ജിദ്ദ: 25 വയസു കഴിഞ്ഞാൽ പിതാവിന്റെ സ്‌പോൺസർഷിപ്പിൽ നിൽക്കാൻ സാധിക്കില്ലെന്ന് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്. മാതാപിതാക്കളുടെ ഡിപ്പൻഡന്റായി കഴിയുന്നവർ 25 വയസ് പൂർത്തിയാകുന്നതോടെ ഇൻഡിപെൻഡന്റ് സ്‌പോൺസറെ തേടണമെന്നും തങ്ങളുടെ പ്രഫഷൻ അനുസരിച്ച് ഇഖാമ നേടണമെന്നും പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

25 വയസിനു മുകളിലുള്ള ഡിപ്പൻഡന്റുമാരുടെ ഇഖാമകൾ ഇനി മുതൽ പുതുക്കില്ലെന്നാണ് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ സ്‌പോൺസർഷിപ്പ് മാറ്റുകയോ ജോലി മാറുകയോ ചെയ്താൽ മാത്രമേ ഇഖാമ പുതുക്കൽ നടത്തുകയുള്ളുവെന്ന് വക്താവ് അറിയിച്ചു.

എന്നാൽ ചില എംപ്ലോയർമാർ തങ്ങളുടെ കീഴിൽ ജോലിക്കു ചേരുന്ന എംപ്ലോയികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ മനപ്പൂർവം കാലതാമസം വരുത്തുന്നതായും പരാതിയുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ എംപ്ലോയർ സ്‌പോൺസർഷിപ്പ് നൽകുന്നതു വരെ ചിലർ താത്ക്കാലികമായി സൗദി സ്‌പോൺസർമാരെ കണ്ടെത്തുന്ന കേസുകളും ഉണ്ട്. സൗദിയിൽ തങ്ങളുടെ ഭാവിക്ക് ഭീഷണി ഉയർത്തുന്ന ഇത്തരം ഒട്ടേറെ സ്‌പോൺസർഷിപ്പ് തടസങ്ങൾ നിലവിലുണ്ടെന്നും വിദേശ തൊഴിലാളികൾ പറയുന്നു.

സ്‌പോൺസർഷിപ്പ് മാറ്റണമെങ്കിൽ പുതിയ സ്‌പോൺസറിൽ നിന്ന് കത്ത് നേടേണ്ടത് ആവശ്യമാണ്. കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചേംബർ സർട്ടിഫൈ ചെയ്തതാകണം പുതിയ സ്‌പോൺസർ. പാസ്‌പോർട്ട്, ഇഖാമ എന്നിവയുടെ കോപ്പി സഹിതം ലേബർ ഓഫീസിൽ നിന്നു ലഭിച്ച ഒരു ഫോമിൽ വേണം അപേക്ഷ സമർപ്പിക്കാൻ. ഗവൺമെന്റ് ഫീസായി 2000 റിയാലും കെട്ടിവയ്ക്കണം.