ന്യൂയോർക്ക്: ആത്മീയ ചൈതന്യം നിറഞ്ഞു തുളമ്പുന്ന ഭക്തി നിർഭരവും ശ്രുതി മധുരവുമായ ഗാനങ്ങൾ കോർത്തിണക്കി തയാറാക്കിയ 'സ്വർഗ സന്തോഷം' എന്ന ആൽബത്തിന്റെ പ്രകാശനം കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമൽ നിർവഹിച്ചു.

മാർച്ച് 12നു ന്യൂയോർക്ക് ടൈസൺ സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ പ്രസിഡന്റ് ശിവൻ മുഹമ്മയിൽ നിന്നും ആൽബത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചാണ് ഫാ. ചിറമൽ പ്രകാശനം നടത്തിയത്.

ന്യൂയോർക്കിലെ മലയാളികൾക്കു സുപരിചിതനായ പ്രശസ്ത ഗായകൻ ഷാജു എം. പീറ്ററാണ് ഈ സംഗീത ആൽബം തയാറാക്കിയത്. സുപ്രസിദ്ധ സിനിമാ പിന്നണി ഗായിക സുജാത, കെസ്റ്റർ, ഫാ.ജോൺസൺ വർഗീസ്, നിലമ്പൂർ കാർത്തികേയൻ, ആശാജി മേനോൻ, രാധിക തിലക്, രാജലക്ഷ്മി, രമേശ് മുരളി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ആൽബത്തിന്റെ വില്പനയിൽ നിന്നും ലഭിക്കുന്ന അധികവരുമാനം കേരളത്തിലെ സാധു സംരക്ഷണ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഷാജി പീറ്റർ പറഞ്ഞു.

ചടങ്ങിൽ ഐപിസിഎൻഎ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട്, ട്രഷറർ ജോസ് കടാംപുറം തുടങ്ങിയവർ സംബന്ധിച്ചു.