കുവൈത്തിൽ പൊതു നിരത്തുകളിലും പാർപ്പിട മേഖലകളിലു ഡെസേർട്ട് ബൈക്കുകൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുന്നു.വിലക്ക് ബുധനാഴ്ച മുതൽ കർശനമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പൊതു നിരത്തുകൾ, അതിവേഗ ഹൈവേകൾ, ജനവാസ മേഖലകൾ എന്നിവിട ങ്ങളിൽ ഡെസേർട്ട് ബൈക്കുകൾ ഓടിക്കുന്നത് രാജ്യത്തു നിയമ വിരുദ്ധമാണെങ്കിലും നിരോധനം കാര്യമായി നടപ്പാക്കപ്പെട്ടിരുന്നില്ല. പൊതു നിരത്തുകളിൽ ആൾ ടെറൈൻ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗതാഗത തടസ്സം വാഹനാപകടം എന്നിവക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തണുപ്പ് കാലങ്ങളിൽ ഡെസേർട്ട് ബൈക്കുകളുടെ ഉപയോഗം വർധിക്കുന്നത് മുന്നിൽ കണ്ടാണ് നിരോധനം കർശനമാക്കി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുതിർന്ന ആളാണ് നിയമം ലംഘിക്കുന്നതെങ്കിൽ ബൈക്കിനോടൊപ്പം കസ്റ്റഡിയിലെടുക്കുകയാണ് ചെയ്യുക. കുട്ടികളാണെങ്കിൽ രക്ഷിതാക്കൾക്കെതിരെയാകും നിയമ നടപടി

മരുപ്രദേശങ്ങൾ, ആൾതാമസമില്ലാത്തതും വാഹനഗതാഗതം നടക്കാത്തതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഡെസേർട്ട് ബൈക്കുകൾ ഓടിക്കാൻ അനുമതിയുള്ളത്. ഇതിനായി പ്രത്യേക മോട്ടോർ സൈക്കിൾ ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്നും അധികൃതർ അറിയിച്ചു.