- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരങ്ങേറ്റത്തിൽ ലോഡ്സിൽ സെഞ്ചുറി കുറിച്ച് ന്യൂസിലൻഡ് യുവ ഓപ്പണർ ഡിവോൺ കോൺവേ; അതുല്യ പ്രകടനം ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ; മറികടന്നത് ഗാംഗുലിയുടെ റെക്കോർഡ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മുന്നെ കിവിസ് നിലയുറപ്പിക്കുന്നു

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി. അതും വിഖ്യാതമായ ലോർഡ്‌സ് മൈതാനത്ത്. ക്രിക്കറ്റ് കരിയറിൽ അപൂർവമായി മാത്രം ലഭിക്കുന്ന നേട്ടം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ന്യൂസിലൻഡിന്റെ യുവ ഓപ്പണർ ഡിവോൺ കോൺവേ. ഹാരി ഗ്രഹാം (ഓസ്‌ട്രേലിയയ്ക്കായി 1893ൽ), സൗരവ് ഗാംഗുലി (ഇന്ത്യയ്ക്കായി 1996ൽ) എന്നിവർക്കുശേഷം ലോർഡ്‌സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ താരം കൂടിയാണ് കോൺവേ.
ഇതിനിടെ, അരങ്ങേറ്റക്കാരൻ ലോർഡ്‌സിൽ നേടുന്ന ഉയർന്ന സ്‌കോറുമായി ഇന്ത്യയുടെ മുൻ താരം സൗരവ് ഗാംഗുലിയുടെ റെക്കോർഡും കോൺവേ പഴങ്കഥയാക്കി. ഗാംഗുലി നേടിയ 131 റൺസ് മറികടന്ന കോൺവേ, നിലവിൽ 136 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന 11ാമത്തെ ന്യൂസീലൻഡ് താരമാണ് കോൺവേ.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസീലൻഡ് ടീമിന്റെ ആത്മവിശ്വാസമേറ്റുന്നതാണ് ഡിവോൺ കോൺവേയുടെ മിന്നും പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ലോർഡ്‌സ് മൈതാനത്ത് കോൺവേയുടെ അതുല്യ പ്രകടനം.
ACCESS ALL ANGLES | What's your favourite of Devon Conway's century-making flick for FOUR? ????
- Spark Sport (@sparknzsport) June 3, 2021
➡ #ENGvNZ Day 2 LIVE & EXCLUSIVE on Spark Sport from 9:15pm ????⭕️
➡️ @BLACKCAPS Breakfast 7am each morning ????☕️ pic.twitter.com/0FRtzI9z8G
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ഒന്നാം ദിനം കളി നിർത്തുമ്പോൾ 86 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ്. അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിച്ച കോൺവേ 240 പന്തിൽ 16 ഫോറുകൾ സഹിതം 136 റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഹെന്റി നിക്കോൾസ് 149 പന്തിൽ മൂന്നു ഫോറുകൾ സഹിതം 46 റൺസുമായി കൂട്ടുനിൽക്കുന്നു.
ഓപ്പണർ ടോം ലാഥം (57 പന്തിൽ 23), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (33 പന്തിൽ 13), റോസ് ടെയ്‌ലർ (38 പന്തിൽ 14) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിക്കുന്ന ഒലീ റോബിൻസൻ 16 ഓവറിൽ 50 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ജയിംസ് ആൻഡേഴ്‌സൻ 20 ഓവറിൽ 55 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
ഓപ്പണിങ് വിക്കറ്റിൽ ടോം ലാഥത്തിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ന്യൂസീലൻഡിന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ച കോൺവേ, പിരിയാത്ത നാലാം വിക്കറ്റിൽ ഹെന്റി നിക്കോൾസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്തിട്ടുണ്ട്. ഇതുവരെ 289 പന്തുകൾ നേരിട്ട നിക്കോൾസ് കോൺവേ സഖ്യം 132 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. വിഖ്യാതമായ ലോർഡ്‌സ് മൈതാനത്ത് അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി കുറിക്കുന്ന ആറാമത്തെ മാത്രം താരമാണ് ഡിവോൺ കോൺവേ. ഇരുപത്തൊൻപതുകാരനായ കോൺവേ ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലെ മിന്നുന്ന പ്രകടനത്തിന്റെ തുടർച്ചയായാണ് ഇത്തവണ ന്യൂസീലൻഡ് ടെസ്റ്റ് ടീമിലും ഇടം നേടിയത്.
ഈ വർഷം മാർച്ചിൽ ബംഗ്ലാദേശിനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച കോൺവേ, ആദ്യ മൂന്ന് ഇന്നിങ്‌സുകൾക്കിടെ ഒരു സെഞ്ചുറിയും (126) അർധസെഞ്ചുറിയും (72) നേടിയിരുന്നു. മൂന്ന് ഇന്നിങ്‌സുകളിൽനിന്ന് 75.00 ശരാശരിയിൽ 225 റൺസാണ് സമ്പാദ്യം. നവംബറിൽ ട്വന്റി20 അരങ്ങേറ്റം കുറിച്ച കോൺവേ ഇതുവരെ 11 ഇന്നിങ്‌സുകളിൽനിന്ന് 59.12 ശരാശരിയിൽ 473 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതിൽ നാല് അർധസെഞ്ചുറികളുമുണ്ട്. പുറത്താകാതെ നേടിയ 99 റൺസാണ് ഉയർന്ന സ്‌കോർ. ദക്ഷിണാഫ്രിക്കയിൽ ജനിച്ചുവളർന്ന കോൺവേ, 2017ൽ മാത്രമാണ് ന്യൂസീലൻഡിലേക്ക് കുടിയേറിയത്.


