ദുബായ്: യുഎഇയിൽ എനർജി ഡ്രിങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് രാജ്യം. പതിനെട്ട് വയസിനു താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കാൻ പാടില്ല എന്ന് യുഎഇ ഭരണകൂടം നേരത്തെ തന്നെ നിയമം കൊണ്ട് വന്നിരുന്നു.

എന്നാൽ പല വ്യാപാര സ്ഥാപനങ്ങളും ഈ നിയമം പാലിക്കുന്നില്ല. കുട്ടികൾക്ക് ഊർജപാനീയങ്ങൾ വിതരണംചെയ്യുന്ന കച്ചവടക്കാർക്ക് ഒരു ലക്ഷം ദിർഹംവരെ പിഴചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഊർജപാനീയങ്ങൾ വിൽക്കുന്നത് രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇവയുടെ ബോട്ടിലുകൾ കടകളിൽ പ്രത്യേക അറകളിൽ സൂക്ഷിക്കണമെന്നും കുട്ടികളും ഗർഭിണികളും ഇവ കുടിക്കുന്നതിനെതിരെ മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്നും നിയമമുണ്ട്. നിയമം ഉറപ്പുവരുത്താൻ മന്ത്രാലയഉദ്യോഗസ്ഥർ കടകളിൽ മിന്നൽപരിശോധന നടത്തുമെന്നും ഹാഷിം അൽ നുഐമി പറഞ്ഞു.