കൊച്ചി: കഴിഞ്ഞ ശനിയാഴ്‌ച്ച ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അങ്കമാലി കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തു വന്നു. ദിലീപിന് ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ജാമ്യഹർജി തള്ളുന്നതെന്ന് ഉത്തരവിൽ പറയുന്നു.

വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിയുടെ പേരിൽ ഉന്നയിക്കപ്പെട്ടത്. ജാമ്യം നൽകിയാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അന്വേഷണം നടക്കുമ്പോൾ ദിലീപ് ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടാവേണ്ടതുണ്ടെന്നും കോടതി നിരീക്ഷിക്കുന്നു.

ഇത്തരം കുറ്റകൃത്യങ്ങൾ കോടതി ലഘുവായി കാണില്ലെന്ന് സമാനമനസ്‌കരെ ഓർമ്മിപ്പിച്ചു കൊണ്ടാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തീർപ്പാക്കിയിരിക്കുന്നത്. വാദിഭാഗത്തിന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങൾ കേൾക്കുകയും കേസ് ഡയറി വായിച്ചു ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് കോടതി ഗൗരവകരമായ ഈ നിരീക്ഷണങ്ങളോടെ ദിലീപിന് ജാമ്യം നിഷേധിച്ചത്.