- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുഡ് മോർണിങ് ഡിഡി..! മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശവും മാനവും; തളിപ്പറമ്പിൽ അത്ര നല്ലതല്ല കാലാവസ്ഥ; മുട്ടിൽ മരംമുറിയിൽ പേരുദോഷം കേട്ട ദീപക് ധർമ്മടത്തിന് ചെല്ലപ്പേരു നൽകി റീഎൻട്രി; തുണയായത് ഗോകുലം ഗോപാലന്റെ പിന്തുണ; പത്തൊൻപതാം നൂറ്റാണ്ടിലെ 'തല്ലു കൊള്ളി നമ്പൂതിരിക്ക്' നല്ലകാലം വരുമ്പോൾ
കൊച്ചി: മുട്ടിൽ മരം മുറിയിൽ ദീപക് ധർമ്മടത്തെ 24 ന്യൂസ് ചാനൽ കുറ്റവിമുക്തനാക്കി. കോഴിക്കോട് റീജിയണൽ ബ്യൂറോ ചീഫിന്റെ ചുമതല ദീപക്കിന് തിരികെ നിൽകി. ഇന്ന് 24 ന്യൂസിൽ കോഴിക്കോട് നിന്ന് മലപ്പുറത്തെ തൽസമയ വിവരങ്ങളുമായി ദീപക് എത്തി. കഴിഞ്ഞ ദിവസം പത്ര പ്രവർത്തക യൂണിയന്റെ അച്ചടക്ക സമിതി ദീപക്കിനെ വിചാരണ ചെയ്തിരുന്നു. മുട്ടിൽ മരം മുറിയിലെ കേസുകളിലൊന്നും ദീപക് പ്രതിയല്ലാത്ത സാഹചര്യത്തിലാണ് മടക്കം. ഈ കേസിൽ വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിനെ പൂർണ്ണമായും തള്ളിയാണ് ക്രൈംബ്രഞ്ചിന്റെ കേസ് അന്വേഷണം. മുട്ടിൽ മരം മുറിയിലെ ധർമ്മടം ലിങ്കിലേക്ക് അവർ അന്വേഷണം കൊണ്ടു പോകില്ല. ഈ ഉറപ്പിലാണ് 24 ന്യൂസ് ദീപക്കിനെ തിരിച്ചെത്തിക്കുന്നത്.
മഴ വാർത്തകൾ അവതരിപ്പിച്ചാണ് ദീപക് വീണ്ടും ഫ്രെയിമിലേക്ക് കടന്നു വന്നത്. ഇന്ന് ശ്രീകണ്ഠൻ നായർ ഷോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ദീപക്കിനോട് ലൈവിൽ ശ്രീകണ്ഠൻ നായർക്ക് ചോദ്യം ചോദിക്കേണ്ടിയും വന്നില്ല. സുജയ്യയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് 24 ന്യൂസിന്റെ മോർണിങ് ന്യൂസ്. 7.55നാണ് ദീപക് വാർത്തയുമായി എത്തിയത്. തല നന്നായി ക്ലീൻ ചെയ്ത് വടക്കൻ കേരളത്തിലെ വാർത്തകൾ ദീപക് അവതരിപ്പിച്ചു. ടാറ്റയും കൊടുത്താണ് സുജയ്യയോടും ക്രിസ്റ്റീനയോടും ദീപക് സന്തോഷം പ്രകടിപ്പിച്ചത്. വെരി ഗുഡ് മോർണിങ്ങ് ഡിഡി എന്നാണ് ക്രിസ്റ്റീന ദീപക്കിനെ വിശേഷിപ്പിച്ചത്. അതായത് ദീപക് ധർമ്മടത്തിന് പുതിയ പേരു നൽകി അവതരിപ്പിക്കുകയാണ് ഡിഡി. എസ് കെ എൻ എന്നാണ് ശ്രീകണ്ഠൻ നായരെ ട്വന്റി ഫോർ ന്യൂസുകാർ വിളിക്കുന്നത്. മുട്ടിൽ കേസ് കഴിഞ്ഞെത്തുമ്പോൾ ദീപക്കിനും ഡിഡി എന്ന സ്‌നേഹ പേരു നൽകുകയാണ് ചാനൽ.
മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശവും തെളിഞ്ഞ മാനവും കോഴിക്കോടുണ്ടെന്നായിരുന്നു മഴയെ കുറിച്ചുള്ള ദീപക്കിന്റെ പ്രതികരണം. കേരളത്തിൽ സിപിഎം സമ്മേളനങ്ങൾ തെളിഞ്ഞ കാലാവസ്ഥയിലാണ് നടക്കുന്നതെങ്കിലും തളിപ്പറമ്പിൽ കാര്യങ്ങൾ അങ്ങനെ അല്ലത്രേ. പിന്നെ എംവി ജയരാജനെ ഫോണിൽ വിളിച്ച വിവരവും. അങ്ങനെയാണ് മുട്ടിലിൽ പേരുദോഷം കേട്ട് സസ്‌പെൻഷനിലായ ദീപക്കിന്റെ റീ എൻട്രി. മോൻസൺ മാവുങ്കൽ കേസിൽ പെട്ട സഹിൻ ആന്റണി രാജിവച്ചിരുന്നു. എന്നാൽ വനംവകുപ്പ് റിപ്പോർട്ടിന്റെ പേരിൽ രാജിവയ്ക്കാതെ പിടിച്ചു നിന്ന ദീപക്കിന് ഇൻസൈറ്റ് മീഡിയാ ചെയർമാൻ ഗോകുലം ഗോപാലന്റെ നിലപാട് തുണയായി. 24 ന്യൂസിന്റെ നടത്തിപ്പ് കമ്പനിയുടെ ചെയർമാനൊപ്പം ദീപക് എന്നും നിലകൊണ്ടിരുന്നു. അതുകൊണ്ടു തന്നെ തിരിച്ചുവരവ് അനായാസമായി.
സസ്പെൻഷൻ കിട്ടിയ ദീപക് ഇപ്പോൾ ഇമേജ് മാറ്റത്തിന് വെള്ളിത്തിരയിലേക്ക് ചേക്കേറിയിരുന്നു. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം തുടങ്ങുന്നത് ചന്ദ്രോത്ത് പണിക്കരുടെ അമ്പേറ്റ് വീഴുന്ന സാമൂതിരിയുടെ അതിവിശ്വസ്തനായ പോരാളിയുടെ സീനോടെയാണ്. ഈയിടെ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപാതം നൂറ്റാണ്ടിലും അഭിനയിച്ചു. 24 ന്യൂസ് ചാനലിന്റെ ചെയർമാനാണ് ഗോകുലം ഗോപാലൻ. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അമൃതാ ടിവിയിൽ പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ 24ന്യൂസിലേക്ക് ദീപക് എത്തിയത് ഗോകുലത്തിന്റെ പിന്തുണയോടെയാണെന്നാണ് റിപ്പോർട്ട്. മുട്ടിൽ മരം മുറിയിലെ ആദ്യ റിപ്പോർട്ട് എത്തിയപ്പോൾ ചാനലിൽ നിന്ന് ശ്രീകണ്ഠൻ നായർ ദീപക്കിനെ മാറ്റി നിർത്തി. ആ റിപ്പോർട്ടിൽ ദീപക്കിന്റെ പേരു പറയാതെയുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. പിന്നീട് ചാനലിൽ ദീപക് തിരിച്ചെത്തി. ഗോകുലത്തിന്റെ പിന്തുണയോടെയായിരുന്നു ഇത്.
