മൂന്നാർ: ദേവികുളം സബ്കളക്ടറും സി.പി.എം പോരും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നേരത്തെ ശ്രീറാം വെങ്കിട്ടരാമൻ ആയിരുന്നു സിപിഎമ്മിന്റെ കണ്ണിലെ കരടെങ്കിൽ ഇന്ന് വി ആർ പ്രേംകുമാറിനോടാണ് സിപിഎമ്മിന് അയിത്തം. ഭൂമി കയ്യേറ്റത്തിനെതിരെ പോരാടിയ ശ്രീറാമിനെ മാറ്റിയപ്പോൾ തലവേദന ഒഴിഞ്ഞെന്ന് കരുതിയ സിപിഎമ്മിന് പുതിയസബ് കളക്ടർ പ്രേംകുമാറും തലവേദനയായി മാറിയിരിക്കുകയാണ്.

പാർട്ടി പിരിവ് നടത്തിയ സി.പി.എം പ്രവർത്തകരാണ് ഒടുവിൽ ദേവികുളം സബ്കളക്ടറുടെ കോപത്തിനിരയായത്. ഇവരെ ഉടൻ സബ്കളക്ടർ പടിക്ക് പുറത്താക്കുകയും ചെയ്തു. ആർ.ഡി.ഒ. ഓഫീസിനുള്ളിൽ ഫണ്ടുപിരിവ് നടത്തിയ സി.പി.എം.പ്രവർത്തകരെയാണ് പടിക്ക് പുറത്താക്കിയത്. സബ് കളക്ടറുടെ നിർദേശപ്രകാരം ഗൺമാനാണ് ഇറക്കിവിട്ടത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് 15 പേരടങ്ങുന്ന സിപിഎമ്മുകാർ ആർഡിഒ നായനാർ അക്കാദമി നിർമ്മാണഫണ്ട് സമാഹരണത്തിന് ബക്കറ്റ് പിരിവുമായി ഓഫിസിൽ എത്തിയത്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ആർ. ഈശ്വരൻ, ലോക്കൽ സെക്രട്ടറി ജോബിൻ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും ജീവനക്കാരിൽനിന്ന് പണം ശേഖരിക്കുന്നതിനിടെ സബ് കളക്ടറുടെ ഗൺമാൻ എത്തി ഇവരെ തടഞ്ഞു.

വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ എത്തുന്ന സമയത്ത് പിരിവുപറ്റില്ലെന്നും പുറത്തുപോകണമെന്നും സബ് കളക്ടർ പറഞ്ഞതായി ഗൺമാൻ അറിയിച്ചു. തുടർന്ന് പിരിവ് നിർത്തിയ പ്രവർത്തകർ സബ് കളക്ടർ വി.ആർ. പ്രേംകുമാറിന്റെ ഓഫീസിലെത്തി അദ്ദേഹത്തെ കാണാൻശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. തുടർന്ന് പാർട്ടിക്കാർ മടങ്ങിപ്പോയി.

സബ് കളക്ടറുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നാരോപിച്ച് വൈകീട്ട് സി.പി.എം. പ്രവർത്തകർ ആർ.ഡി.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി. സംഭവം വിവാദമായതിനെത്തുടർന്ന് ജില്ലാ കളക്ടർ ജി.ആർ. ഗോകുൽ സബ്കളക്ടറോട് നടന്നതെന്തെന്ന് ആരാഞ്ഞു.

ശ്രീറാമിന്റെ അതേ സ്‌റ്റൈലിലുള്ള പ്രേംകുമാറും മൂന്നാറിലെ സി.പി.എം.നേതാക്കളുമായി ഇടയുന്നത് ഇതാദ്യമല്ല. പാർട്ടി അനുകൂലപ്രദേശമായ ഇക്കാനഗറിൽ സി.പി.എം. മഹിളാനേതാവ് ജയ ഭൂമി കൈയേറി വീടുപണിതത് ഒഴിപ്പിക്കാൻ സബ് കളക്ടർ നടത്തിയ നീക്കം പാർട്ടികേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

പകുതി ഒഴിപ്പിച്ച് മടങ്ങുകയും വീട് പൂർണമായി ഒഴിപ്പിച്ചെന്ന് കള്ളറിപ്പോർട്ട് നൽകുകയുംചെയ്ത മൂന്നാർ സ്പെഷ്യൽ തഹസിൽദാർ കെ.എസ്. ജോസഫിനെ സസ്പെൻഡ് ചെയ്യാനും സബ് കളക്ടർ നിർദേശിച്ചു. തുടർന്ന് ജില്ലാകളക്ടർ ഇയാളെ സസ്പെൻഡ് ചെയ്തു.