കണ്ണൂർ: അനധികൃത കെട്ടിട നിർമ്മാണം തടഞ്ഞ ഓവർസിയറെ ഭീഷണിപ്പെടുത്തുന്ന കണ്ണൂർ ഡെപ്യൂട്ടി മേയറുടെ ശബ്ദം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നിർദ്ദേശപ്രകാരം സൈറ്റ് ഇൻസ്‌പെക്ഷൻ നടത്തിയ ഓവർസിയർ രാജന് എതിരെയാണ് കോൺഗ്രസ് വിമതനായി ജയിച്ച ഡെപ്യൂട്ടി മേയർ പി. കെ രാഗേഷിന്റെ ഭീഷണി. രാജൻ റെക്കോഡ് ചെയ്ത ഫോൺ സംഭാഷണമാണ് ഇപ്പോൾ വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വൈറലായത്.

കണ്ണൂർ സവോയി ഹോട്ടലിന്റെ മുൻവശത്തെ ബദനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അനധികൃതമായി പണിയുന്നു എന്ന് കണ്ടെത്തിയത്. ഇതേ തുടർന്നാണ് ഓവർസിയർ രാജൻ കെട്ടിടം പരിശോധിച്ച് അത് പൊളിച്ച് മാറ്റാൻ ആവശ്യപ്പെട്ടത്. എന്നാൽ പി.കെ രാഗേഷ് ഇതറിഞ്ഞ്് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ വിളിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓവർസിയറോട് തന്നെ വിളിക്കാൻ ആവിശ്യപ്പെടുകയുമായിരുന്നു.ഇതനുസരിച്ച് ഡപ്യൂട്ടി മേയറെ വിളിച്ചപ്പോഴാണ് ഭീഷണി ഉയർത്തിയത്.

ആദ്യം അനുനയത്തിലാണ് ഇടപെടലെങ്കിലും പിന്നീട് സംസാരം ഭീഷണിയിലേക്ക് മാറുന്നു.തനിക്ക് ലഭിച്ച നിർദ്ദേശപ്രകാരമാണ് സൈറ്റ് പരിശോധിക്കാൻ പോയതെന്നും, അതിൽ തെറ്റൊന്നുമില്ലെന്നും ഓവർസിയർ രാജൻ വിശദീകരിച്ചു.നിർമ്മിച്ച കെട്ടിടത്തിന്റെ കുറേ ഭാഗം പുറത്തേക്ക് തള്ളിയാണ് നിൽക്കുന്നതെന്നും അത് അനധികൃതമാണെന്നും രാജൻ പറയുന്നുണ്ടെങ്കിലും ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ് അതംഗീകരിക്കുന്നില്ല.

കെട്ടിടം സ്ഥലം കയ്യേറിയാണ് നിർമ്മിച്ചത് എന്ന് വിശദീകരിച്ചപ്പോൾ, അത് നീ അന്വേഷിക്കാൻ വരേണ്ട എന്നും നോട്ടീസ് തങ്ങൾ നൽകിയിട്ടുണ്ട് എന്നും നിങ്ങൾ അവിടെ പോകേണ്ട ആവശ്യമില്ല എന്നുമാണ് പറഞ്ഞത്. എന്നാൽ അവിടെ പോവേണ്ട സാഹചര്യം ഉണ്ടെങ്കിൽ പോവുമെന്നും പറഞ്ഞപ്പോൾ രാജൻ ആവശ്യമില്ലാത്തയിടത്തെല്ലാം വേണ്ടാതെ തലയിടുകയാണെന്ന കുറ്റപ്പെടുത്തി. കോർപ്പറേഷൻ നോട്ടീസ് നൽകിയ ശേഷം കയ്യേറ്റമുണ്ടായിട്ടുണ്ടോ ഇല്ലയോ എന്നുള്ളതല്ല അവിടെ കയ്യേറ്റമുണ്ട് എന്നുള്ളതാണ് സത്യമെന്ന് ഓവർസിയർ രാജൻ വ്യക്തമാക്കി. എന്നാൽ അത്തരമൊരു പരിശോധന അനാവശ്യമാണെന്നും തങ്ങൾ നോട്ടീസ് നൽകിയതോടെ പ്രശ്‌നം അവസാനിച്ചുവെന്നുമുള്ള നിലപാടാണ് ഡപ്യൂട്ടി മേയർ സ്വീകരിക്കുന്നത്. തുടർന്ന് പി.കെ.രാഗേഷിന്റെ സ്വരം ഭീഷണിയായി മാറുന്നു. 'പൊലീസിനെക്കൊണ്ട് പൊളിപ്പിക്കും അല്ലേ രാജാ നീ ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടണ്ട. ഇനി നീ ഇന്ന് ആ സൈറ്റിൽ പോവണ്ട. നീ എന്നാൽ പോയി നോക്ക് എങ്കിൽ നീ വിവരമറിയും'എന്നാണ് ഭീഷണി.

കോർപ്പറേഷനിലെ ഗ്രേഡ് വൺ ഓവർസിയറായ കെ.കെ രാജനെ സസ്‌പെൻഡ് ചെയ്താണ് ഡെപ്യൂട്ടി മേയർ പ്രതികാരം വീട്ടിയത്. കേരള എൻജിനീയറിങ്ങ് സ്റ്റാഫ് സംസ്ഥാന സമിതി അംഗമായ രാജൻ കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയതും മാധ്യമങ്ങളോട് പ്രതികരിച്ചതുമാണ് രാജനെ സസ്‌പെൻഡ് ചെയ്യാനുള്ള കാരണമായി കോർപ്പറേഷൻ ചൂണ്ടിക്കാണിക്കുന്ന്ത്.

ജീവനക്കാരുടെ സ്വാതന്ത്രത്തിൽ രാഷ്ട്രീയസാമ്പത്തിക മുതലെടുപ്പിന്റെ ഭാഗമായി ഡെപ്യൂട്ടി മേയർ ഇടപെടുന്നു എന്ന ആരോപണം ജീവനക്കാർക്കിടയിൽ ശക്തമാകുന്ന സാഹചര്യത്തിലാണ് കോർപ്പറേഷന്റെ ഈ നടപടി.രാജനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലിൽ ഭരണ പക്ഷവും ജീവനക്കാരും ദിവസേന ഏറ്റുമുട്ടൽ രൂക്ഷമാവുകയാണ്. അനുമതിയില്ലാതെ ഓവർസിയർ മാധ്യമങ്ങളെ കണ്ടത് സർവ്വീസ് റൂൾ പ്രകാരം തെറ്റാണ് എന്ന മുടന്തൻ ന്യായം പറഞ്ഞാണ്്. ഭീഷണി പുറത്തായതും, ബദനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ അനധികൃത നിർമ്മാണം കണ്ടെത്തി പൊളിക്കാൻ നിർദ്ദേശിച്ചതുമാണ് സസ്‌പെൻഷന് കാരണം എന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

ഒക്ടോബർ രണ്ടിനാണ് പി. കെ രാഗേഷ് രാജനെ ഭീഷണിപ്പെടുത്തിയത്. എൽഡിഎഫ് പിന്തുണയോടെയായിരുന്നു സ്വതന്ത്ര അംഗമായ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് വിമതനായി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച രാഗേഷിന്റെ പിന്തുണയോടെയാണ് കണ്ണൂർ കോർപ്പറേഷൻ ഭരണം ആദ്യമായി എൽഡിഎഫ് പിടിച്ചെടുത്തത്.