ന്യൂഡൽഹി: വൃശ്ചികം ഒന്നിന് ( നവംബർ 16) ശബരിമല നട തുറക്കുന്നതിന് മുമ്പ് സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഒരുതീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. പ്രത്യേകിച്ച് ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങുക പോലും ചെയ്ത സ്ത്രീകൾ അടക്കമുള്ള ഭക്തർ. ഈ സാഹചര്യത്തിൽ നവംബർ 13 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മൂന്നംഗ ബഞ്ച് റിട്ട് ഹർജികൾ പരിഗണിക്കുമ്പോൾ അത് അയ്യപ്പഭക്തരെ സംബന്ധിച്ച് നിർണായകമാകും.

സുപ്രീം കോടതി റിട്ട് ഹർജികൾ തള്ളാതെ സ്വീകരിക്കുകയും, പരിഗണിക്കാൻ തീരുമാനിക്കുകയും ചെയ്തത് തന്നെ ഭക്തർക്ക് പ്രതീക്ഷ നൽകുന്നു. തമിഴ് നാട്ടിൽ നിന്നുള്ള അഭിഭാഷകൻ വിജയകുമാർ, ജയരാജ് കുമാർ, മുംബൈ മലയാളി ശൈലജ വിജയൻ എന്നിവർ നൽകിയ റിട്ട് ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ശബരിമല കേസിൽ ഏതാനും സ്ത്രീകൾ നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച വിധി വിശ്വാസികളുടെ മൗലികാവകാശം ലംഘിക്കുന്നു, വിധി നിർദ്ദേശക സ്വാഭാവത്തിൽ ഉള്ളത് മാത്രമാണ് എന്നിവ ആണ് ഹർജികളിലെ പ്രധാന ആക്ഷേപം. ശബരിമലയിലെ ആചാരങ്ങൾ നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണം എന്നും ഹർജികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്

സുപ്രീം കോടതിയുടെ വിധി നിർദ്ദേശകവിധിയായി കണക്കാക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിധിയുടെ സാമൂഹിക പ്രത്യാഘാതം കൂടി പരിഗണിക്കണമെന്നാണ് ഭക്തരുടെ അപേക്ഷ. ഏതൊരുപൗരനും തന്റെ മൗലികാവകാശം ലംഘിക്കുന്നുവെന്ന ബോധ്യപ്പെടുന്ന സാഹചര്യത്തിൽ റിട്ട് ഹർജി നൽകാം. എന്നാൽ, സുപ്രീം കോടതി സാധാരണ റിട്ട് ഹർജികൾ പരിഗണിക്കാറില്ല. ശബരിമല ഭരണഘടന ബഞ്ച് പുറപ്പെടുവിച്ച വിധി നിലവിരിക്കെ റിട്ട് ഹർജി പരിഗണിച്ചത് തന്നെ അസാധാരണ കാര്യമായാണ് നിയമവൃത്തങ്ങൾ കരുതുന്നത്. കോടതി സാധാരണ പ്രോൽസാഹിക്കാത്ത റിട്ട് ഹർജി പരിഗണിച്ചുവെന്നത് തന്നെ ഭക്തർക്ക് പ്രതീക്ഷ ഉണർത്തുന്നു.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി നിർദ്ദേശക സ്വഭാവത്തിൽ കണക്കാക്കിയാൽ മതിയെന്ന് മൂന്നംഗ ബഞ്ച് അഭിപ്രായപ്പെട്ടാൽ അത് പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിനെയും സ്വാധീനിച്ചേക്കാം. ഇതോടെ റിട്ട് ഹർജികൾ നിർണായകമായിരിക്കുകയാണ്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹർജികളും കോടതിക്ക് മുമ്പിലുണ്ട്. ഈ ഹർജികൾ ഭരണഘടനാ ബഞ്ച് പരിശോധിക്കു

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചായിരിക്കും റിട്ട് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെഎം .ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ. അതേസമയം കോടതിയലക്ഷ്യ ഹർജികൾ പരിശോധിക്കുന്നതിൽ നിന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പിന്മാറി. ഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിക്കാൻ അനുമതി നൽകണമോയെന്ന് ഇനി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തീരുമാനിക്കും. രണ്ട് കോടതിയലക്ഷ്യഹർജികളും സോളിസിറ്റർ ജനറലിന് കൈമാറി.

യുവതീപ്രവേശത്തിന് എതിരെ പരസ്യ നിലപാടെടുത്തിരുന്ന എ.ജി, ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷവിധിയെ സ്വാഗതം ചെയ്തിരുന്നു. യുവതീപ്രവേശത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടിയും കോടതിയിൽ നേരത്തേ ഹാജരായിട്ടുണ്ട്. ഇതാണ് പിന്മാറ്റത്തിനുള്ള കാരണമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി.രാമവർമരാജ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജികളെത്തിയത്