- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയ്ക്കുമൊപ്പം ദേവസ്യാപ്പിക്കും ഇനി ഇവിടെ ഉറങ്ങട്ടെ; വീട്ടുജോലിക്കാരനെ കുടുംബ കല്ലറയിൽ സംസ്കരിച്ച് ശ്രദ്ധാഞ്ജലി; ദേവസ്യ മരിച്ചത് കോവിഡ് ബാധയെത്തുടർന്ന്; രാജഗിരി കളപ്പുരയ്ക്കൽ കുടുംബത്തിലെ സ്നേഹഗാഥ
കണ്ണൂർ: തന്റെ ആയുസിന്റെ പകുതിയും മറ്റൊരു കുടുംബത്തിന്റെ സന്തോഷത്തിനും ദു;ഖത്തിനുമായി മാറ്റിവച്ച ദേവസ്യ എന്ന വയോധികന് അർഹിക്കുന്ന യാത്രാമൊഴി നൽകി കുടുംബം.ജീവിതയാത്രയിൽ ഒപ്പം നിന്ന ജോലിക്കാരനെ മാതാപിതാക്കളുറങ്ങുന്ന കുടുംബക്കല്ലറയിൽ സംസ്കരിച്ചാണ് വീട്ടുകാർ സ്നേഹാഞ്ജലി അർപ്പിച്ചത്. തങ്ങളുടെ കുടുംബത്തിനുവേണ്ടി ജീവിച്ച ആ മനുഷ്യന് ഇതിലും വലിയ യാത്രയയപ്പു നൽകാനില്ല.രാജഗിരി ഇടവകയിലെ കളപ്പുരയ്ക്കൽ കുടുംബത്തിലെ അപ്പച്ചനും അമ്മച്ചിക്കുമൊപ്പം വീട്ടുജോലിക്കാരനായ അവരുടെ പ്രിയപ്പെട്ട ദേവസ്യാപ്പിയും ഇനി കുടുംബ കല്ലറയിൽ ഉറങ്ങും
കളപ്പുരയ്ക്കൽ മൈക്കിൾ - ത്രേസ്യാമ്മ ദമ്പതികളുടെ കുടുംബത്തിൽ വളരെ ചെറുപ്പത്തിലെ ജോലിക്ക് എത്തിയ ദേവസ്യ വീട്ടുകാർക്ക് പ്രിയപ്പെട്ട ദേവസ്യാപ്പിയാണ്.വിവാഹം പോലും കഴിക്കാതെ ദേവസ്യാപ്പി ജിവിച്ചത് കളപ്പുരയ്ക്കൽ കുടുംബത്തിന് വേണ്ടിത്തന്നെയായിരുന്നു.കുടുംബത്തിലെ പത്ത് മക്കളും സ്വന്തം മക്കളായിരുന്നു ദേവസിക്ക്.അതുകൊണ്ട് തന്നെ മറ്റൊരുകുടുംബത്തെക്കുറിച്ചോ കളപ്പുരയ്ക്കൽ വീടിന്റെ മതിൽക്കെട്ടിനപ്പുറത്ത് ഒരു സന്തോഷത്തെക്കുറിച്ചോ ഒന്നും തന്നെ ദേവസിക്ക് വല്യ പിടിയില്ലായിരുന്നു.
ഈ ആത്മബന്ധം കൊണ്ടുതന്നെ മൈക്കിൾ - ത്രേസ്യാമ്മ ദമ്പതികൾ തങ്ങളുടെ മക്കളോട് ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം തങ്ങളുടെ കാലശേഷവും ദേവസ്യാപ്പിക്ക് ഒരു കുറവും ഉണ്ടാവരുതെന്ന്. തങ്ങളുടെ കുടുുംബത്തിനായി ജീവിച്ച ദേവസിക്ക് തങ്ങളുടെ അപ്പനും അമ്മച്ചിക്കൊപ്പം കല്ലറയൊരുക്കി അവരുടെ ആഗ്രഹം കൂടിയാണ് ഈ പത്തുമക്കളും സഫലീകരിച്ചത്.
ദമ്പതിമാരുടെ മരണശേഷം കരുവഞ്ചാലിലെ അഗതിമന്ദിരത്തിൽ പ്രത്യേക മുറി ഒരുക്കിയാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച കഴിഞ്ഞദിവസമാണ് ദേവസ്യ മരണപ്പെട്ടത്. അടക്കത്തെക്കുറിച്ച്് കളപ്പുരയ്ക്കലിലെ ഇന്നത്തെതലമുറയ്ക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. ദേവസിയുടെ മൃതദേഹം തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം സംസ്കരിക്കാൻ തീരുമാനിച്ചത് എല്ലാ മക്കളും ഒരുമിച്ചാണ്.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പാഠമാണ് കളപ്പുരയ്ക്കലിലെ ഈ സ്നേഹഗാഥ നമ്മോട് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