തിരുവനന്തപുരം: പൊലീസ് സേനയെ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തിന് പുതിയ ചുവടുവയ്പുമായി സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ. ഡിജിപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിന് കഴിഞ്ഞ ദിവസം തുടക്കമായി.

സുരക്ഷയും സമാധാന ജീവിതവും ഉറപ്പുനൽകുന്ന, പൗരാവകാശങ്ങൾ സംരക്ഷിക്കുന്ന ജനസൗഹൃദ പൊലീസ് എന്ന ലക്ഷ്യത്തിലേക്ക് കൂട്ടായി മുന്നേറാം എന്ന ആഹ്വാനവുമായാണ് ഡിജിപിയുടെ ഫേസ്‌ബുക്ക് പേജ് എത്തിയിരിക്കുന്നത്.

പൊലീസ് പ്രൊഫഷണൽ ആയും നല്ല രീതിയിലും ജനങ്ങളുമായി പെരുമാറാനാണു ശ്രദ്ധിക്കുന്നതെന്നും ഇതിനൊക്കെയുള്ള മാറ്റങ്ങളിലേക്കു പുതിയ വഴികാട്ടിയാകും പുതിയ ഫേസ്‌ബുക്ക് പേജെന്ന പ്രതീക്ഷയിലാണ് ഡിജിപി.

സ്റ്റേറ്റ് പൊലീസ് ചീഫ് കേരള എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഫേസ്‌ബുക്ക് പേജ് ജനങ്ങളുമായി സംവദിക്കാനുള്ള നവ മാദ്ധ്യമ പ്ലാറ്റ്‌ഫോമാണെന്നു ഡിജിപി ടി പി സെൻകുമാർ പറഞ്ഞു. എല്ലാവരെയും പേജിലേക്കു സ്വാഗതം ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസുമായി സംവദിക്കാൻ താൽപര്യമുള്ളവർക്ക് അതിന് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നു ടി.പി.സെൻകുമാർ പറയുന്നു. കാര്യമായ പഠനം നടത്തി നൽകുന്ന നിർദ്ദേശങ്ങൾ സ്വാഗതാർഹമാണ്. പൊലീസിന്റെ നടപടികളിൽ ഉണ്ടാകേണ്ട നിർദ്ദേശങ്ങളും പരിഗണിച്ച് കൂടുതൽ നല്ല രീതിയിൽ പൊലീസിന്റെ കാര്യങ്ങൾ കൊണ്ടു പോകുന്നതിനാണ് ഇത്തരം വേദി ഒരുക്കുന്നത്. എല്ലാവരും നല്ല രീതിയിൽ ഉപയോഗിക്കണമെന്നും തെറ്റായ രീതിയിൽ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പോസ്റ്റുകളെല്ലാം വായിക്കാൻ ആയില്ലെങ്കിലും കഴിയുന്നത്ര മെസേജുകൾക്ക് മറുപടി നൽകുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി ഉറപ്പു നൽകുന്നുണ്ട്. എല്ലാക്കാര്യങ്ങളും ഒന്നോ രണ്ടോ ദിവസം കൊണ്ടു  മാറില്ല. എന്നാൽ മാറ്റങ്ങളുടെ വേഗത കൂട്ടാൻ സാധിക്കും. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന ധാരണ തെറ്റാണ്. നല്ലതിലേക്കും നന്മയിലേക്കുമുള്ള മാറ്റങ്ങളിലൂടെ കൂട്ടായി നമുക്ക് മുന്നേറാമെന്നും ഡിജിപി പറയുന്നു.

വിവിധ ജില്ലാ കളക്ടർമാർ, വകുപ്പുകൾ എന്നിവയ്‌ക്കെല്ലാം ഇപ്പോൾ തന്നെ ഫേസ്‌ബുക്ക് പേജുകൾ ഉണ്ട്. അവയിൽ പലതും പേരിനു മാത്രമാണെന്ന ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ, നിരവധി മികച്ച നിർദ്ദേശങ്ങൾ നൽകിയ പൊലീസ് മേധാവിയുടെ ഫേസ്‌ബുക്ക് പേജ് പ്രയോജനകരമാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. 

Official Address of State Police Chief

Kerala State Police Chief speaks...

Posted by State Police Chief Kerala on Monday, 22 June 2015