കൊച്ചി: പായ്ക്കറ്റിൽ പൊതിഞ്ഞിരിക്കുന്നത് വെറും രണ്ടു കിലോയുള്ള സാധനമാണെങ്കിലും അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചു കോടിയിലധികമാണ് ഈ മയക്കു മരുന്നിന്റെ വില. കൊച്ചിയിൽ നിന്നും പിടികൂടിയ മയക്കുമരുന്നിന്റെ കഥകൾ പുറത്ത് വരുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരടക്കം ഞെട്ടിയിരിക്കുകയാണ്. ഐസ്‌മെത്ത് എന്ന പേരിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഇത്രയേറെ ആവശ്യക്കാരുള്ള ലഹരിവസ്തു വിരളമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

സർവനാശം വിതയ്ക്കുന്ന നിശബ്ദ കൊലയാളി

ഐസ്‌മെത്തിന്റെ ലഹരിയിൽ വീണു പോയാൽ ഒരു തിരിച്ചു വരവ് അസാധ്യമാണെന്നാണ് നിഗമനം. ആദ്യ ഉപയോഗത്തിൽ തന്നെ ഏതൊരാളും ഇതിന് പൂർണമായും അടിമപ്പെട്ടിരിക്കും.മെത്താംഫിറ്റമിൻ, ഐസ്, സ്പീഡ് എന്ന മൂന്ന് പേരുകളിലാണ് ഇവ പരക്കേ അറിയപ്പെടുന്നത്. അതിവേഗത്തിൽ തലച്ചോറിൽ എത്തി നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ ലഹരിവസ്തുവിന് സ്പീഡ് എന്ന പേര് ലഭിച്ചത്. പാർട്ടി ഡ്രഗ് ആയി സ്ത്രീകൾ കൂടുതലായും ഉപയോഗിക്കുന്നത് ഇതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അപൂർവമായി മാത്രം കിട്ടുന്നതുകൊണ്ട് വൻ ഡിമാൻഡാണിതിന്.

ഒരു തവണ കുത്തി വച്ചാൽ മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിന് സാധിക്കുമത്രെ. ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 16 മണിക്കൂർ വരെ ലഹരി നിലനിൽക്കും. അതിയായ ആഹ്‌ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും വീണ്ടും ചെയ്യുന്നതിനുള്ള തോന്നലും ഈ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമിത ലൈംഗികാസക്തിയുണ്ടാക്കുമെന്നും പറയുന്നു.

പൊടിച്ച ശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുകയാണ് രീതി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് വില്പനയ്ക്കായി നഗരത്തിലെത്തിച്ച 'ഐസ്‌മെത്ത് 'എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായതോടെയാണ് ഐസ്മെത്ത് വാർത്തകളിൽ നിറയുന്നത്. ലഹരിമരുന്ന് മാർക്കറ്റിൽ അഞ്ച് കോടി രൂപയോളം വില വരുന്നതാണിത്.

ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പൊലീസ് പിടിയിലായത്. ഇയാളിൽനിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റർ ഹാഷിഷ് ഓയിൽ എന്ന് സംശയിക്കുന്ന പദാർത്ഥവും കണ്ടെടുത്തു. ചെന്നൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പല ഭാഗത്തേക്കും മയക്കുമരുന്നുകൾ കയറ്റി അയയ്ക്കുന്ന സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഈ സംഘത്തിന്റെ ഫോൺ കോളുകളും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളും പ്രവൃത്തികളും നിരീക്ഷിച്ചുവരികയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്രയും അധികം മെത്താംഫിറ്റമിൻ പിടികൂടുന്നത്.

ശ്രീലങ്കയിൽ എൽ.ടി.ടി.ഇ.ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാർഗമാണ് മയക്കുമരുന്ന് കടത്ത്. മലേഷ്യ, സിങ്കപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ നിർമ്മിച്ച് അവിടെ നിന്ന് കടൽമാർഗം ശ്രീലങ്കയിൽ എത്തിക്കുന്ന മയക്കു മരുന്നുകൾ അവിടെ നിന്ന് അഭയാർത്ഥികൾ വഴി ബോട്ട് മാർഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളിൽ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാർ മുഖാന്തിരം എത്തിച്ചിരുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഇബ്രാഹിം ഷെരീഫ് എന്ന് ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഇയാൾക്ക് മയക്കുമരുന്നുകൾ കൈമാറിയ ബിഗ് ബോസ് എന്നറിയപ്പെടുന്നയാളെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ട്രെയിനിൽ കൊച്ചിയിലേക്ക് ലഹരിമരുന്നുമായി ഇബ്രാഹിം ഷെരീഫ് പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ വച്ച് ഇതേ ട്രെയിനിൽ കയറിയ ഷാഡോ സംഘം പ്രതിയെ നിരീക്ഷിച്ചുവരികയും നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ പിടികൂടുകയുമായിരുന്നു. ഇയാൾ തുണിത്തരങ്ങളുടെ ബിസിനസ് എന്ന രീതിയിൽ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് സിങ്കപ്പുരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ സഞ്ചരിച്ചിരുന്നു.

കൊച്ചിയിൽ അടുത്തയിടെ കൊറിയർ സർവീസ് കമ്പനിയിൽനിന്ന് വൻതോതിൽ എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെത്തിയ സംഭവവുമായി ഇത്തരം മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോർജിന്റെ നേതൃത്വത്തിൽ ഷാഡോ എസ.ഐ. എ. ബിബിൻ, നോർത്ത് എസ്‌ഐ. വിബിൻദാസ്, സി.പി.ഒ.മാരായ അഫ്‌സൽ, ഉസ്മാൻ, സാനു, വിനോദ്, സാനുമോൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.