തിരുവനന്തപുരം: ദേവസ്വം ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്കു പിന്നാലെ ക്ഷേത്രങ്ങളിലെ വഴിപാടു നിരക്ക് ഏകീകരണം സംബന്ധിച്ചും ഫോട്ടോഷോപ്പ് പ്രചാരണം. 

എൽഡിഎഫ് സർക്കാർ ക്ഷേത്രങ്ങളിലെ വഴിപാടു നിരക്കുകൂട്ടിയെന്ന നിലയിലാണ് സംഘപരിവാർ അനുകൂലികൾ സൈബർ ലോകത്തു പ്രചരിപ്പിക്കുന്നത്. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് വഴിപാടു നിരക്ക് ഏകീകരിക്കാൻ പുറപ്പെടുവിച്ച ഉത്തരവാണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കുകയാണു മറുപക്ഷം.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രമടക്കം ഉൾപ്പെടുത്തി 'ഹിന്ദു ജനതയോട് അനീതി' എന്ന നിലയിലുള്ള പ്രചാരണമാണു സൈബർ ലോകത്തുണ്ടായത്.

എന്നാൽ, തിരുവിതാംകൂർ ദേവസ്വത്തിന്റെ അധീനതയിലുള്ള 1250 ക്ഷേത്രങ്ങളിലെ വഴിപാടു നിരക്കുകൾ ഏകീകരിച്ച് 2016 ഏപ്രിൽ ഒന്നിനാണ് ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയത്. ROC 10416/12/suit/NS എന്ന നമ്പറിൽ ഇറങ്ങിയ ഉത്തരവ് മെയ് ഒന്നിന് പ്രാബല്യത്തിൽ വരികയായിരുന്നു. ഒരേ വഴിപാടിന് പലനിരക്ക് ഈടാക്കുന്നുവെന്നും രസീത് നൽകുന്നില്ല എന്നും വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് വഴിപാട് നിരക്ക് ഏകീകരിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം കമ്മറ്റി രൂപീകരിച്ച് സാധ്യതാപഠനവും നടത്തി. ഇത് മറച്ചുപിടിച്ചാണ് വ്യാജപ്രചരണം ഒരുവിഭാഗം അഴിച്ചുവിട്ടത്.

ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവിനെ 'വഴിപാട് നിരക്ക് കുത്തനെ കൂട്ടി' എന്ന നിലയിൽ ജന്മഭൂമി വാർത്ത നൽകിയിരുന്നു. നിരക്കിലുണ്ടാകുന്ന മാറ്റം മെയ് ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് പറയുന്ന പത്രം പ്രസ്തുത ഉത്തരവ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ചതാണെന്നത് മറച്ചുവച്ചു. ഈ വാർത്തയും ദേവസ്വം മന്ത്രി കടകംപള്ളിയുടെ ചിത്രവും ചേർത്ത് അസത്യപ്രചരണ പോസ്റ്ററുകളുമാണ് സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണവുമായി എത്തിയത്. ഇക്കാര്യവും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉത്തരവിന്റെ പകർപ്പടക്കം ഉൾക്കൊള്ളിച്ചുള്ള പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ ഒരു ഫോട്ടോഷോപ്പ് നാടകം കൂടി പൊളിഞ്ഞല്ലോ എന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ ഉയർന്നു.