കോഴിക്കോട് : മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഫോൺ രേഖകൾ പുറത്തുവന്നതോടെ സർക്കാർ പ്രതിസന്ധിയിൽ. കേസിൽ ഇടനില നിന്ന ദീപക് ധർമ്മടം എന്ന മാധ്യമ പ്രവർത്തകനെ സംരക്ഷിക്കുന്നതു സിപിഎമ്മിലെ ഒരുവിഭാഗമാണെന്ന ആരോപണം പാർട്ടിയിലും സജീവചർച്ചയായി. മരംകൊള്ളയ്ക്കു തുണയായ വിവാദ റവന്യൂ ഉത്തരവ് പുറപ്പെടുപിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനു പങ്കുണ്ടായിരുന്നെന്ന ആരോപണവും ഉയർന്നിരുന്നു.

മുട്ടിൽ കേസ് പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും സംരക്ഷണമൊരുക്കിയാണു ദീപക് രംഗത്തെത്തിയത്. മരംകൊള്ളയ്ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച മേപ്പാടി റെയ്ഞ്ച് ഓഫീസർ സമീറിനെ കള്ളക്കേസിൽ കുടുക്കാൻ കോഴിക്കോട് ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ധനേഷിനുമേൽ സമർദം ചെലുത്തിയതും ദീപക്കായിരുന്നെന്ന് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സ്വർണക്കടത്ത് കേസിൽ ഇയാൾക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയെങ്കിലും മുന്നോട്ടുപോയില്ല. മരംകൊള്ളയിൽ ഇയാളുടെ പങ്ക് പുറത്താകാതിരിക്കാനാണു ദീപക്കിനെ സംരക്ഷിക്കുന്നതെന്ന ആരോപണവുമുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന് മുമ്പ് അസുഖം വന്നപ്പോൾ ചികിൽസിക്കാൻ കൊണ്ടു നടന്നത് ദീപക് ആയിരുന്നു. അന്ന് അതീവ രഹസ്യമാക്കി വച്ച അസുഖ വിവരം ഉൾപ്പെടെ ദീപക് ഇയാളുമായുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അത് വൈറലായി. ഇതോടെ അസുഖം പുറത്താവുകയും ചെയ്തു. പിന്നീട് ദീപക് തന്നെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കൊച്ചിയിലെ അമൃതാ ആശുപത്രിയിലായിരുന്നു അന്ന് ചികിൽസ. എല്ലാം ഏകോപിപ്പിച്ചത് താനാണെന്ന് അവകാശപ്പെടുന്ന തരത്തിലായിരുന്നു ദീപക്കിന്റെ പോസ്റ്റ്. ഇയാളും ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാണ്. ഈ സാഹചര്യത്തിലാണ് ദീപക്കിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധത്തെ കുറിച്ചുള്ള മംഗളം വാർത്ത പ്രസക്തമാകുന്നത്.

ആരോപണവിധേയരെ സംരക്ഷിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും സർക്കാരിനെ വെട്ടിലാക്കുന്നതാണു വകുപ്പുതല അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ. ഇതോടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവുമായി കേസിനുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണം കടുപ്പിച്ചു.

മരംകൊള്ളയ്ക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ മേലുദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ടുണ്ടായിട്ടും പേരിനൊരു സ്ഥലംമാറ്റത്തിൽ സർക്കാർ നടപടിയൊതുക്കി. പ്രതികൾക്കുവേണ്ടി ഇടപെട്ട മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടത്തിനെതിരേ കേസെടുത്തിട്ടുമില്ല. അധികാരകേന്ദ്രങ്ങളുമായി അടുത്തബന്ധം അവകാശപ്പെടുന്ന ദീപക് തിരുവോണത്തിനു മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഹൈക്കോടതിയുടെ ഇടപെടലിനേത്തുടർന്ന് അഗസ്റ്റിൻ സഹോദരങ്ങൾ അറസ്റ്റിലായെങ്കിലും ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെയോ ദീപക്കിനെതിരെയോ നടപടിയെടുത്തില്ല. ഇവരേയും കേസിൽ പ്രതികളാക്കണമെന്നാണ് ഉയരുന്ന ആവശ്യം.