തിരുവനന്തപുരം: ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത ദേവികുളം എംഎൽഎ എ.രാജ 2500 രൂപ പിഴ ഒടുക്കണമെന്ന് സ്പീക്കറുടെ റൂളിങ്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മെയ്‌ 24 മുതൽ ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂൺ രണ്ടാം തീയതി വരെയാണ് പിഴ ഒടുക്കേണ്ടത്. അതേസമയം ഈ ദിവസങ്ങളിൽ രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ നടപടികൾ ഒന്നുംതന്നെ അസാധുവാകില്ല.

എ. രാജ തമിഴ് ഭാഷയിൽ നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തണമെന്നും നിയമവകുപ്പ് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് തയാറാക്കിയ തമിഴ് ഭാഷയിലുള്ള സത്യപ്രതിജ്ഞാ വാചകം അപൂർണമായതിനാലാണ് രാജയുടെ സത്യപ്രതിജ്ഞയിൽ പിശക് സംഭവിച്ചതെന്നാണ് നിയമവകുപ്പിന്റെ റിപ്പോർട്ട്.

സത്യപ്രതിജ്ഞാ വാചകത്തിൽ അവസാനമായി പരാമർശിക്കേണ്ടിയിരുന്ന 'ദൈവനാമത്തിൽ' അല്ലെങ്കിൽ 'സഗൗരവം' എന്നിവയിൽ ഏതെങ്കിലും ഒരു വാക്കിനു സമാനമായ തമിഴ് വാക്ക് ഉൾപ്പെടുത്താതെയാണ് നിയമവകുപ്പ് തയാറാക്കിയ സത്യപ്രതിജ്ഞാ ഫോറം അംഗത്തിനു നൽകിയത്.

രണ്ടാമത് സത്യപ്രതിജ്ഞ ചെയ്ത ജൂൺ രണ്ടുവരെ സഭാ നടപടികളിൽ പങ്കെടുത്തതും സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതതും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ക്രമപ്രശ്നമുന്നയിച്ചിരുന്നു.

പഠിച്ചശേഷം റൂളിങ് നൽകാമെന്നായിരുന്ന് സ്പീക്കർ അറിയിച്ചത്. തുടർന്നാണ് പിഴ നൽകണമെന്ന് ഇപ്പോൾ സ്പീക്കർ റൂളിങ് നൽകിയത്. ക്രമപ്രകാരം സത്യപ്രതിജ്ഞാ ചെയ്യാതെ അഞ്ചുദിവസം സഭയിൽ ഹാജരായ രാജയിൽനിന്ന് ദിവസം അഞ്ഞൂറ് രൂപ വീതം പിഴ ഈടാക്കണമെന്നാണ് ചട്ടമെന്നും വി ഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടിരുന്നു