിരെ നടപടിയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം. ഇതും ധർമ്മടത്തുകാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
അഗസ്റ്റിൻ സഹോദരങ്ങൾ മരംകൊള്ള കേസിലെ പ്രധാന പ്രതികളാണെന്ന പൂർണ ബോധ്യത്തോടെയാണ് സാജനും കേസിൽ ഇടപെട്ടത്. ഫെബ്രുവരി എട്ടിന് ഇരുവർക്കും എതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് സാജൻ ഇവർക്കായി രംഗത്തിറങ്ങുന്നത്. മുട്ടിൽ മരമുറിയിൽ കർശന നിലപാട് എടുത്തവരെ കേസിൽ കുടുക്കി സമ്മർദ്ദത്തിലാക്കാനായിരുന്നു തന്ത്രം. ആന്റോ സഹോദരങ്ങളും ദീപക് ധർമ്മടവും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ഇത് സാജൻ നടപ്പാക്കുകയും ചെയ്തു. ചാനലിൽ വാർത്ത കൊടുത്ത് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയായിരുന്നു തന്ത്രം.
മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിൽനിന്ന് മരം മുറിച്ചതുമായി ബന്ധപ്പെട്ട് വനം ഉദ്യോഗസ്ഥർക്കെതിരെ 'തട്ടിക്കൂട്ട്' റിപ്പോർട്ട് നൽകിയ ഫെബ്രുവരി 15ന് എൻ.ടി.സാജൻ, 12 തവണയായി ഒരു മണിക്കൂറോളം ആന്റോ അഗസ്റ്റിനുമായി സംസാരിച്ചിരുന്നു. ഫോൺ കോൾ റെക്കോർഡുകളിൽ ഇത് വ്യക്തമാണ്. ദീപക്കിന്റെ ഫോൺ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സാജനും ദീപക്കും ആന്റോ സഹോദരങ്ങളും തമ്മിലെ ബന്ധം ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 14നും മെയ് 26നും ഇടയ്ക്ക് സാജനും ആന്റോയും 86 തവണ ബന്ധപ്പെട്ടു. ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ഫോണിലും സ്വകാര്യ ഫോണിലുമായിട്ടായിരുന്നു സംഭാഷണം. 70 മിനിറ്റിലേറെ നീണ്ട സംഭാഷണങ്ങളും കൂട്ടത്തിലുണ്ട്.
കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനായ ദീപക് ആണ് ആന്റോയെയും റോജിയെയും സാജനുമായി ബന്ധപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടിലെ സൂചനകൾ. ഈ മാധ്യമ പ്രവർത്തകനുമായി സഹോദരങ്ങൾ ഫെബ്രുവരി ഒന്നു മുതൽ മെയ് 31 വരെ 119 തവണ സംസാരിച്ചതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഒആർ 1 / 2021 ആയി ഫെബ്രുവരി 8ന് രജിസ്റ്റർ ചെയ്ത 14 ക്യുബിക് മീറ്റർ ഈട്ടി കടത്തിയ കേസിലെ പ്രതികളാണ് സഹോദരങ്ങൾ എന്ന ബോധ്യത്തോടെ തന്നെയാണ് സാജൻ കേസിൽ ഇടപെടുന്നതെന്നും രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാണ്.
മണിക്കുന്ന് മലയിൽ സ്വകാര്യ ഭൂമിയിൽ മരം വെട്ടിയതിന് കേസെടുക്കാൻ വേണ്ടി ഫെബ്രുവരി 10ന് ദീപക് ധർമ്മടം കോഴിക്കോട് ഫ്ളെയിങ് സ്ക്വാഡ് ഡിഎഫ്ഒയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതേ ദിവസം ആന്റോ അഗസ്റ്റിൻ 5 തവണ മാധ്യമപ്രവർത്തകനെയും ബന്ധപ്പെട്ടിട്ടുണ്ട്. ആന്റോ അഗസ്റ്റിൻ നൽകിയ രഹസ്യ വിവരം പരിശോധിക്കാനെന്ന പേരിലാണ് സാജൻ വയനാട്ടിൽ എത്തിയത്. റവന്യൂ, വനം അധികൃതരുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ യാഥാർഥ്യം പരിശോധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല.
15ന് രാവിലെ ആന്റോ അഗസ്റ്റിനുമായി സാജൻ കാറിൽ ഒരു മണിക്കൂറോളം ഒരുമിച്ച് സഞ്ചരിച്ചിരുന്നതായി ഡ്രൈവർ മൊഴി നൽകി. ആന്റോയാണ് ചില രേഖകൾ സാജന് നൽകിയത്. അതിനു ശേഷം മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിൽ പരിശോധന നടത്താൻ സാജൻ പോയപ്പോഴും ആന്റോയും മറ്റ് നാലു പേരും അനുഗമിച്ചിരുന്നതായും രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