- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീ പത്മനാഭന്റെ സ്വർണശേഖരം ആദ്യമായി കാണാനും സ്പർശിക്കാനും സാധിച്ചു എന്നോർക്കുമ്പോൾ അളവറ്റ ചാരിതാർഥ്യം തോന്നുന്നു; ആ ദൈവകാരുണ്യത്തിനു മുന്നിൽ നമിക്കുന്നു': ശ്രീപദ്നാഭസ്വാമി ക്ഷേത്ര നിധി ആദ്യമായി കണ്ടപ്പോൾ കെ.ജയകുമാർ ഐഎഎസിന് അനുഭവപ്പെട്ട ചാരിതാർഥ്യം ഇനി ഭക്തർക്കും അനുഭവിക്കാം; ശ്രീപത്മനാഭന്റെ നിധിശേഖരം ഭക്തർക്ക് കാണാൻ അവസരം ഒരുങ്ങുന്നു
തിരുവനന്തപുരം: പുലർച്ചെ എണീറ്റ് ശ്രീപത്മനാഭനെ നിർമ്മാല്യം തൊഴുന്നത് പുണ്യമായി കാണുന്നവരാണ് തിരുവനന്തപുരത്തുകാർ. അചഞ്ചലമായ ഭക്തി. കേസും കൂട്ടവും ഒന്നുമില്ലാതെ പദ്നാഭദാസന്മാരായി കഴിഞ്ഞാൽ മതി അവർക്ക്. ക്ഷേത്രത്തിൽ ശതകോടികളുടെ നിധി എന്ന വാർത്ത കാട്ടുതീ പോലെ പടർന്ന് ക്ഷേത്ര പ്രശസ്തി കടൽ കടന്നപ്പോഴും ഇവിടത്തുകാർക്ക് അത് തലമുറകൾ കൈമാറി വന്ന തലമുറകൾക്കായി കാത്തുവച്ച ശ്രീപത്മനാഭന്റെ സ്വത്തായിരുന്നു. നാടിന്റെ ആത്മവിശ്വാസമായിരുന്നു. ആയിരുന്നു എന്നല്ല ആണ്.
ക്ഷേത്രത്തിലെ നിധിസമ്പത്ത് കണക്കാക്കുവാൻ നിയോഗിച്ച ആദ്യസമിതി അംഗമായിരുന്ന മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ അടുത്തിടെ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ ഒരുഭാഗം വായിച്ചാൽ ആ ഭക്തിയുടെ ഒരുവേറിട്ട തലം തിരിഞ്ഞുവരും.
'വളരെക്കാലമായി പത്മനാഭസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തുന്ന എന്നെ ഈ നിയമപോരാട്ടം അകാരണമായി അസ്വസ്ഥനാക്കിയിരുന്നു. ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിലെല്ലാം പ്രശാന്തിയും പ്രചോദനവും തേടി അനന്തത പള്ളികൊള്ളുന്ന ഈ മഹാക്ഷേത്രത്തിൽ ഞാൻ ചെന്നിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഓവർബ്രിഡ്ജിനടുത്ത് ഒരു ലോഡ്ജിൽ കുറേമാസം ഞാൻ ഏകാന്തവാസം നടത്തിയിരുന്നു. വെളുപ്പാൻകാലങ്ങളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി തൊഴുകയെന്നത് ഞാൻ പതിവാക്കിയിരുന്നു. ദർശനത്തിനു ശേഷം ഏകനായി ആ ചിത്രത്തൂണുകൾ ചാരിയിരുന്ന പ്രഭാതങ്ങളിൽ അഗാധമായൊരു ആത്മവിശ്വാസവും അവാച്യമായൊരു സുരക്ഷാബോധവും മനസ്സിൽ നിറഞ്ഞിരുന്നത് ഇപ്പോഴും ഓർക്കുന്നു, നാല്പത്തിരണ്ടു വർഷങ്ങൾക്കു ശേഷവും.'
ക്ഷേത്രനിലവറകളിലെ അമൂല്യനിധിശേഖരം, (സുപ്രീം കോടതി തുറക്കാൻ അനുമതി നൽകിയിട്ടില്ലാത്ത)ബി. നിലവറയിലേത് ഒഴിച്ചുള്ള നിധശേഖരം ഇനി ഭക്തർക്കും തീർത്ഥാടകർക്കും മുമ്പിൽ പ്രദർശിപ്പിക്കുകയാണ്. ഒറിജനൽ അല്ലെങ്കിലും അതിനോട് കിടപിടിക്കുന്ന അപൂർവ രത്നങ്ങളുടെയും ആഭരണങ്ങളുടെയും ത്രീ ഡി ചിത്രങ്ങളാണ് കാണാൻ കഴിയുക. ക്ഷേത്രത്തിന് അടുത്ത് സജ്ജമാക്കുന്ന മ്യൂസിയത്തിലാകും പ്രദർശനം. പുതിയ ഭരണസമിതിയുടെ മുഖ്യദൗത്യങ്ങളിൽ ഒന്ന് ഇത് തന്നെയാവും.
നിധിശേഖരത്തിന്റെ 45,000 േേത്താളം ത്രിഡി ചിത്രങ്ങൾ ലഭ്യമാണ്. ഇതിന്റെ മൂന്ന് സെറ്റുകളിൽ ഒരെണ്ണം സുപ്രീം കോടതിയിലും, മറ്റൊന്ന് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസിലും മൂന്നാമത്തേത് ക്ഷേത്രത്തിലും സൂക്ഷിച്ചിട്ടുണ്ട്. കെൽട്രോണിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ രാജകുടുംബത്തിനും എതിർപ്പില്ലെന്നാണ് സൂചന.
