ദുബായ്: സ്മാർട്ട് സർവീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (DEVA) അൽ ഹംറിയയിലെ കസ്റ്റമർ സെന്റർ പൂട്ടുന്നു. ഈ മാസം 30 മുതൽ ഇനി കസ്റ്റമർ സെന്റർ പ്രവർത്തിക്കില്ലെന്ന് ദീവ വ്യക്തമാക്കിയിട്ടുണ്ട്. സ്മാർട്ട് ദുബായ് പദ്ധതികളുടെ ഭാഗമായാണ് ദീവയും സ്മാർട്ടാകുന്നത്.

ദീവ ഇടപാടുകൾ മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ വഴിയും മറ്റും ആയിത്തുടങ്ങിയതോടെ കസ്റ്റമർ സെന്ററുകളിലേക്ക് ആളുകൾ എത്താതായതിനെ തുടർന്നാണ് ഇത് അടച്ചുപൂട്ടാൻ തീരുമാനമായത്.  ദുബായിയെ ലോകത്തിലെ ഏറ്റവും സന്തുഷ്ട നഗരമാക്കുകയെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ലക്ഷ്യത്തിന് അനുസരിച്ചാണു ദീവ സ്മാർട് മാറ്റത്തിനു വേഗം വർധിപ്പിച്ചത്. ദുബായിൽ താമസിക്കുന്നവരുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാനും അതിനും അപ്പുറത്തേക്കു വളരാനും സർക്കാർ സ്ഥാപനങ്ങളോടു ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു.

2018 ആകുന്നതോടെ സർക്കാർ വകുപ്പുകളിൽ സന്ദർശകരുടെ എണ്ണം 80% ആയി കുറയ്ക്കണമെന്നാണ് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ സേവനങ്ങളിൽ ക്രിയാത്മക മാറ്റം കൊണ്ടുവരാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ നിർദേശത്തിൽനിന്നാണു ദീവ പ്രചോദനം ഉൾക്കൊണ്ടതെന്നു സിഇഒയും എംഡിയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.