- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫട്‌നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രി; ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജയ്ക്കും മന്ത്രിസ്ഥാനം; മഹായുതി സഖ്യ സാധ്യതകൾ തള്ളാതെ ഉദ്ദവും സത്യപ്രതിജ്ഞയ്ക്ക് എത്തി
മുബൈ: മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ വിവാദങ്ങൾക്ക് വിരാമമിട്ട് ശിവസേനാ തലവൻ ഉദ്ദവ് താക്കറെയുമെത്തി. ഇതോടെ ബിജെപി-ശിവസേന സഖ്യം വീണ്ടും മഹാരാഷ്ട്രയിൽ യാഥാർത്ഥ്യമാകുമ

മുബൈ: മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ വിവാദങ്ങൾക്ക് വിരാമമിട്ട് ശിവസേനാ തലവൻ ഉദ്ദവ് താക്കറെയുമെത്തി. ഇതോടെ ബിജെപി-ശിവസേന സഖ്യം വീണ്ടും മഹാരാഷ്ട്രയിൽ യാഥാർത്ഥ്യമാകുമെന്നും ഉറപ്പായി.
മഹായുതി സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മികച്ച ജയമാണ് ലഭിച്ചത്. അതു കണക്കിലെടുത്താണ് സംസ്ഥാന അധ്യക്ഷനായ ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത്. ഈയിടെ അന്തരിച്ച ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ മുഖ്യമന്ത്രി പദവിയിലേക്ക് പങ്കജ അവകാശവാദം ഉന്നയിച്ചിരുന്നു. അതുകൊണ്ട് പങ്കജയെ മന്ത്രിയാക്കാൻ ദേശീയ നേതൃത്വം അനുവദിക്കില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ മുണ്ടെയോടുള്ള പ്രവർത്തകരുടെ ഇപ്പോഴും തുടരുന്ന മാനസിക അടുപ്പം തിരിച്ചറിഞ്ഞ് പങ്കജയെ മന്ത്രിയാക്കാൻ പ്രധാനമന്ത്രി മോദി ആവശ്യപ്പെടുകയായിരുന്നു.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവുവായാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പത്ത് അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. ചടങ്ങിൽ ഏക്‌നാഥ് ഖഡ്‌സെ, സുധീർ മുംഗന്തിവാർ, വിനോദ് താവ്‌ഡെ, പ്രകാശ് മേഹ്ത, വിഷ്ണു സാവ്‌ര, ചന്ദ്രകാന്ത് പാട്ടീൽ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചുമതലയേറ്റു. നിയമസഭയിൽ വിശ്വാസ വോട്ട് നേടിയ ശേഷമേ ഫ്ട്‌നാവിസിന്റെ മന്ത്രിസഭ വികസിപ്പിക്കൂ എന്നാണ് സൂചന.
ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. സത്യപ്രതിജ്ഞ തുടങ്ങി അൽപ്പനേരം കഴിഞ്ഞാണ് ഉദ്ദവ് വാങ്കഡേ സ്റ്റേഡിയത്തിലെത്തിയത്. ഇതോടെ ബിജെപിയുമായി ശിവസേന വീണ്ടും സഖ്യത്തിലാകുമെന്ന പ്രതീക്ഷയും സജീവമായി. നേരത്തെ മന്ത്രിസഭാ രൂപീകരണത്തിൽ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന വിമർശനവുമായി ബിജെപിക്കെതിരെ സേനാ മുഖപത്രമായ സാമ്‌ന രംഗത്ത് വന്നിരുന്നു. അതിനാൽ സത്യപ്രതിജ്ഞയ്ക്ക് ഉദ്ദവ് എത്തില്ലെന്നും അഭ്യൂഹമുയർന്നു. വിവാദങ്ങൾക്ക് അവസാനമിട്ട് സേനാ തലവൻ ചടങ്ങിനെത്തിയതോടെ മഹായുതി സഖ്യം പുതിയ രൂപത്തിൽ വീണ്ടുമെത്തുമെന്നും ഉറപ്പായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാവ് എൽകെ അദ്വാനി, പാർട്ടി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ മുൻനിര നേതാക്കൾക്കൊപ്പം വിവേക് ഒബ്‌റോയി ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുമെത്തി. മഹാരാഷ്ട്രയിലെ കോൺഗ്രസ്, എൻസിപി നേതാക്കളും ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
മഹാരാഷ്ട്രയുടെ 27-ാം മുഖ്യമന്ത്രിയാണ് 44 വയസുകാരനായ ഫഡ്‌നാവിസ്. നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ്. 1989 ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഫഡ്‌നാവിസ് രണ്ട് തവണ നാഗ്പൂർ മുനിസിപ്പൽ കൗൺസിലറായിരുന്നു. പിന്നീട് 1999 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