നിധിശേഖരം ആദ്യമായി കണ്ടപ്പോഴത്തെ അനുഭവം കെ.ജയകുമാർ ദൈവകാരുണ്യമായാണ് കാണുന്നത്. ലേഖനത്തിൽ നിന്ന്:
'ആദ്യത്തെ അറ തുറന്നപ്പോൾ അതിനുള്ളിൽ ആദ്യം ഇറങ്ങാൻ തയ്യാറായതും ഞാനായിരുന്നു. (കൂട്ടത്തിൽ ചെറുപ്പം എന്ന പരിഗണനയിൽ) കാൽപ്പെട്ടികളിൽ നിറച്ചുവെച്ചതും ദ്രവിച്ച പെട്ടികളിൽനിന്ന് തറയിലെല്ലാം ചിതറിക്കിടന്നതുമായ നീണ്ട ശരപ്പൊളിമാലകളും ലോക്കറ്റുകളും വിശിഷ്ട രത്നങ്ങൾ പതിച്ച മറ്റ് ഉരുപ്പടികളും കോരിയെടുക്കാൻ സാധിച്ചതും എനിക്കായിരുന്നു. പിന്നെ സഹായികൾ ഇറങ്ങി. കുറച്ചുദിവസത്തെ പരിശ്രമഫലമായി ക്ഷേത്രത്തിലെ സ്വർണത്തിന്റെയും രത്നങ്ങളുടെയും ആദ്യത്തെ കണക്ക് തയ്യാറാകാൻ കഴിഞ്ഞു. (പിന്നീട് കമ്മിറ്റികൾ പലതും വന്നു. രത്നക്കല്ലുകളുടെ ഗുണവും മൂല്യവും മറ്റും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി. ഓഡിറ്റിങ്ങിന് സമിതി വന്നു, അമിക്കസ് ക്യൂറി വന്നു) പക്ഷേ, ശ്രീ പത്മനാഭന്റെ സ്വർണശേഖരം ആദ്യമായി കാണാനും സ്പർശിക്കാനും സാധിച്ചു എന്നോർക്കുമ്പോൾ അളവറ്റ ചാരിതാർഥ്യം തോന്നുന്നു. ആ ദൈവകാരുണ്യത്തിനു മുന്നിൽ നമിക്കുന്നു.'
ഒന്നരലക്ഷം കോടിയിലേറെ രൂപ വിലമതിക്കുന്നത്. അഞ്ച് ലക്ഷം കോടി വിലമതിക്കുമെന്ന് കെ.ജയകുമാർ പറയുന്നു. നിധിയുടെ ഓരോ ഭാഗങ്ങൾ വരുന്ന 150 - 200 ത്രീ ഡി ചിത്രങ്ങൾ വീതം രണ്ട് വർഷത്തിലൊരിക്കൽ മാറ്റി പ്രദർശിപ്പിക്കും. 18 അടി നീളമുള്ള ശരപ്പൊളിമാലയുടെ 2500 പീസുകളാണ് നിധിശേഖരത്തിലുള്ളത്. അത്യപൂർവമായ പവിഴങ്ങൾ, യേശുക്രിസ്തുവിന്റെയും സെന്റ് ജോർജിന്റെയും ചിത്രം ഇരുവശത്തുമായി ആലേഖനം ചെയ്ത 1340 ലെ അപൂർവ സ്വർണ കോയിൻ, പെഗോഡാസിന്റെ രൂപങ്ങൾ സ്വർണത്തിലും വെള്ളിയിലുമായി ആലേഖനം ചെയ്ത 2 ലക്ഷം ഷീറ്റുകൾ, കിരീടങ്ങൾ, പൊൻ പാത്രങ്ങൾ, 800 കിലോ വരുന്ന നെൽമണി പോലുള്ള സ്വർണം, കലങ്ങൾ. നിലവറകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് നിധിയുടെ ത്രിഡി ചിത്രങ്ങൾ പ്രദർശിപ്പിക്കാമെന്ന ആശയം പ്രാവർത്തികമാകുന്നതിലേക്ക് നീങ്ങിയത്.
കെ.ജയകുമാർ തന്റെ ലേഖനത്തിൽ ഇങ്ങനെ കുറിക്കുന്നു:
'ശതകോടികൾ വിലമതിക്കുന്ന ഈ സമ്പത്ത് ഇത്രകാലവും അവിടെ സുരക്ഷിതമായിരിക്കുന്നതിനു കാരണക്കാരായവരുടെ തലമുറകൾ നമ്മുടെ ആദരവും കൃതജ്ഞതയും അർഹിക്കുന്നു. ഈ നിധി ഇത്രകാലവും സൂക്ഷിച്ചുപോന്നത്, ആ സ്വർണത്തെക്കാളും രത്നങ്ങളെക്കാളും വിലപ്പെട്ട അചഞ്ചലമായ വിശ്വാസമാണ്. ഭക്തിയും വിശ്വാസവും മാത്രമാണ് യഥാർഥ കാവൽ; തോക്കുധാരികളും കാലാൾപ്പടയുമല്ല. തർക്കവും വ്യവഹാരവുമൊഴിഞ്ഞ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഭക്തർക്ക് കിട്ടിയ അനുഗ്രഹം. വിശ്വാസത്തിനു ലഭിച്ച പാരിതോഷികം.'
മറുനാടന് മലയാളി ബ്യൂറോ