കൊളറാഡൊ സ്പ്രിങ്സ്: ഫെബ്രുവരി അഞ്ചിന് തിങ്കളാഴ്ച വൈകിട്ട് കാർ മോഷ്ടാവും പൊലീസും തമ്മിൽ നടന്ന വെടിവയ്പിൽ രണ്ട് എൽപാസൊ കൗണ്ടി ഷെറിഫ് ഡെപ്യൂട്ടികൾക്കും കൊളറാഡൊ സ്പ്രിങ്ങ്ങ്സ് പൊലീസ് ഓഫിസർക്കും വെടിയേറ്റു. വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ എൽപാസൊ കൗണ്ടി ഷെറിഫ് ഡെപ്യൂട്ടി മൈക്ക് ഫ്ലിക് (34) പിന്നീട് മരിച്ചു.

ഭാര്യയും 7 വയസ്സുള്ള രണ്ട് ഇരട്ടകുട്ടികളും ഉൾപ്പെടുന്നതാണ് മൈക്കിന്റെ കുടുംബം. കാർ മോഷ്ടാവും പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. വൈകിട്ട് നാലിനാണ് കാർ മോഷണത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. സംഭവ സ്ഥലത്തു കുതിച്ചെത്തിയ പൊലീസ് മോഷ്ടാവുമായി സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് വെടിവയ്ക്കുകയായിരുന്നു. മുറെഹിൽ അപ്പാർട്ട്മെന്റിനു സമീപമായിരുന്നു വെടിവയ്പു നടന്നത്.

മുറിവേറ്റ പൊലീസ് ഓഫീസർമാരെ മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതിയെകുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊളറാഡൊ ഗവർണർ ജോൺ ഹിക്കൻ ലൂപർ ഡെപ്യൂട്ടിയോടുള്ള ആദര സൂചകമായി പതാക താഴ്‌ത്തി കെട്ടുന്നതിന് (ചൊവ്വാഴ്ച) ഉത്തരവിട്ടു.