ന്യൂഡൽഹി: വിസാ രേഖകളിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ അമേരിക്ക വിടേണ്ടിവന്ന മുൻ ഇന്ത്യൻ ഡെപ്യൂട്ടി കോൺസലർ ദേവയാനി കോബ്രഗഡെയ്ക്ക് ഇനി തട്ടകം കേരളം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ജോലിക്കായി വിദേശത്ത് പോകുന്നവരുടെ പ്രശ്‌നങ്ങൾ ദേവയാനി പരിഹരിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണയുമായാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥയുടെ ചുമതലയിൽ ദേവയാനി എത്തുന്നത്. നോർക്കയും പ്രവാസി വകുപ്പുമായി സഹകരിച്ചാകും പ്രവർത്തനം.

അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഒരു വർഷത്തോളം ജോലിയില്ലാതെ പുറത്തിയിരുത്തിയ ശേഷമാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ദേവയാനിയെ വിദേശകാര്യ മന്ത്രാലയം ജോലിയിൽ തിരികെയെടുത്തത്. ഇതിനിടെ കേന്ദ്ര സർക്കാരുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. ദേവയാനിയുടെ വിസ തട്ടിപ്പിൽ അവർക്കെതിരെ നിലപാട് എടുക്കുകയും ചെയ്തു. ഇതോടെയാണ് കേന്ദ്ര സർവ്വീസിൽ കേരളത്തെ തെരഞ്ഞെടുക്കാൻ ദേവയാനി തീരുമാനിച്ചത്. കോൺഗ്രസ് ഭരണമാണ് ഇവിടെ എന്നതും കൂടുതൽ പ്രവാസികൾ ഉള്ളത് ഇവിടെ നിന്നാണെന്നതുമാണ് ഇതിന് പ്രേരിപ്പിച്ചത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സമ്മതം ഉറപ്പാക്കിയ ശേഷമാണ് കേരളത്തിന്റെ ചുമതല ഏറ്റെടുക്കാമെന്ന് വിദേശ കാര്യമന്ത്രാലയത്തെ ദേവയാനി അറിയിച്ചത്. ഈയിടെയാണ് സംസ്ഥാനങ്ങളെ സഹായിക്കാനായി ഒരു ഉദ്യോഗസ്ഥയെ നിയമിക്കാൻ കേന്ദ്ര വിദേശ കാര്യമന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മന്ത്രി സുഷമ്മാ സ്വരാജിന്റെ നീക്കമായിരുന്നു ഇതിന് കാരണം. ഇതോടെയാണ് ദേവയാനിക്ക് സാധ്യത തെളിഞ്ഞത്. എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും ഓരോ സംസ്ഥാനത്തിന്റെ ചുമതല എപ്പോഴെങ്കിലുമൊരിക്കൽ വഹിക്കണമെന്ന വ്യവസ്ഥയും വച്ചു. ഇതോടെയാണ് ദേവയാനി സംസ്ഥാന സർവ്വീസ് തെരഞ്ഞെടുത്തത്. കേരളത്തിനായി പ്രവർത്തിക്കാൻ കഴിയുന്നതിൽ ദേവയാനി സന്തോഷം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നോർക്കാ വകുപ്പും എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്ന് ദേവയാനി വ്യക്തമാക്കി. വികസനാവശ്യങ്ങൾക്കും മറ്റും വിദേശ സഹായം ലഭ്യമാക്കാൻ സംസ്ഥാനങ്ങളെ സഹായിക്കലാണ് പ്രധാന ചുമതല. പ്രവാസികളുടെ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കണം. ഊർജ്ജ, വൈദ്യുതി, ആരോഗ്യ മേഖലയിൽ കൂടുതൽ മുന്നേറാൻ കേരളത്തെ സഹായിക്കാനാകും ശ്രമിക്കുകയെന്ന് ദേവയാനി വ്യക്തമാക്കി. ഏറെ സന്തോഷത്തോടെയാണ് കേരളത്തിലെ ചുമതല ഏറ്റെടുക്കുന്നതെന്നും വ്യക്തമാക്കി.

വിസ രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ യു.എസ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുള്ളതിനാൽ ദേവയാനിക്ക് വിദേശയാത്ര നടത്താനോ മറ്റൊരു രാജ്യത്ത് ജോലിയിൽ നിയോഗിക്കാനോ ആവില്ല. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും അമേരിക്കയും കരാറുള്ളതാണ് കാരണം. വേലക്കാരിക്ക് യു.എസ് വിസ ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്നാണ് ഈ നയതന്ത്ര ഉദ്യോഗസ്ഥക്കെതിരായ കേസ്. ഇതോടെയാണ് ഇന്ത്യയിൽ തന്നെ ജോലി ചെയ്യാൻ ദേവയാനി നിർബന്ധിതമായത്.

ഈ കേസിൽ ഒരിക്കൽ അറസ്റ്റിലായ ദേവയാനിയെ യു.എസ് സുരക്ഷ ഉദ്യോഗസ്ഥർ ദേഹപരിശോധന നടത്തിയത് വിവാദമായിരുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തെ വരെ ഈ സംഭവം ബാധിച്ചിരുന്നു. നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ ദേവയാനിയെ ഇന്ത്യയിലേക്ക് മടങ്ങാൻ അമേരിക്ക അനുവദിച്ചു. തുടർന്ന് ഇന്ത്യയിൽ വന്ന ദേവയാനിയെ വിദേശകാര്യ മന്ത്രാലയം തിരികെ ജോലിയിലെടുക്കാതെ പുറത്തു നിർത്തുകയായരുന്നു.

ഇപ്പോൾ അമേരിക്കയിലുള്ള ഇവരുടെ രണ്ട് പെൺ മക്കൾ ഒരേ സമയം അമേരിക്കൻ, ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വച്ച കേസിൽ ഇന്ത്യയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാലാണ് ദേവയാനിയുടെ കാര്യത്തിൽ മന്ത്രലയം തീരുമാനമെടുക്കാതിരുന്നത്.

ദേവയാനിയെ അനാവശ്യമായി വേട്ടയാടുകയാണെന്ന് ചുണ്ടിക്കാട്ടിയാണ് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ ഇപ്പോൾ ഇവരെ തിരകെ നിയമിച്ചത്.