എന്നാൽ അന്തിമ റിപ്പോർട്ടിലെ ഗൗരവ പരാമർശങ്ങൾ കാരണം ചാനലിൽ നിന്ന് ദീപക്കിനെ പരസ്യമായി സസ്പെന്റ് ചെയ്തു. പിന്നാലെ പത്രപ്രവർത്തക യൂണിയനും അതു തന്നെ ചെയ്തു. എന്നാൽ കേസിൽ പ്രതിയാകാത്തത് തുണയാക്കി ചാനലിൽ തിരിച്ചെത്തി. മുട്ടിൽ മരം മുറിയിൽ അതിരൂക്ഷ പരാമർശമാണ് ദീപക്കിനെതിരെയുള്ളത്. എന്നാൽ ഇനിയും കേസിൽ ദീപക്കിനെ പ്രതിയാക്കിയിട്ടില്ല. ദീപക്കിനെ വെറുതെ വിടാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ക്രൈംബ്രാഞ്ചിൽ ശക്തമായ സമ്മർദ്ദവും ചെലത്തുന്നുണ്ട്. ദീപക്കിനെതിരെ മാധ്യമ പ്രവർത്തകർ പകവീട്ടുകയാണെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. എന്തുവന്നാലും ദീപക്കിനെ കേസിൽ പ്രതിയാക്കില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ വീടുമായുള്ള അടുപ്പമാണ് ഇതിന് കാരണം.
ലൂസിഫർ പോലുള്ള ചിത്രങ്ങളിലും ദീപക് ചെറിയ വേഷത്തിൽ നേരത്തെ അഭിനയിച്ചിരുന്നു. ചെറുതാണെങ്കിലും ശ്രദ്ധേയമായ തല്ലുകൊള്ളി വേഷമാണ് പത്തൊൻപതാം നൂറ്റാണ്ടിൽ മുട്ടിൽ മരം മുറിയിൽ കുടുങ്ങിയ മാധ്യമ പ്രവർത്തകന് വേണ്ടി വിനയൻ മാറ്റിവച്ചത്. പ്രതിരോധ വകുപ്പിന്റെ കോഴ്സിൽ വ്യാജ സർട്ടിഫിക്കറ്റുമായ പരാതിയടക്കം ഉയർന്നു വരാത്ത തരത്തിൽ ചില സ്വാധീന കേന്ദ്രങ്ങൾ ദീപക്കിന് അനുകൂലമായി ഇപ്പോഴും ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് ഇപ്പോഴും വ്യാജ സർട്ടിഫിക്കറ്റ് കേസ്.
എന്നാൽ എട്ട് വർഷമായിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തിട്ടുമില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതാണ് ഈ മാധ്യമ പ്രവർത്തകന്റെ സ്വാധീനം. യുപിഎ സർക്കാരിന്റെ കാലത്ത് മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് നടന്ന മാഫിയാ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. 2013 നവംബറിലാണ് ഇയാളുടെ പാസ്പോർട്ടിലെ വ്യാജ സർട്ടിഫിക്കറ്റ് സാന്നിധ്യം തിരിച്ചറിയുന്നത്. പാസ്പോർട്ട് ഓഫീസർക്ക് നേരിട്ട് കിട്ടിയ പരാതിയിൽ നടപടിയും എടുത്തു. അടിയന്തരമായി പാസ്പോർട്ട് റദ്ദാക്കി. കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പാസ്‌പോർട്ട് ഓഫീസർ പരാതിയും നൽകി. പിന്നീട് നടന്നത് അട്ടിമറിയും.
ബാഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് പാസ്പോർട്ടിൽ ഇയാൾ് എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിപ്പിച്ചത്. ഇത് പരിശോധിച്ച കണ്ണൂർ എസ്്പിക്ക് ഗൗരവം പിടികിട്ടി. പക്ഷേ ഈ എസ് പി സ്ഥലം മാറി പോയതോടെ കേസ് തന്നെ അട്ടിമറിക്കുകയായിരുന്നു. ഇതിന് എല്ലാ രാഷ്ട്രീയക്കാരുടേയും പിന്തുണ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ കേസിൽ കോഴിക്കോട്ടെ പാസ്‌പോർട്ട് ഓഫീസർ നൽകിയ സത്യവാങ്മൂലം തന്നെ ഇയാളുടെ ഭീകര ബന്ധത്തിന് തെളിവാണ്. ഇതെല്ലാം പെട്ടെന്ന് എല്ലാവരും മറന്നു. 1956ലെ ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പാസ്പോർട്ട് സംഘടിപ്പിച്ചാൽ 5000 രൂപയാണ് പരമാവധി പിഴ. നിയമമുണ്ടായതിന് ശേഷം ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരാത്തതിനാൽ വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ആര് പാസ്പോർട്ട് എടുത്താലും 5000 രൂപ പിഴയടച്ചാൽ വീണ്ടും പാസ്പോർട്ട് പുതുക്കി നൽകുകയും വേണം.
ഈ പഴുതാണ് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ ഉപയോഗിച്ചത്. ഇതിന് എല്ലാവരും കുട പിടിച്ചു. അതിന് ശേഷം അസിസ്റ്റൻ പബ്ലിക് പ്രോസിക്യൂട്ടറുടെ തെറ്റായ നിയമോപദേശത്തിലൂടെ കേസ് അട്ടിമറിച്ചു. ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു അത്. സിപിഎമ്മിലും ബിജെപിയിലും കോൺഗ്രസിലും ഉള്ള നേതാക്കളും ചാനൽ റിപ്പോർട്ടറുടെ തട്ടിപ്പുകൾ അറിഞ്ഞുട്ടും കണ്ടില്ലെന്ന് നടിച്ചു. കേസ് നടക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു പരത്തി പ്രാദേശിക സിപിഎം നേതാക്കളിലെ ചിലരെ സ്വാധീനിച്ചാണ് ധർമ്മടത്തെ പൊലീസ് സ്റ്റേഷനിലെ ഓപ്പറേഷൻ വിജയകരമാക്കിയതെന്നാണ് പുറത്തു വരുന്ന സൂചനകൾ. അന്ന് കോൺഗ്രസായിരുന്നു അധികാരത്തിൽ. എന്നാൽ ധർമ്മടത്ത് അപ്പോഴും സിപിഎമ്മിനായിരുന്നു സ്വാധീനം. ഇതാണ് ദീപക്കിന് തുണയായത്.
ഇക്കാര്യങ്ങൾ എൻഐഎ അന്വേഷിച്ചാൽ മാധ്യമ ലോകത്തെ കള്ള നാണയങ്ങളും പുറത്താകും. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ രേഖ നൽകി പോയ ഗൗരവമേറിയ കുറ്റം സംഭവിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. അത് വീണ്ടും പൊടി തട്ടിയെടുത്താൽ കേരളത്തിലെ തീവ്രവാദ ബന്ധങ്ങളുടെ ചുരുളുകളും അഴിയും. സേനാ കേന്ദ്രങ്ങളിലെ രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ പല രീതികളും സ്വീകരിക്കാറുണ്ട്. എന്നിട്ടും ഈ മാധ്യമ പ്രവർത്തകന്റെ കോഴ്‌സിലെ പങ്കാളിത്തം അന്വേഷിച്ചില്ല. കൃത്യമായ അന്വേഷണം നടത്തിയാൽ സർട്ടിഫിക്കറ്റ് പരിശോധിക്കാതെ ഇയാളെ കോഴ്‌സിന് അയച്ച ഉദ്യോഗസ്ഥരും കുടുങ്ങും. അതുകൊണ്ടാണ് പ്രതിരോധ വകുപ്പിന് കീഴിലെ മാധ്യമ വിഭാഗം കേസ് അന്വേഷണത്തിൽ താൽപ്പര്യം കാട്ടത്തത്.
മറുനാടന് മലയാളി ബ്യൂറോ