വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എപ്പോൾ എങ്കിലും ചിന്തിച്ചിട്ടുണ്ടോ, കയറുന്ന വിമാനം തെറ്റാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന്. ബസിലും ട്രയിനിലും ഒക്കെ ഉള്ള പോലെ ബോർഡ് ഇല്ലാത്തതിനാൽ ലാന്റ് ചെയ്തു കഴിയുമ്പോൾ ആയിരിക്കും നിങ്ങൾ വിമാനം മാറിക്കയറിയ വിവരം അറിയുക. അപ്പോഴേക്കും നിങ്ങൾ എത്തി നിൽക്കുന്നത് നിങ്ങൾക്ക് പോവേണ്ട രാജ്യത്തിനു അനേകം കിലോമീറ്റർ അകലെയുള്ള മറ്റൊരു രാജ്യത്ത് ആയെന്ന് വരാം. നിങ്ങളുടെ ടിക്കറ്റ് സ്‌കാൻ ചെയ്യാൻ ചുമതലപ്പെട്ടവർ തെറ്റ് കണ്ടെത്തി തിരിച്ചു വിടുമെന്ന് കരുതേണ്ട. അനേകം പേർക്ക് തെറ്റായി വിമാനത്തിൽ കയറേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

വിമാനത്തിൽ കയറി ഡോർ അടച്ച് കഴിഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞാൽ പിന്നെ വിമാനം മാറിക്കയറിയെന്നറിഞ്ഞാലും യാത്രക്കാർക്ക് യാതൊരു രക്ഷയുമില്ല. വേണമെങ്കിൽ അടുത്ത എയർപോർട്ടിൽ ഇറങ്ങുകയെന്ന വഴി മാത്രമേ അവർക്ക് മുന്നിലുള്ളൂ. സാങ്കേതിത തകരാറുകൾ, എയർപോർട്ടിലെ അറിയിപ്പുകൾ കേൾക്കാതിരിക്കൽ, യാത്രാക്ഷീണം മൂലം വേണ്ടത്ര ജാഗ്രത പുലർത്താൻ സാധിക്കാതിരിക്കുക തുടങ്ങിയ വിവിധ കാരണങ്ങൾ മൂലം യാത്രക്കാർ വിമാനം മാറിക്കയറിയെന്ന് വരാം. തങ്ങൾക്കുണ്ടായ ഇത്തരം ദുരനുഭവങ്ങൾ പങ്ക് വച്ച് നിരവധി ഇന്റർനെറ്റ് ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്.

പ്രശസ്തമായ ക്വസ്റ്റ്യൻആൻഡ് ആൻസർ സൈറ്റായ ക്വാറയിൽ ഇത് സംബന്ധിച്ചുയർ ഒരു ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയിലാണ് നിരവധി പേർ ഇത്തരം അനുഭവങ്ങൾ പങ്ക് വച്ച് മുന്നോട്ട് വന്നിരിക്കുന്നത്. വിമാനം മാറിക്കയറിയ അനുഭവമുണ്ടോയെന്നായിരുന്നു സ്ഥിരം വിമാനയാത്രക്കാരോട് ഇതിൽ ചോദ്യമുന്നയിച്ചിരുന്നത്. നോർത്ത് കരോലിനയിലേക്കുള്ള കയറുന്നതിന് പകരം ഇല്ലിനോയിസിലേക്കുള്ള വിമാനത്തിൽ കയറിയ ദുരനുഭവമാണ് ഇവിടെ ക്രിസ്റ്റഫർ വില്ലിസ് എന്നയാൾ പങ്ക് വച്ചിരിക്കുന്നത്. ആ സമയത്ത് വിമാനത്താവളത്തിൽ രണ്ട് യുണൈറ്റഡ് റീജിയണൽ ജെറ്റുകളുണ്ടായിരുന്നുവെന്നും അതിനാലാണ് തനിക്ക് അമളി പിണഞ്ഞതെന്നും അദ്ദേഹം പറയുന്നു.

താൻ ഗേറ്റ് ഏജന്റിന് പാസ് കൈമാറിയിരുന്നുവെന്നും അയാൾ അത് പരിശോധിച്ച് ഇടത് വശത്തെ വിമാനത്തിലേക്ക് വിരൽ ചൂണ്ടിയപ്പോൾ താൻ അതിൽ കയറുകയായിരുന്നുവെന്നും ക്രിസ്റ്റഫർ വെളിപ്പെടുത്തുന്നു. ബഹറിനിലേക്ക് പോകേണ്ടതിന് പകരം കുവൈത്തിലേക്ക് വിമാനം മാറിക്കയറിയ അനുഭവമാണ് മൈക്കൽ ഡുയിഫ് പങ്ക് വച്ചിരിക്കുന്നത്. കുവൈത്തിൽ ഇറങ്ങിയപ്പോഴാണ് തനിക്ക് പിണഞ്ഞ അബദ്ധം ഇദ്ദേഹം തിരിച്ചറിഞ്ഞത്. സെന്റ് ലൂയീസ് എയർപോർട്ടിൽ നിന്നും അലബാമയിലേക്ക് പോകേണ്ടതിന് പകരം വിമാനം മാറിക്കയറി ലോവയിലെത്തിയ അമളിയാണ് ജോനാതൻ ലാംബർട്ടൻ വിവരിക്കുന്നത്. എന്നാൽ വിമാനം മാറിക്കയറിയെങ്കിലും ഡോർ അടച്ച് അത് പുറപ്പെടുന്നതിന് മുമ്പ് അബദ്ധം തിരുത്തിയ അനുഭവം നിരവധി പേർ പങ്ക് വച്ചിട്ടുണ്ട്.