റിയാദ്: കുടുംബാംഗങ്ങളോടൊപ്പം സൗദിയിൽ കഴിയുന്ന വിദേശികൾ ഓരോ ആശ്രിതർക്കും നിശ്ചിത തുക ലെവി അടയ്ക്കണമെന്ന നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നു. ആശ്രിത വിസയിലുള്ളവർക്ക് ഈ വർഷം 100 റിയാൽ വീതമാണ് പ്രതിമാസ ലെവിയായി അടയ്ക്കേണ്ടത്.

ഇഖാമ പുതുക്കുമ്പോൾ സ്പോൺസർഷിപ്പിലുള്ള ഓരോ കുടുംബാംഗത്തിനും ഒരു വർഷത്തേക്ക് 1200 റിയാൽ എന്ന തോതിലാണ് ഓരോ വിദേശിയും ലെവി അടയ്ക്കേണ്ടത്. അതേസമയം, ആശ്രിതർക്ക് റീഎൻട്രി വിസ ലഭിക്കണമെങ്കിൽ നിശ്ചിത ലെവി അടച്ചിരിക്കണം. ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലാത്തതിനാൽ ഇഖാമ പുതുക്കുമ്പോൾ മാത്രമേ ലെവി അടയ്ക്കേണ്ടതുള്ളൂ എന്നായിരുന്നു പൊതുധാരണ. എന്നാൽ, കുടുംബാംഗങ്ങളുടെ റീഎൻട്രി അടിക്കുന്നതിന് അബ്ഷിർ ഓൺലൈൻ സംവിധാനത്തിലൂടെ ശ്രമിച്ചപ്പോഴാണ് റീഎൻട്രി അടയ്ക്കണമെങ്കിൽ ലെവി തുക അടയ്ക്കണമെന്ന വ്യവസ്ഥ വ്യക്തമായത്.

ലെവി അടയ്‌ക്കേണ്ടത് ബാങ്കുകളുടെ സദാദ് ഓൺലൈൻ

ലെവി തുക അടയ്ക്കുന്നതിനായി ബാങ്കുകളുടെ സദാദ് ഓൺലൈൻ സിസ്റ്റത്തിൽ 'അസോസിയേറ്റ് ഫീസ് ഫോർ ഓൾ റിലേറ്റീവ്സ്' എന്ന പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഇഖാമ നമ്പറും കാലാവധി തിയതിയും നൽകിയാൽ എത്ര തുകയാണ് ലെവി ഇനത്തിൽ അടയ്ക്കേണ്ടതെന്നു കാണിക്കും. സാംബ ഓൺലൈനിൽ ഇത് 'അസോസിയേറ്റ് ഫീസ് ഫോർ ഓൾ അസോസിയേറ്റ്സ്' എന്ന പേരിലാണ്.

കുടുംബത്തിലെ മുഴുവൻ ആശ്രിതർക്കും റീഎൻട്രി വേണമെങ്കിൽ 'ഫീ ഫോർ ഓൾ' എന്ന തലക്കെട്ടിൽ ഇഖാമ നമ്പറും കാലാവധി തിയ്യതിയും ചേർത്താൽ മൊത്തം അടയ്ക്കേണ്ട തുക കാണിക്കും. 'അസോസിയേറ്റ് ഫീ ഫോർ സ്പെസിഫിക്' എന്ന ഹെഡിൽ ഓരോരുത്തരുടെയും ഇഖാമ നമ്പറും തിയതിയും ചേർത്താൽ അടയ്ക്കേണ്ട തുക അറിയാം. ഈ തുക അടച്ച ശേഷമേ അബ്ഷിർ വെബ്സൈറ്റ് മുഖേന റീഎൻട്രി വിസ ഇഷ്യൂ ചെയ്യാൻ സാധിക്കൂ. ഈ തുക അടയ്ക്കാതെ റീഎൻട്രി വിസക്ക് ശ്രമിച്ചാൽ അബ്ഷിറിൽ ആവശ്യമായ ഫണ്ടില്ല എന്ന സന്ദേശമാണ് ലഭിക്കുക.

