തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യുപിഎസ്‌സി സമിതിയുടെ യോഗം ഈ മാസം ചേരാനിരിക്കെ തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ഡൽഹിയിൽ കളികൾ സജീവം. കേരളം തയ്യാറാക്കിയ പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ മരിച്ചയാളുടെ പേരിൽ വ്യാജ പരാതി എത്തിയത് ഇതിന്റെ ഭാഗമാണ്.സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ 9 പേരുടെ പട്ടികയാണു യുപിഎസ്‌സി പരിഗണിക്കുന്നത്. അരുൺ കുമാർ സിൻഹ, ടോമിൻ ജെ.തച്ചങ്കരി, സുദേഷ് കുമാർ എന്നിവരാണ് ആദ്യ 3 സ്ഥാനക്കാർ.

ഇതിൽ അരുൺകുമാർ സിൻഹ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹത്തിന് കേരളത്തിൽ മടങ്ങി വരാൻ താൽപ്പര്യക്കുറവുണ്ട്. അതിനാൽ ഫലത്തിൽ തച്ചങ്കരിയാണ് ഒന്നാമൻ. ഇതിനിടെയാണ് വ്യാജ പരാതിയും തച്ചങ്കരിക്കെതിരെ കിട്ടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നടത്തിയ അന്വേഷണത്തിലാണു പരാതി വ്യാജമെന്നു കണ്ടെത്തിയത്. പരാതിക്കാരൻ 7 വർഷം മുൻപ് ഈ വിലാസത്തിൽ നിന്നു മാറിയെന്നും 5 വർഷം മുൻപു മരിച്ചെന്നും ഡിജിപി നൽകിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി വി.പി. ജോയി കേന്ദ്രത്തിനു കൈമാറി. ഇത് ഏറെ ചർച്ചയായിട്ടുണ്ട്.

സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ തച്ചങ്കരി ആവശ്യപ്പെട്ടു. കെ.ടി. തോമസ്, വാത്തുരുത്തി, കൊച്ചി എന്ന വിലാസത്തിൽ യുപിഎസ്‌സി ചെയർമാനു ലഭിച്ച പരാതി കഴിഞ്ഞ 9നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കു കൈമാറിയത്. തച്ചങ്കരി സർവീസിൽ കയറിയ നാൾ മുതൽ ഇതുവരെയുള്ള കാര്യങ്ങൾ, നേരിട്ട അന്വേഷണങ്ങൾ, അച്ചടക്ക നടപടികൾ, സിപിഎം നേതാക്കളുമായുള്ള ബന്ധം എന്നിവ പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിലെ വിലാസക്കാരനായ കെ.ടി. തോമസ് 7 വർഷം മുൻപ് ഇടക്കൊച്ചിയിലേക്കാണു മാറിയത്. 5 വർഷം മുൻപു മരിച്ചതായി സഹോദരൻ സാക്ഷ്യപ്പെടുത്തി. പ്രദേശത്തെ വോട്ടർ പട്ടികയിൽ ആ പേരില്ലെന്നു ജനപ്രതിനിധികളും സാക്ഷ്യപ്പെടുത്തി. ഇതോടെയാണ് പരാതി വ്യാജമെന്ന് വ്യക്തമായത്.

കേരളത്തിന് താൽപ്പര്യം തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ്. എന്നാൽ കേരളാ പൊലീസിലെ ചെറിയൊരു വിഭാഗം തച്ചങ്കരിയെ എതിർക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനെന്ന പരിഗണന കാരണമാണ് ഇത്. പൊലീസിൽ തച്ചങ്കരി നയിക്കാനെത്തിയാൽ പിന്നെ പല കളികളും നടക്കില്ലെന്ന് കരുതുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇവരെല്ലാം പാരയുമായി ഡൽഹിയിലുണ്ട്. ഇതിനൊപ്പം ചില ഉത്തരേന്ത്യൻ ലോബിയും. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരും കരുതലോടെയാണ് ഇരിക്കുന്നത്.

24 ന് പുതിയ ഡിജിപി ആരെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കും എന്നാണ് സൂചന. പൊലീസ് മേധാവി സ്ഥാനത്തേക്ക് ടോമിൻ ജെ തച്ചങ്കരി തന്നെ വന്നേക്കുമെന്നാണ് സൂചന. 24ന് മുമ്പ് യുപിഎസ് സി തീരുമാനം വന്നില്ലെങ്കിൽ തച്ചങ്കരിക്ക് ഡിജിപിയുടെ ചുമതല താൽകാലികമായി കൈമാറും. തച്ചങ്കരിക്കെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടുണ്ട്. വിജിലൻസ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഡിജിപി സ്ഥാനത്തേക്ക് സാധ്യതയുള്ള സുധേഷ്‌കുമാറിന് മകൾക്കെതിരായ കേസ് തിരിച്ചടിയാകുമെന്നാണ് സൂചന. ഡിജിപി സ്ഥാനത്തേക്ക് സർക്കാർ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് മുന്നിലാണ്. 24ന് ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലായം ചുരുക്കപ്പട്ടിക സംസ്ഥാനത്തിന് കൈമാറും എന്നാണ് സൂചന. ഇതിൽ നിന്നാണ് പുതിയ ഡിജിപിയെ തിരഞ്ഞെടുക്കുക.

