- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ക്ലിയറൻസ് സ്വയം നൽകി ചരിത്രം കുറിച്ചു; തച്ചങ്കരിയെ ഒഴിവാക്കാൻ അന്തരീക്ഷത്തിൽ കേട്ടതൊക്കെ എഴുതി പിടിപ്പിച്ചു; ബാക്കി പത്തു പേരെ കുറിച്ചും ഓരോ വരി മാത്രം റിപ്പോർട്ട്; ഡിജിപിയാകാൻ സ്വയം രംഗത്തിറങ്ങിയ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് തള്ളി വേറെ റിപ്പോർട്ട് സർക്കാർ എഴുതി വാങ്ങുമ്പോൾ
തിരുവനന്തപുരം: ഇനി സീനിയർ മോസ്റ്റ് ടോമിൻ തച്ചങ്കരിയാണ്. എന്നാൽ പഴയതു പോലെ അല്ല കാര്യങ്ങൾ. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള യുപി എസ് സിയാണ് ഡിജിപിമാർ ആരാകണമെന്ന് നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകുക. അതുകൊണ്ട് ചില കളികളും നടക്കുന്നു. തച്ചങ്കരിയെ വെട്ടിയാൽ പട്ടികയിൽ രണ്ടാമതുള്ള സുദേഷ് കുമാർ ഐപിഎസിന് സാധ്യത കൂടും. അതു കൊണ്ടാണ് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിക്കായുള്ള വടംവലി മുറുകവെ, വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ നൽകിയ 12 ഐപിഎസ് ഉദ്യോഗസ്ഥരുടെയും വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സർക്കാർ തള്ളുന്നത്.
പകരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര വിജിലൻസ് വകുപ്പിൽ നിന്നു നേരിട്ടു സർട്ടിഫിക്കറ്റ് വാങ്ങി. പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കേണ്ടവരുടെ പട്ടികയിലെ 12 പേരുടെയും സർട്ടിഫിക്കറ്റ് ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന സുദേഷ് കുമാർ നൽകിയതു ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്വന്തം സർട്ടിഫിക്കറ്റും സുദേഷാണ് ഒപ്പിട്ടു നൽകിയത്. മറ്റുള്ളവർക്കെല്ലാം കേസും അന്വേഷണവുമില്ലെന്ന ഒറ്റവരി സർട്ടിഫിക്കറ്റ് നൽകിയപ്പോൾ പട്ടികയിൽ സീനിയറായ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ 40 പേജുള്ള വിശദ റിപ്പോർട്ടും നൽകി. തച്ചങ്കരിയെ കുറിച്ച് അന്തരീക്ഷത്തിൽ കേട്ടതു പോലും എഴുതി നൽകി. എങ്ങനേയും തച്ചങ്കരിയെ വെട്ടാനുള്ള നീക്കം.
പൊലീസ് മേധാവിയുടെ ചുരുക്കപ്പട്ടിക തയാറാക്കുന്ന ചുമതലയാണ് യുപിഎസ്സി സമിതിക്കു ഉള്ളത്. അതിൽ ഒന്നാണു വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ഉദ്യോഗസ്ഥരുടെ 10 വർഷത്തെ വാർഷിക രഹസ്യ റിപ്പോർട്ട് അടക്കം മറ്റു രേഖകളും പ്രത്യേക ഫോമിൽ ഓൺലൈൻ ആയി നൽകണം. ഏറ്റവും സീനിയറായ 12 ഉദ്യോഗസ്ഥരുടെ വിവരമാണു കേന്ദ്രത്തിനു നൽകുന്നത്. അതിൽ യോഗ്യരായ 3 പേരുടെ പട്ടിക സമിതി കേരളത്തിനു മടക്കി നൽകും. അതിൽ ഒരാളെ പൊലീസ് മേധാവിയായി നിയമിക്കാം. സീനിയോറിറ്റി മാനദണ്ഡം ആകണമെന്നില്ല.
ഇതു മനസ്സിലാക്കിയാണ് തച്ചങ്കരിയെ വെട്ടാനുള്ള നീക്കം നടന്നത്. തച്ചങ്കരിക്കെതിരെ നടക്കുന്ന അവിഹിത സ്വത്ത് സമ്പാദ്യ കേസിന്റെ വിശദാംശം, മുൻപു നടന്ന 7 വിജിലൻസ് രഹസ്യാന്വേഷണത്തിന്റെ കാര്യങ്ങൾ, വി എസ് സർക്കാരിന്റെ സമയത്ത് സർക്കാർ സ്വീകരിച്ച നടപടി , വിദേശയാത്രാ വിവാദം എന്നിവയെല്ലാം ഉൾപ്പെടുത്തി. എന്നാൽ സുദേഷിനെതിരെ മുൻപു നടന്ന വിജിലൻസ് അന്വേഷണത്തിന്റെ വിവരം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നതും നിർണ്ണായകമായി. പൊലീസ് ഡ്രൈവറെ മകൾ അടിച്ച വിവാദവും അപ്രത്യക്ഷമായി. ഇതോടെ തച്ചങ്കരിക്ക് വേണ്ടി തയ്യാറാക്കിയ വിശദ റിപ്പോർട്ടിലെ ചതി എല്ലാവരും തിരിച്ചറിഞ്ഞു.
ഇതു മനഃപൂർവം തന്നെ ഒഴിവാക്കാനാണെന്ന ആക്ഷേപം തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയതായാണു സൂചന. അതിന്റെ അടിസ്ഥാനത്തിലാണു പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പൊതുഭരണ വകുപ്പ് ആഭ്യന്തര വിജിലൻസ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ച പ്രകാരം വിജിലൻസ് ഐജി എച്ച്.വെങ്കിടേഷ്, സുദേഷ് കുമാർ അടക്കം 12 പേരുടെയും പുതിയ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി. ഡിജിപി അത് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. അദ്ദേഹം സെക്രട്ടേറിയറ്റിലെ വിജിലൻസ് വകുപ്പിലുള്ള ഫയലുകൾ കൂടി പരിശോധിച്ചു സർട്ടിഫിക്കറ്റുകൾ പൊതുഭരണ വകുപ്പിനു കൈമാറി. ഇതാകും പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്ന യുപിഎസ്സി സമിതിക്കു നൽകുക. ഭാവിയിൽ പരാതികൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
തച്ചങ്കരിക്കെതിരെ സുദേഷ് നൽകിയ വിജിലൻസ് റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഒരു മാസത്തോളം സർക്കാരിനെ അറിയിക്കാതിരുന്നതു വിവാദമായിരുന്നു. സുദേഷ് സ്വന്തം വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒപ്പിട്ടു ഹാജരാക്കിയതു ചോദ്യം ചെയ്തതുമില്ല.
മറുനാടന് മലയാളി ബ്യൂറോ