ലെവി അടച്ചില്ലെങ്കിൽ ഇഖാമ പുതുക്കുമ്പോൾ പിഴ നൽകേണ്ടി വരും

ആശ്രിത ലെവി 2018 ജൂലൈ മുതൽ പ്രതിമാസം 200 റിയാലായും 2019 ജൂലൈ മുതൽ 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും. ഇതു പ്രകാരം ആശ്രിതരിൽ ഓരോരുത്തർക്കും 2018ൽ 2400 റിയാലും 2019ൽ 3600 റിയാലും 2020ൽ 4800 റിയാലും ഓരോ വിദേശിയും ഇഖാമ പുതുക്കുമ്പോൾ അടയ്ക്കേണ്ടിവരും. ആശ്രിത ലെവി ഒഴിവാക്കുമെന്നായിരുന്നു ഇന്നലെ വരെ എല്ലാ പ്രവാസികളും പ്രതീക്ഷിച്ചിരുന്നത്.

പ്രവാസി മലയാളികൾക്ക് ഇരുട്ടടി

ആശ്രിതരുടെ റീഎൻട്രി അടിക്കുന്ന വേളയിൽ ഇഖാമയുടെ കാലാവധി എത്രയാണോ ബാക്കിയുള്ളത് അത്രയും മാസത്തെ ലെവി അടയ്ക്കേണ്ടിവരുമെന്ന നിർദ്ദേശം രാജ്യത്തെ വിദേശികൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ഇതോടെ കുടുംബസമേതം രാജ്യത്ത് തങ്ങുന്ന മലയാളികൾ ഭാര്യയെയും മക്കളെയും നാട്ടിലേക്ക് അയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.

വില്ലനായത് സ്വദേശിവത്കരണനയം

സൗദിവൽക്കരണം പ്രോൽസാഹിപ്പിക്കലും പൊതുവരുമാനം വർധിപ്പിക്കലും ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ഉയർത്തുന്നുണ്ട്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 200 റിയാൽ വീതമാണ് ലെവി അടയ്ക്കേണ്ടത്. ഇതനുസരിച്ച് 50 ശതമാനവും അതിൽ കൂടുതലും സൗദിവൽക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങൾ ലെവി അടയ്ക്കേണ്ടതില്ല.

ജനുവരി 1 മുതൽ സ്വകാര്യ മേഖലയിലെ മുഴുവൻ വിദേശ തൊഴിലാളികൾക്കും ലെവി ബാധകമാക്കുന്നതിനാണ് തീരുമാനം. 2018 ജനുവരി 1 മുതൽ സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 400 റിയാലും 2019 ജനുവരി 1 മുതൽ 600 റിയാലും 2020 ജനുവരി 1 മുതൽ 800 റിയാലും ലെവി അടയ്ക്കേണ്ടിവരും. സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 2018ൽ പ്രതിമാസം 300 റിയാലും 2019ൽ പ്രതിമാസം 500 റിയാലും 2020 ജനുവരി 1 മുതൽ പ്രതിമാസം 700 റിയാലുമാണ് ലെവി നൽകേണ്ടത്.

ഇഖാമ പുതുക്കുമ്പോൾ ഒരു വർഷത്തേക്ക് സ്പോൺസർഷിപ്പിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും 1200 റിയാൽ എന്ന തോതിലാണ് ഓരോ വിദേശിയും ലെവി അടയ്ക്കേണ്ടതെന്നാണ് നേരത്തെ ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പ്രസ്താവിച്ചിരുന്നത്. ഇക്കാര്യത്തിൽ ധന വകുപ്പിന്റെയോ തൊഴിൽ, ജവാസാത്ത് വകുപ്പുകളുടെയോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറങ്ങിയിരുന്നില്ല.