നിലവിൽ സാധ്യത കൂടുതൽ കൽപ്പിക്കപ്പെടുന്നത് ടോമിൻ ജെ തച്ചങ്കരിക്കാണ്. കെ.എഫ്.സി എംഡിയാണ് ഇപ്പോൾ തച്ചങ്കരി. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നതിന് മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയില്ലെങ്കിൽ സിയാൽ എംഡി സ്ഥാനമോ അല്ലെങ്കിൽ പൊലീസ് ഉപദേഷ്ടാവ് സ്ഥാനമോ ബെഹ്‌റയ്ക്ക് ലഭിച്ചേക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ബെഹ്‌റയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് തൃപ്തിയുണ്ട്. അതിനാൽ മികച്ച സ്ഥാനം നൽകണമെന്ന അഭിപ്രായം ആഭ്യന്തര വകുപ്പിനുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ ഡിജിപി രമൺ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്. ഇത്തവണ പുതിയ ആളിന് ആ സ്ഥാനം കൈമാറിയില്ലെങ്കിൽ ബെഹ്‌റ സിയാൽ എംഡിയാകാനാണ് സാധ്യത.

അതേസമയം, പുതിയ പൊലീസ് മേധാവി വരുന്നതോടുകൂടി വലിയ മാറ്റങ്ങൾ സേനയിലുണ്ടാകുമെന്നാണ് സൂചന. സമൂലമായ അഴിച്ചുപണിക്കാണ് സർക്കാർ ഒരുങ്ങുന്നത്. മുൻ സർക്കാരിന്റെ കാലത്ത് എതിർപ്പുകളെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്ന പൊലീസ് കമ്മീഷണറേറ്റ് സംവിധാനം വീണ്ടും പൊടിതട്ടിയെടുക്കാൻ സാധ്യതയുണ്ട്. ആഭ്യന്തര വകുപ്പിന് മുന്നിൽ പൊലീസ് ഇക്കാര്യം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പൊലീസിന് അമിതാധികാരം നൽകുന്നതെന്ന് പറഞ്ഞാണ് ഇതിനെതിരെ കഴിഞ്ഞ സർക്കാരിൽ തന്നെ എതിർപ്പുയർന്നത്. ഇത്തവണ അതുണ്ടാകില്ലെന്നാണ് കരുതുന്നത്.

ഡിജിപി നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ നൽകിയ 12 അംഗ പട്ടികയിൽ നിന്ന് 3 പേരുകൾ കേന്ദ്ര സർക്കാർ വെട്ടിയിരുന്നു. 30 വർഷം സർവീസ് പൂർത്തിയാക്കാത്തവരാണ് ഇവർ. ഇനി 9 പേരുകളാകും പുതിയ ഡിജിപി സ്ഥാനത്തേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പരിഗണിക്കുക. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കേന്ദ്രം ആവശ്യപ്പെട്ടത്. അതനുസരിച്ച് 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിൽ ഉൾപ്പെട്ട 12 ഡിജിപി-എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം നൽകി. പട്ടികയിൽ അവസാന സ്ഥാനക്കാരായ 1990 ബാച്ചിലെ ഷെയ്ഖ് ദർവേഷ് സാഹിബ് (ഡയറക്ടർ, പൊലീസ് അക്കാദമി), 1991 ബാച്ചിലെ രവാഡ എ.ചന്ദ്രശേഖർ (കേന്ദ്ര ഡപ്യൂട്ടേഷൻ), സഞ്ജീവ് കുമാർ പട്‌ജോഷി (കേന്ദ്ര ഡപ്യൂട്ടേഷൻ) എന്നിവരെയാണ് ഒഴിവാക്കിയത്.

ഇതിൽ രവാഡയും പട്‌ജോഷിയും പൊലീസ് ആസ്ഥാനത്തു ബയോ ഡേറ്റ നൽകാതെ പൊതുഭരണ വകുപ്പിനു നേരിട്ടു കൈമാറുകയായിരുന്നു. 3 പേരും 30 വർഷം പൂർത്തിയാക്കിയെന്ന രേഖയാണു ബയോഡേറ്റയിൽ നൽകിയത്. 1990 ബാച്ചിലെ ഹരിനാഥ് മിശ്രയെ (കേന്ദ്ര ഡപ്യൂട്ടേഷൻ) പട്ടികയിൽ നിലനിർത്തി. ഇതാദ്യമായാണു ഡിജിപിയെ തിരഞ്ഞെടുക്കാൻ കേരളം കേന്ദ്രത്തിലേക്കു പട്ടിക അയച്ചതും കേന്ദ്രം തിരുത്തൽ വരുത്തിയതും. രവാഡ ചന്ദ്രശേഖറും ഹരിനാഥ് മിശ്രയും കേരളത്തിലേക്കു വരാൻ താൽപര്യമില്ലെന്നു സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

പട്ടികയിലെ ആദ്യ 3 സ്ഥാനക്കാർ ഇപ്പോഴും 1987 ബാച്ചിലെ അരുൺ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ എന്നിവരാണ്. അരുൺ കുമാർ കേരള സർവീസിലേക്കു വന്നില്ലെങ്കിൽ മത്സരം തച്ചങ്കരിയും സുദേഷും തമ്മിലാകും. ബി.സന്ധ്യ, അനിൽകാന്ത് , നിതിൻ അഗർവാൾ, എസ്.ആനന്തകൃഷ്ണൻ, കെ. പത്മകുമാർ, ഹരിനാഥ് മിശ്ര എന്നിവരാണു പട്ടികയിലുള്ള മറ്റുള്ളവർ. ഇവരിൽ 3 പേരുകൾ യുപിഎസ്‌സി സംസ്ഥാനത്തിനു തിരികെ കൈമാറും. അതിൽ നിന്നു പുതിയ ഡിജിപിയെ നിയമിക്കണം.