കൊരട്ടി: കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന മുൻ കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ നടപടിയെടുക്കാൻ പൊലീസിന് വിമുഖത. 23 കോടിയുടെ ക്രമക്കേട് കാട്ടിയ മുൻ വികാരിയുടെ ജാമ്യ ഹർജി കോടതി തള്ളിയിട്ടും ഇതാണ് അവസ്ഥ. കഴിഞ്ഞ ജൂലൈയിലെടുത്ത കേസിൽ, പൊലീസ് ആവർത്തിക്കുന്നത് അന്വേഷണം നടക്കുന്നു എന്നുമാത്രം. കോടതിക്ക് നൽകിയ റിപ്പോർട്ടിലെ സൂചനയും ഇതുതന്നെ. ഇത് സംമ്പന്ധിച്ച പരാതിപ്പെടാനെത്തിയ വിശ്വാസികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കളിയാക്കി ഇറക്കി വിട്ടതും കൃത്യമായ കണക്കുകൂട്ടലുകളോടെയെന്നും ആരോപണമുണ്ട്. ഒളിഞ്ഞിരുന്ന് പെരുന്നാൾ ആഘോഷം അട്ടിമറിക്കാൻ നീക്കം നടത്തുന്നവർക്ക് മാത്യു മണവാളൻ പിൻബലമേകുന്നു എന്നും സംശയം. നീതി തേടി കൊരട്ടി പള്ളി വിശ്വാസികൾ വീണ്ടും കോടതിയെ സമീപിക്കുകയാണ്.

മുൻ കൊരട്ടി പള്ളി മുൻ വികാരി മാത്യു മണവാളനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കൊരട്ടി പൊലീസ് ചാർജ്ജ് ചെയ്തിട്ടുള്ള കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വിശ്വാസികൾ മറുനാടനോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇത് സംമ്പന്ധിച്ച് പരാതിപ്പെടാനെത്തിയ തങ്ങളെ തൃശ്ശൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കളിയാക്കി ഇറക്കി വിട്ടെന്നും ഇവർ സൂചിപ്പിച്ചു. ഫാ.മാത്യൂ മണവാളനും രൂപത നേതൃത്വത്തിൽ നിന്നുള്ള ഉന്നതരും ഇദ്ദേഹത്തെയും എസ്‌പി യെയും നേരത്തെ കണ്ടിരുന്നതായി വിവരം ലഭിച്ചെന്നും ഇവരുടെ പ്രേരണയിലാവാം ഈ ഉദ്യോഗസ്ഥൻ തങ്ങളെ അപമാനി്ക്കുന്ന തരത്തിൽ പെരുമാറിയതെന്ന് സംശയിക്കുന്നതായും ഇവർ കൂട്ടിച്ചേർത്തു.

23 കോടിരൂപയുടെ സാമ്പത്തിക തിരിമറി ആരോപിച്ച് വിശ്വാസിയായ റെന്നി ജോർജ്ജ് സമർപ്പിച്ച പരാതിയിലാണ് ഇപ്പോൾ കോടതി നിർദ്ദേശ പ്രകാരം കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നത്. ആദ്യം പൊലീസിൽ പരാതിപ്പെട്ടിട്ടും കേസെടുക്കാൻ തയ്യാറായില്ല. പിന്നീട് ഈ അവശ്യമുന്നയിച്ച് പരാതിക്കാരൻ ചാലക്കുടി കോടതിയെ സമീപിച്ചു. ഇപ്പോൾ കോടതി നിർദ്ദേശപ്രകാരമാണ് കൊരട്ടി പൊലീസ് മാത്യുമണവാളനും മറ്റ് 9 പേർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

ക്രൈം നമ്പർ 437/2018 ആയി ഐ പി സി 379,384,406,408,417,464,465,471,477-എ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കഴിഞ്ഞ ജൂലൈ 21-ന് ചാർജ്ജ് ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം പോലും പൊലീസ് നടത്തിയിട്ടില്ലന്നാണ് മുൻ പള്ളിക്കമ്മറ്റിക്കാരടക്കമുള്ള വിശ്വാസികളുടെ ആരോപണം. കേസ് നടപടികൾ പുരോഗമിക്കുന്നതറിഞ്ഞ് ഫാ.മാത്യുമണവാളൻ മുൻകൂർ ജാമ്യം തേടി ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇത് തള്ളി.

സ്വർണം വിറ്റതിലും സ്ഥലം വാങ്ങിയതിലും ഭണ്ഡാരത്തിലെ തുകയുടെ കണക്കുകളിലും മാത്യു മണവാളനും കൂട്ടരും വെട്ടിപ്പ് നടത്തിയതായി പള്ളിയിൽ നടന്ന തെളിവെടുപ്പിൽ വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തക്കതായ നടപടി കൈക്കൊള്ളാൻ രൂപത തയ്യാറാവാത്തതിൽ വിശ്വാസികളിൽ ഭൂരിപക്ഷവും ഇപ്പോഴും അമർഷത്തിലാണ്. തട്ടിപ്പ് നടന്ന 2014-മുതൽ 18 വരെ പള്ളിഭരണത്തിലുന്ന കൈക്കാർക്കും വിവിധ കമ്മിറ്റി ഭാരവാഹികൾക്കും പള്ളിക്കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് മാത്രമാണ് ഇക്കാര്യത്തിൽ പേരിനെങ്കിലും രൂപതയിൽ നിന്നുണ്ടായ നടപടി.

ഫാ.മാത്യു മണവാളന് കണ്ടനാട് ഉണ്ണിമിശിഹ പള്ളിവികാരിയായി നിയമനം നൽകി വിഷയത്തിൽ രൂപത ന്യായീകരിച്ചത് വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ മാസം 10-ന് പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കും. പെരുന്നാൾ ആഘോഷങ്ങൾ തകർക്കാൻ മാത്യൂമണവാളനും കൂട്ടരും രഹസ്യമായി നീക്കം നടത്തുന്നതായും തങ്ങൾക്ക് സംശയമുണ്ടെന്നാണ് കേസ് നടപടികളുമായി മുന്നോടുപോകുന്നവരുടെ വെളിപ്പെടുത്തൽ. ഈ കാലയളവിൽ ഇവിടുത്തെ വരവും ചെലവും സംമ്പന്ധിച്ച കണക്കുകൾ പുറത്താവുമെന്ന ഭയത്താലാവാം മാത്യുമണവാളനും കൂട്ടരും ഇത്തരത്തിലൊരുനീക്കം നടത്തുന്നതെന്നാണ് ഇക്കൂട്ടരുടെ അനുമാനം. കൂടാതെ പള്ളി ഭരണസമിതിയിലേക്ക് തങ്ങളെ എതിർക്കുന്നവർ എത്താതിരിക്കാൻ കുടുംബയൂണിറ്റ് അംഗങ്ങളെ പലവിധ സ്വാധീനങ്ങൾ ഉപയോഗിച്ച് പ്രതിസ്ഥാനത്തുള്ളവർ സ്വാധീനിക്കുകയാണെന്നും ഇവർ ആരോപിച്ചു.