- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലഖിംപുർ സംഘർഷം: കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധി നിരാഹാര പ്രതിഷേധത്തിൽ; സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന വീഡിയോ പുറത്ത്; പോരാട്ടം തുടരുമെന്ന് കോൺഗ്രസ്
ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ സംഘർഷ സ്ഥലം സന്ദർശിക്കാനെത്തി അറസ്റ്റിലായതിന് പിന്നാലെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നിരാഹര പ്രതിഷേധത്തിലെന്ന് സൂചന. ഉത്തർപ്രദേശിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. പൊലീസ് ഗസ്റ്റ് ഹൗസ് പ്രിയങ്കാ ഗാന്ധി വൃത്തിയാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇവിടം വൃത്തിയാക്കുന്ന പ്രിയങ്കയുടെ വീഡിയോ ഇന്ത്യൻ എക്സ്പ്രസാണ് ട്വീറ്റ് ചെയ്തത്.
Detained, Priyanka Gandhi Vadra cleans the PAC Guest House in Sitapur district, UP. Live updates: https://t.co/IkRQNnKygP pic.twitter.com/HWbChifUws
- The Indian Express (@IndianExpress) October 4, 2021
യുപി ലഖിംപൂരിൽ പ്രതിഷേധ മാർച്ചിനിടെ വാഹനം കയറി മരിച്ച കർഷകരുടെ കുടുംബത്തെ കാണാൻ പോയപ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൻ പൊലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാൻ വിന്യസിച്ചത്. പ്രിയങ്കയുടെ ചുറ്റും വളഞ്ഞ പൊലീസുകാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പ്രിയങ്ക പിന്മാറാൻ തയ്യാറായില്ല. വാറണ്ട് ഇല്ലാതെ എന്നെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ലെന്നാണ് പ്രിയങ്ക പ്രതികരിച്ചത്.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാനായി ഇന്ന് പുലർച്ചെയാണ് പ്രിയങ്ക ലഖിംപുർ ഖേരിയിലെത്തിയത്. പ്രിയങ്കയെ പിടിച്ചുവലിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇത് കർഷകരുടെ രാജ്യമെന്നും കർഷകരെ കാണുന്നതിൽനിന്ന് എന്തിന് തടയുന്നുവെന്നും പ്രിയങ്ക ചോദിച്ചു. കർഷകരുടെ ശബ്ദം കൂടുതൽ ശക്തമാകുമെന്നും അവർ പറഞ്ഞു.
'നിങ്ങൾ, നിങ്ങൾ പ്രതിരോധിക്കുന്ന സർക്കാർ കൊന്നവരേക്കാൾ പ്രധാനപ്പെട്ടയാളല്ല ഞാൻ. ലീഗൽ വാറണ്ട് തരൂ അല്ലെങ്കിൽ ഞാനിവിടെ നിന്നും പോവില്ല. നിങ്ങളെന്നെ തൊടില്ല,' രോഷത്തോടെ പ്രിയങ്ക പറയുന്നു. ഇടയ്ക്ക് തനിക്കെതിരെ ബലം പ്രയോഗിക്കാൻ ശ്രമിച്ച പൊലീസുകാരനും പ്രിയങ്ക മറുപടി നൽകുന്നുണ്ട്. 'അറസ്റ്റ് വാറണ്ടില്ലാതെ ഞാൻ ഇവിടെ നിന്നും പോവില്ല. നിങ്ങളെന്ന ഈ കാറിലേക്ക് കൊണ്ടു പോയാൽ ഞാൻ നിങ്ങൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് നൽകും. മുഴുവൻ പൊലീസുകാർക്കെതിരെയുമായിരിക്കില്ല കേസ്. പക്ഷെ നിങ്ങൾക്കെതിരെയായിരിക്കും,' പ്രിയങ്ക പറയുന്നു.
പ്രിയങ്കയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ ഇവർക്കൊപ്പം വന്ന കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയും പൊലീസിനോട് ശബ്ദിക്കുന്നത് വീഡിയോയിൽ കാണാം. ഇയാളെ ഒരു കൂട്ടം പൊലീസുകാർ ബലമായ പിടിച്ച് പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നു. ഇത് തടയാൻ പ്രിയങ്ക ശ്രമിക്കുന്നുണ്ട്. 'നിങ്ങൾക്കൊരു സ്ത്രീയോട് സംസാരിക്കാൻ പറ്റുന്നില്ല. പകരം അദ്ദേഹത്തെ അടിക്കുകയാണ്', പ്രിയങ്ക വീഡിയോയിൽ പറയുന്നു. പ്രിയങ്ക ഗാന്ധിക്കെതിരെ നടന്ന അതിക്രമത്തിനെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്. പ്രിയങ്കയുടെ വസ്ത്രം കീറിക്കളയാൻ ശ്രമിച്ചെന്നും കൈ പിടിച്ച് തിരിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. തങ്ങളുടെ പോരാട്ടം തുടരുമെന്നും ഉത്തർപ്രദേശ് കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.
നേരത്തേ സംഘർഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്‌നൗവിൽ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് അർധരാത്രിയോടെ കാൽനടയായാണ് പ്രിയങ്കയും സംഘവും ലഖിംപുർ ഖേരിയിലേക്ക് യാത്ര തിരിച്ചത്. പിന്നീട് പൊലീസ് അനുമതിയോെട വാഹനത്തിലായിരുന്നു പ്രിയങ്കയുടെ യാത്ര.
ലഖിംപുർ സന്ദർശിക്കാനുള്ള നീക്കത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് സമാജ്വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് ലക്നൗവിലെ വസതിക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൻ പൊലീസ് സംഘമാണ് അഖിലേഷിന്റെ വീടിനു മുന്നിൽ തമ്പടിച്ചിരിക്കുന്നത്.
ബിജെപി സർക്കാർ കർഷകരോടു ചെയ്യുന്ന ദ്രോഹം ബ്രിട്ടിഷുകാർ പൊലും ചെയ്തിട്ടില്ലെന്ന് അഖിലേഷ് പറഞ്ഞു. സംഘർഷത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് 2 കോടി രൂപ നൽകണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളെ അവിടേയ്ക്ക് വിടാതെ എന്തു മറയ്ക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അഖിലേഷ് ചോദിച്ചു.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാനെത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെയും യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിഎസ്‌പി നേതാവ് സതീഷ് ചന്ദ്രയെ വീട്ടുതടങ്കലിലാക്കിയ പൊലീസ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രന്ധാവ എന്നിവർക്ക് പ്രവേശനാനുമതി നിഷേധിച്ചു.
ലഖിംപുരിലേക്ക് പോകുന്നവരെ തടയുന്നത് എന്തിനെന്ന് ചോദിച്ച ഭൂപേഷ് ബാഗേൽ, അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് കുറ്റപ്പെടുത്തി. അന്നദാതാക്കളെ വിജയിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ലഖിംപുർ ഖേരിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്കു കാറുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് 4 പേരും ഈ കാറുകൾ കത്തിച്ചതിനെ തുടർന്ന് 4 പേരും കൊല്ലപ്പെട്ടിരുന്നു. കാറുകളിലൊന്ന് ഓടിച്ചിരുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണെന്നാണ് കർഷകരുടെ ആരോപണം. കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
ന്യൂസ് ഡെസ്ക്