തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ജനങ്ങളോട് ഏറ്റവും മാന്യമായി പെരുമാറുന്ന പൊലീസ് കേരളത്തിലേത് തന്നെയാണ്. എന്നാൽ, കേരളാ പൊലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ സംഭവങ്ങളും ഉണ്ട്. ഇതിനിടെയിലും ജനമൈത്രി പൊലീസിംഗും മറ്റുമായി ജനങ്ങളുമായി അടുത്ത ബന്ധം തന്നെയാണ് കേരളാ പൊലീസിനുള്ളത്. എന്നാൽ, ഏതാനും ദിവസങ്ങളായി പൊലീസ് തെരുവിൽ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിനിടയിൽ സംസ്ഥാന പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചിത്രങ്ങളും ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നതിന് എതിരെ ഡിജിപി സെൻകുമാർ രംഗത്തെത്തി.

ഒരു സംഘം പൊലീസുകാർ ചേർന്ന് വികലാംഗനായ യുവാവിനെ വലിച്ചിഴക്കുന്ന ചിത്രമാണ് കേരളാ പൊലീസിന്റെ പേരിൽ ചാർത്തി ഫേസ്‌ബുക്കിലൂടെ വ്യാപകമായി പ്രചരിച്ചത്. വികലാംഗ യുവാവിന്റെ കാലിൽ ബൂട്ടിച്ച് പൊലീസുകാരൻ ചവിട്ടുന്നതും കാണാമായിരുന്നു. ഈ ചിത്രം ചിലർ കേരളാ പൊലീസിന്റെ ക്രൂരതയെന്ന വിധത്തിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് ഡിജിപി സെൻകുമാർ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

വിവാദത്തിന് ഇടയായ പ്രസ്തുത ചിത്രം സഹിതം 'ഇത് കേരളാ പൊലീസ് അല്ല' എന്ന് പറഞ്ഞു പറഞ്ഞുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 'കേരളാ പൊലീസിന്റേത് എന്ന തരത്തിൽ ഫേസ്‌ബുക്കിലും മറ്റും പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ കേരളാ പൊലീസിന്റേത് അല്ല. കേരളാ പൊലീസിന്റെ യൂണിഫോം ധരിച്ചിട്ടുള്ള ഉദ്യോഗസ്ഥരല്ല ചിത്രത്തിലുള്ളത്. ഇത്രം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക'- ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഡിജിപി സെൻകുമാർ വ്യക്തമാക്കി.

സംശയം ദൂരീകരിക്കാൻ ഡിജിപി തന്നെ രംഗത്തെത്തിയതിനെ സ്തുതിച്ചും നിരവധി പേർ രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനെ പോലെയല്ല കേരളാ പൊലീസ് പെരുമാറുന്നതെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ചിലർ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. ജനങ്ങളുമായുള്ള അകലം കുറയ്ക്കാൻ വേണ്ടി പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നാണ് നേരത്തെ ഡിജിപി സർക്കുലറിൽ വ്യക്തമാക്കിയത്.

വാഹനപരിശോധന നടത്തണമെന്നാണ് ഡിജിപി ടി.പി. സെൻകുമാർ ഇറക്കിയ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നയാൾ പുരുഷനാണെങ്കിൽ 'സർ' എന്നോ 'സുഹൃത്ത്' എന്നോ, സ്ത്രീയാണെങ്കിൽ 'മാഡം' എന്നോ 'സഹോദരി' എന്നോ അഭിസംബോധന ചെയ്യണമെന്നും ട്രാഫിക് പൊലീസിനോടായി നിർദേശിച്ചിരുന്നു. ഇങ്ങനെ പൊലീസിനെ മാന്യന്മാരാക്കാനുള്ള ശ്രമം ഏറ്റെടുത്തിരിക്കുമ്പോഴാണ് വ്യാജപ്രചരണങ്ങളെ പ്രതിരോധിച്ചും സെൻകുമാർ രംഗത്തെത്തിയത്.